കുഞ്ഞാലിക്കുട്ടിയെയും ഭാര്യയെയും ഇ.ഡി. ചോദ്യം ചെയ്‌തെന്ന പ്രചാരണം വ്യാജം | Fact Check

#ഷിബിന വാസുദേവൻ / ഫാക്ട് ചെക്ക് ഡെസ്‌ക്ക്
.
.

മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ പി കെ. കുഞ്ഞാലിക്കുട്ടിയെയും ഭാര്യയെയും അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപെട്ട് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തുവെന്ന ആരോപണത്തോടെ ഒരു സന്ദേശം വാട്സ് ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിച്ച് നിരവധി പേർ മാതൃഭൂമി ഫാക്ട് ചെക്കിന്റെ ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. എന്നാൽ, പരിശോധനയിൽ ഈ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി.

വസ്തുതാ പരിശോധനയ്ക്കായി വാട്‌സ് ആപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട്

അന്വേഷണം

കേരള രാഷ്ട്രീയത്തിലെ പ്രമുഖനായ നേതാവ് എന്ന നിലയ്ക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു സംഭവം നടന്നിരുന്നെങ്കിൽ അത് ഏറെ വാർത്താ പ്രാധാന്യം നേടേണ്ടതാണ്. എന്നാൽ അത്തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല.

2021 സെപ്തംബറിൽ കുഞ്ഞാലിക്കുട്ടിയെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ, കേരള ഹൈക്കോടതി നിർദേശപ്രകാരം ഇ.ഡിയെടുത്ത കേസിലായിരുന്നു ഇത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി നിർദേശം. ചന്ദ്രിക ദിനപത്രത്തിന്റെ പഞ്ചാബ് നാഷണൽ ബാങ്ക് എറണാകുളം മാർക്കറ്റ് റോഡ് ശാഖയിലെ അക്കൗണ്ടിൽ,  2016 നവംബർ 15-ന് 10 കോടി രൂപ നിക്ഷേപിച്ചതായും ഇതിന്റെ ഉറവിടം വ്യക്തമല്ലെന്നും ബിനാമി ഇടപാടാണെന്നുമായിരുന്നു ഹർജിയിലെ ആരോപണം.

അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടിയുടെ മൊഴി ഇ.ഡി. എടുത്തിരുന്നു. പണത്തിന്റെ ഉറവിടം, വിനിയോഗം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് തേടിയത്.

https://english.mathrubhumi.com/news/kerala/kerala-1.6007405 

https://www.newindianexpress.com/states/kerala/2019/Nov/16/implead-ed-in-case-against-kunju-says-hc-2062317.html?utm_source=chatgpt.com 

ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നത് കുഞ്ഞാലിക്കുട്ടിയെയും ഭാര്യയെയും ഇ.ഡി. ചോദ്യം ചെയ്തു എന്നാണ്. എന്നാൽ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല, ഈ പ്രചാരണം വ്യാജമാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഓഫീസും പ്രതികരിച്ചിട്ടുണ്ട്. 

വാസ്തവം

പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.  ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2021 സെപ്റ്റംബറിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തിരുന്നു. അതല്ലാതെ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നപോലെ കുഞ്ഞാലിക്കുട്ടിയേയും ഭാര്യയേയും അനധികൃത സ്വന്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യം ചെയ്തതിട്ടില്ല.

Content Highlights: It is said that Kunhalikutty and his wife were questioned by the ED, but no such incident took place