ഡി.ജി.പിയുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം | Fact Check

#ഷിബിന വാസുദേവൻ /ഫാക്ട് ചെക്ക് ഡെസ്‌ക്ക്
.
.

കേരള ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP) ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ ചിത്രം ഉൾപ്പെടുന്ന ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലഹരിക്കെതിരെയുള്ള പരാതികൾ അറിയിക്കുന്നതിനായി  ബന്ധപ്പെടൂ... എന്ന തരത്തിൽ  ഫോൺ നമ്പർ സഹിതമാണ് ചിത്രം പ്രചരിക്കുന്നത്.  ഇതിന്റെ വാസ്തവം അന്വേഷിച്ച് നിരവധി പേർ മാതൃഭൂമി ഫാക്ട് ചെക്കിന്റെ ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. എന്നാൽ, പരിശോധനയിൽ ഈ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി.

വസ്തുതാ പരിശോധനയ്ക്കായി വാട്സ്ആപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട്

ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ജനങ്ങൾക്ക് മടിക്കാതെ നേരിട്ട് ഡി.ജി.പിയോട് പരാതിപ്പെടാം എന്നാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. പരാതി അറിയിക്കുന്നതിനായി ഒരു ലാൻഡ് ലൈൻ നമ്പറും  മൊബൈൽ നമ്പറും ഇതിൽ നൽകിയിട്ടുണ്ട്. ഫോൺകോളായോ വാട്‌സ്ആപ്പ് വഴിയോ പരാതികൾ അറിയിക്കാമെന്നും സന്ദേശത്തിൽ പറയുന്നു. 

സന്ദേശത്തിൽ നൽകിയിരിക്കുന്ന നമ്പറുകൾ പരിശോധിച്ചു, ഡി.ജി.പിയുടെ ഔദ്യോഗിക ലാൻറ് ലൈൻ നമ്പറാണ് ഇതിലൊന്ന് എന്ന് കേരള പോലീസിൻറെ സൈറ്റ് പരിശോധിച്ചതിൽനിന്നു വ്യക്തമായി. സംസ്ഥാന പോലീസ് വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്റെ നമ്പറിൽ ഇത്തരത്തിൽ നേരിട്ട് പരാതി സ്വീകരിക്കുന്നു എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ഇല്ല. പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ അറിയുന്നതിനായി കേരള പോലീസ് ഇൻഫോർമേഷൻ സെന്ററുമായി ബന്ധപ്പെട്ടു. ഡി.ജി.പിയുടെ പേരിൽ നടക്കുന്ന ഈ പ്രചാരണം വ്യാജമാണെന്ന്  അവർ വ്യക്തമാക്കി.

കേരള പോലീസ് വെബ്‌സൈറ്റിൽ നിന്നുള്ള സ്‌ക്രീൻഷോട്ട്

അതേസമയം, ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് പരാതി/ വിവരം നൽകുന്നതിനായി കേരള പോലീസിന് 'യോദ്ധാവ്' എന്ന പേരിൽ പ്രത്യേക  പദ്ധതിയുണ്ട്. ലഹരിമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ  2022 ൽ ആണിത് ആരംഭിച്ചത്.  ഈ പദ്ധതിയുടെ ഭാഗമായി, ലഹരിമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനായി 9995966666 എന്ന നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. ലഹരിവിൽപ്പയും ഉപയോഗവും സംബന്ധിച്ച ഫോട്ടോ, വീഡിയോ, വോയ്‌സ് ഉൾപ്പടെയുള്ളവ ഈ നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യാവുന്നതാണ്.

https://newspaper.mathrubhumi.com/news/kerala/police-to-implement-yodhav-programme-to-prevent-usage-and-distribution-of-drugs-1.7855288 

കേരള പോലീസ് ഔദ്യേഗിക വാട്‌സ്ആപ്പ് ചാനലിൽ പങ്കിട്ട പോസ്റ്റർ

https://www.facebook.com/photo?fbid=1195908718566064&set=a.533415988148677
https://whatsapp.com/channel/0029VaGkRxoD8SE0GjvKQn2s

Content Highlights: The image circulated along with phone number that says "Contact us to complaints against drug abuse