മാതൃഭൂമിയുടെ പേരിൽ പ്രചരിക്കുന്ന ഈ കാർഡ് വ്യാജം | Fact Check

രാജ്യസഭാ സീറ്റുകൾ വീതംവെച്ചതിൽ എൽ.ഡി.എഫ്. ന്യൂനപക്ഷ പ്രീണനം നടത്തിയെന്ന എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണം വിവാദമായിരുന്നു. നവോത്ഥാന മൂല്യസംരക്ഷണ സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് മുജാഹിദ് നേതാവ് ഡോ. ഹുസൈൻ മടവൂർ സമിതി വൈസ് ചെയർമാൻ സ്ഥാനവും രാജിവെച്ചു. വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരെ പല സംഘടനാ നേതാക്കളും രംഗത്തുവന്നിരുന്നു.
എന്നാൽ ഇപ്പോൾ, വെള്ളാപ്പള്ളി നടേശൻ നായർ സമുദായത്തിനെതിരായി പരാമർശം നടത്തി എന്ന തരത്തിൽ മാതൃഭൂമിയുടെ പേരിൽ ഒരു വ്യാജ വാർത്താ കാർഡ് പ്രചരിക്കുന്നുണ്ട്.
'' 22 അംഗ കേരള കാബിനറ്റിൽ 10 പേരും നായന്മാർ, 20 ലോക്‌സഭാ എംപിമാരിൽ 7 പേരും നായന്മാർ. ജനസംഖ്യയുടെ 11% മാത്രം വരുന്ന നായന്മാർക്ക് കേരളത്തെ തീറെഴുതിക്കൊടുത്തോ? - വെള്ളാപ്പള്ളി'' എന്നാണ് പ്രചരിക്കുന്ന കാർഡിലെ ഉള്ളടക്കം
'നായന്മാരെക്കുറിച്ച് പറയുമ്പോൾ വെള്ളാപ്പള്ളിക്ക് കണക്ക് പറയാനുണ്ട്.
മുസ്ലീംകളെക്കുറിച്ച് പറയുമ്പോൾ ഒരു കണക്കും വേണ്ട.
കാബിനറ്റിൽ രണ്ട് മുസ്ലിംകളെയുള്ളൂ,
എംപിമാരിൽ മൂന്ന് മുസ്ലിംകൾ മാത്രം.
എന്നിട്ടും മുസ്ലിംകൾ വാരിക്കൊണ്ട് പോകുന്നു എന്ന പരാതി ബാക്കിയാണ്...' എന്ന കുറിപ്പോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വ്യാജ കാർഡ് നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്.
https://www.facebook.com/photo/?fbid=7508283145961033&set=a.266187843503969
പ്രചരിക്കുന്ന വ്യാജ വാർത്താ കാർഡിൽ 17.06.2024 എന്ന തിയതിയും മാതൃഭൂമിയുടെ ലോഗോയും കാണാം. അന്നേ ദിവസം വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോം ഒരു വാർത്താ കാർഡ് പ്രസിദ്ധീകരിച്ചിരുന്നു. ഇടതു, വലതു മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരിൽ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും തലകുനിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ യോഗനാഥത്തിൽ മുഖപ്രസംഗം എഴുതിയിരുന്നു. ഇത് സംബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ച വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു വാർത്താ കാർഡ്.
'ന്യൂനപക്ഷ ഭീഷണിക്ക് വഴങ്ങില്ല, രക്തസാക്ഷിയാകാനും തയ്യാർ എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയാണ് ഈ കാർഡിൽ നൽകിയിരിക്കുന്നത്. ഇത് എഡിറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
മാതൃഭൂമി പ്രസിദ്ധീകരിച്ച യഥാർത്ഥ വാർത്താ കാർഡ്
മാതൃഭൂമിയുടെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണ്.
Content Highlights: A fake news card, Vellapally's comment on Nairs, is circulating in the name of Mathrubhumi