ഓട്ടോ ഡ്രൈവർ ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ കേരളത്തിൽനിന്നല്ല| Fact Check

സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ദിവസേന ലഹരിയുടെ വാർത്ത വന്നുകൊണ്ടിരിക്കെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ വഴിയരികിൽ വാഹനം നിർത്തി സ്വന്തം കയ്യിലേക്ക് സിറിഞ്ച് കുത്തുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിൽ പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
https://www.facebook.com/jineshep.jineshep/videos/926164426359127/?rdid=ds3CcsrCRBm9mSJz#
എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചുവപ്പുനിറത്തിലുള്ള ഇലക്ട്രിക് റിക്ഷയാണ് ദൃശ്യത്തിലുള്ളതെന്നു വ്യക്തമായി. ഇത് കേരളത്തിൽ സാധാരണയായി കാണാറില്ല. പിന്നീട് നടത്തിയ റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ സമാന വീഡിയോ ഗീതാകുമാരി എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഈ വീഡിയോയിൽ ഇത് ഡൽഹിയിൽ നടന്ന സംഭവമാണെന്ന് പറയുന്നുണ്ട്. യൂട്യൂബ് വീഡിയോയിൽ പകുതി മുതലുള്ള ഭാഗത്ത് എത്തുമ്പോൾ വാഹനങ്ങളുടെ മുൻവശവും മറ്റും നേരെ വിപരീത ദിശയിലാകുന്നുണ്ട്. ഇതിൽനിന്നു വൈറൽ വീഡിയോയും യൂട്യൂബ് വീഡിയോയുടെ ആദ്യ ഭാഗവും മിറേഡ് ആണെന്ന് വ്യക്തമായി. വീഡിയോ ചുവടെ കാണാം.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ കീവേഡ് സെർച്ചിലൂടെ സമാനമായ വീഡിയോ ഉൾപ്പെടുന്ന ഒരു റീൽസ് ജാൽകോ ഡൽഹി എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. 'ഡഹിയിലെ തെരുവുകളിൽ ലഹരിമരുന്ന് കുത്തിവയ്ക്കുന്ന ഇ-റിക്ഷാ ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു' എന്ന തലക്കെട്ടോടെയാണ് 2025 ഡിസംബർ 13-ന് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റ് ചുവടെ കാണാം.
ജാൽകോ ഡൽഹിയുടെ എക്‌സ് പേജിലും സമാനമായ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വ്യക്തതയുള്ള ഈ പതിപ്പിൽനിന്നു ദൃശ്യത്തിൽ കാണുന്ന വാഹനത്തിന് 'DL' എന്ന് തുടങ്ങുന്ന ഡൽഹി രജിസ്‌ട്രേഷൻ നമ്പരാണെന്ന് വ്യക്തമായി. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഇ-റിക്ഷകൾ കേരളത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല എന്നതിനാൽ തന്നെ വീഡിയോ കേരളത്തിൽ നിന്നുള്ളതല്ലെന്ന് ഉറപ്പിക്കാനായി. നമ്പർപ്ലേറ്റ് ഉൾപ്പെടുന്ന വീഡിയോ സ്‌ക്രീൻഷോട്ട് ചുവടെ കാണാം.
വൈറൽ വീഡിയോയിലുള്ള വ്യക്തി ലഹരിമരുന്ന് ഉപയോഗിക്കുകയാണോ അതോ എന്തെങ്കിലും അസുഖത്തിനുള്ള മരുന്ന് സ്വയം കുത്തിവയ്ക്കുന്നതാണോ എന്ന കാര്യം ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച റിപ്പോർട്ടുകളും ലഭ്യമല്ല. ഡൽഹിയിലെ ഇ-റിക്ഷ ഡ്രൈവർമാർ ലഹരിമരുന്ന് ഉപയോഗിക്കുന്ന വീഡിയോകൾ നേരത്തെയും പുറത്തുവന്നിരുന്നു. ഇത്തരമൊരു വീഡിയോയെ കുറിച്ച് സീ ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വായിക്കാം.
ലഭ്യമായ വിവരങ്ങളിൽനിന്ന് റിക്ഷ ഡ്രൈവർ ഇഞ്ചക്ഷൻ കുത്തിവയ്ക്കുന്ന വീഡിയോ കേരളത്തിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി.
വാസ്തവം
വൈറൽ വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല. കഴിഞ്ഞ ഒരു മാസമായി പ്രചരിക്കുന്ന ഈ വീഡിയോ ഡൽഹിയിൽനിന്നു പകർത്തിയതാണ്.
(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടൂഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: This video is being circulated in the form of openly using drugs in Kerala