പന്ന്യന്റെ മകൻ പിണറായിയെ തള്ളി രാഹുൽ ഗാന്ധിയെ പുകഴ്ത്തിയെന്ന പ്രചാരണം വ്യാജം | Fact Check

#ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൂടുതൽ ചൂട് പകർന്നുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി - പിണറായി വിജയൻ വാക്‌പോര് ആരംഭിച്ചത്. പിറകെ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും പിണറായിയെ വിമർശിച്ചു രംഗത്തുവന്നു. ഇതിന് ശേഷമായിരുന്നു രാഹുലിനെതിരെ വിവാദ പരാമർശവുമായി പി.വി. അൻവർ എം.എൽ.എ. എത്തിയത്.  ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്നതിനിടെ സി.പി.ഐ. നേതാവും തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പന്ന്യൻ രവീന്ദ്രന്റെ മകൻ പിണറായി വിജയനെ തള്ളി രാഹുൽ ഗന്ധിയെ പിന്തുണച്ചു എന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹ മാധ്യമത്തിൽ പ്രചരിക്കാൻ തുടങ്ങി. ഇതിലെ വാസ്തവമെന്തെന്ന്  പരിശോധിക്കുന്നു.

അന്വേഷണം

പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യനെക്കുറിച്ചാണ് പ്രചാരണങ്ങളിൽ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ പന്ന്യൻ രവീന്ദ്രൻ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുക കൂടി ചെയ്യുന്ന സാഹചര്യത്തിൽ രൂപേഷ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയാൽ അത് വലിയ വാർത്തയാകേണ്ടതാണ്. എന്നാൽ അത്തരത്തിലുള്ള വാർത്തകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

അതേസമയം, 2019-ൽ രൂപേഷ് പന്ന്യൻ രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ചെയ്തിരുന്നു. അന്ന് ഇത് ഏറെ വിവാദങ്ങൾക്കും വഴിവച്ചു. തുടർന്ന് അദ്ദേഹം ആ പോസ്റ്റ് പിൻവലിക്കുകയുണ്ടായി. 

വിഷയവുമായി ബന്ധപ്പെട്ട് മാതൃഭൂമി അന്ന് പ്രസിദ്ധീകരിച്ച വാർത്ത - https://englisharchives.mathrubhumi.com/election/2019/loksabha-election/kerala/cpi-leader-pannian-raveendran-s-son-hails-rahul-gandhi-1.3753707 

അന്നത്തെ എഫ്.ബി. പോസ്റ്റുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മാധ്യമ വാർത്തയാണ് പ്രചരിക്കുന്ന പോസ്റ്ററിന്റെ അടിഭാഗത്തായി രേഖപ്പെടുത്തിയിരിക്കുന്നത്. 

ഇപ്പോൾ നടക്കുന്ന പ്രചാരണവുമായി ബന്ധപ്പെട്ട് രൂപേഷ് പന്ന്യന്റെ പ്രതികരണം തേടി. പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്ന കാര്യം തീർത്തും വ്യാജമാണെന്ന് രൂപേഷ് വ്യക്തമാക്കി. വർഷങ്ങൾക്ക് മുൻപ് താൻ പിൻവലിച്ച എഫ്.ബി പോസ്റ്റിലെ കാര്യങ്ങളാണ് ഇപ്പോഴത്തേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ പോസ്റ്റിൽ രാഹുൽ എന്ന വ്യക്തിയെക്കുറിച്ച് തനിക്ക് അന്നുണ്ടായിരുന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നും പിന്നീട് അത് പിൻവലിച്ചതായും രൂപേഷ് പറഞ്ഞു. 

വാസ്തവം

പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ പിണറായി വിജയനെ തള്ളി രാഹുൽ ഗാന്ധിയെ പുകഴ്ത്തി എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്.  രൂപേഷ് 2019-ൽ പിൻവലിച്ച എഫ്.ബി. പോസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോഴത്തേത് എന്നതരത്തിൽ പ്രചരിപ്പിക്കുന്നത്.

Content Highlights: The campaign that Pannyan's son rejected Pinarayi and praised Rahul Gandhi is false | Fact Check