മുഖ്യമന്ത്രിയാകാനില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞതായുള്ള കാർഡ് വ്യാജം | Fact Check

#Published by IndiaToday . Edited by Mathrubhumi
.
.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാവുകയാണ്. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞുവെന്ന തരത്തിൽ ഒരു വാർത്താ കാർഡ്  സമൂഹമാധ്യമങ്ങളിൽ  പ്രചരിക്കുന്നുണ്ട്. കെ. സുരേന്ദ്രന്റെ ചിത്രവും മാതൃഭൂമി ന്യൂസിന്റെ ലോഗോയുമാണ്  പ്രചരിക്കുന്ന കാർഡിൽ ഉള്ളത് . 

ഫേസ്ബുക്ക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്

എന്നാൽ, പ്രചരിക്കുന്ന വാർത്താ കാർഡ് വ്യാജമാണ്.

അന്വേഷണം

വൈറൽ കാർഡ് സൂക്ഷ്മമായി പരിശോധിച്ചാൽ ഇതിൽ 2023 ഫെബ്രുവരി 21 എന്ന തിയ്യതിയാണ് ഉള്ളതെന്ന് കാണാം. കൂടാതെ വാർത്താ കാർഡിൽ കെ. സുരേന്ദ്രന്റെ ചിത്രം കട്ട് ചെയ്ത് വച്ചിരിക്കുന്നതാണെന്നും വ്യക്തമാണ്. കാർഡിലെ തിയ്യതി അനുസരിച്ച് കീവേഡ് സെർച്ച് നടത്തിയെങ്കിലും ഇത്തരമൊരു പ്രസ്താവന സുരേന്ദ്രൻ നടത്തിയിട്ടില്ല. 

2023 ഫെബ്രുവരി 21-ന് മാതൃഭൂമി ന്യൂസിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു കാർഡ് പോസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനില്ല എന്ന കോൺഗ്രസ്  നേതാവ് കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടുള്ളതാണ് ഈ കാർഡ്. കാർഡിലുള്ള  കെ.സി. വേണുഗോപാലിന്റെ ചിത്രം കട്ട് ചെയ്ത് അവിടെ കെ.  സുരേന്ദ്രന്റെ ചിത്രവും പേരും കൂട്ടിച്ചേർത്താണ് വൈറൽ കാർഡ് നിർമ്മിച്ചതെന്ന് വ്യക്തമായി.  


Mathrubhumi News | മുഖ്യന്ത്രിയാകാനില്ല എന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ #kcvenugopal #congress #udf #mathrubhuminews | Instagram

'മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനായി കേരളത്തിലേയ്ക്കില്ല - കെ.സി വേണുഗോപാൽ' എന്ന തലക്കെട്ടോടെ മാതൃഭൂമി ന്യൂസ് 2023 ഫെബ്രുവരി 21-ന് പങ്കുവച്ച റിപ്പോർട്ടിൽ കെ.സി. വേണുഗോപാലിന്റെ ഇന്റർവ്യൂ വീഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിലെ ചുമതലകൾ മാറ്റിവച്ച് കെ.സി. വേണുഗോപാൽ കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് കേരളത്തിൽ കഴിവുള്ള നേതൃത്വമുണ്ടെന്നും തന്റെ പേര് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നുമാണ് വേണുഗോപാൽ പറയുന്നത്.

വാസ്തവം

വൈറൽ കാർഡ് വ്യാജമാണ്. 2023-ൽ കെ.സി. വേണുഗോപാലിന്റെ ചിത്രവും പ്രസ്താവനയും ഉൾപ്പെടുത്തി മാതൃഭൂമി ന്യൂസ് പ്രസിദ്ധീകരിച്ച വാർത്താ കാർഡ് എഡിറ്റ് ചെയ്താണ് വൈറൽ കാർഡ് നിർമ്മിച്ചിരിക്കുന്നത്

(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)

Content Highlights: The circulating news card features K. Surendran's picture and the Mathrubhumi News logo