കരിമ്പിൻ ജ്യൂസിൽ മായം! പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവമറിയാം | Fact Check

കരിമ്പ് ജ്യൂസിൽ മായം ചേർത്തുവെന്ന് ആരോപിച്ച് കച്ചവടക്കാരനെ ഒരാൾ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'ഫുഡ് ജിഹാദ്' എന്ന വർഗീയ പരാമർശത്തോടെയാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. ‘പ്രചരിക്കുന്ന വീഡിയോയിലെ വ്യക്തി ഗർഭനിരോധന ഗുളികകളുടെ പൊടി ചേർത്ത കരിമ്പുകൊണ്ട് ജ്യൂസ് ഉണ്ടാക്കി ഹിന്ദുക്കൾക്ക് മാത്രം നൽകുന്നെന്നും ഇത് ശ്രദ്ധയിൽപ്പെട്ട ഒരാൾ വിൽപ്പനക്കാരനാട് ആ ജ്യൂസ് കുടിക്കാൻ ആവശ്യപ്പെടുകയും അയാൾ അതിന് വിസമ്മതിച്ചപ്പോൾ മർദിച്ചു’ എന്ന വിവരണമാണ് വീഡിയോക്ക് നൽകിയിരിക്കുന്നത്.
ഇതിന്റെ യാഥാർത്ഥ്യം അന്വേഷിച്ച് പലരും മാതൃഭൂമി ന്യൂസിന്റെ ടിപ് ലൈനുമായി ബന്ധപ്പെട്ടു. ഞങ്ങൾ നടത്തിയ പരിശോധനയിൽ വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്നാണെന്ന് കണ്ടെത്തി.
അന്വേഷണം
വഴിയോരക്കച്ചവടക്കാരൻ ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കരിമ്പിൽ എന്തോ പൊടി ചേർക്കുന്നതായി വീഡിയോയിൽ കാണാം. ജ്യൂസ് വാങ്ങിക്കാനെത്തിയ വ്യക്തി ഇത് ചോദ്യം ചെയ്യുകയും കച്ചവടക്കാരനെ മർദിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. വൈറൽ വീഡിയോയിലെ ദൃശ്യങ്ങൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, ഇതിന്റെ യഥാർത്ഥ വീഡിയോ “Ruhul vlog” എന്ന ബംഗ്ലാദേശി ഫേസ്ബുക്ക് പേജിൽ 2026 സെപ്റ്റംബർ 24-ന് അപ്ലോഡ് ചെയ്തതായി കണ്ടെത്തി. വീഡിയോയുടെ അവസാനഭാഗത്ത്, ഇത് ഭക്ഷ്യ ഗുണനിലവാരവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ബോധവൽക്കരണം സൃഷ്ടിക്കാൻ വേണ്ടി ചിത്രീകരിച്ച സ്ക്രിപ്റ്റഡ് വീഡിയോ ആണെന്നും ഇത്തരം സാമൂഹിക വിഷയങ്ങളിൽ തങ്ങൾ നിരന്തരം വീഡിയോകൾ ചെയ്യാറുണ്ടെന്നും റുഹുൽ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഈ വിശദീകരണം എഡിറ്റ് ചെയ്ത് മാറ്റിയാണ് ഇപ്പോൾ തെറ്റായി പ്രചരിപ്പിക്കുന്നത്. മാത്രമല്ല, റുഹുലിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ വൈറൽ ദൃശ്യങ്ങളിൽ കാണുന്ന അതേ വ്യക്തികൾ തന്നെ മറ്റ് പല വീഡിയോകളിലുമുള്ളതായി കണ്ടു.
ഗുണനിലവാരമില്ലാത്തത ഭക്ഷണ സാധനങ്ങൾക്കെതിരെ ചെയ്ത ബോധവൽക്കരണ വീഡിയോയിൽ നിന്നുള്ള രംഗങ്ങളെടുത്താണ് വർഗീയ പരാമർശത്തോടെ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.
വാസ്തവം
'ഫുഡ് ജിഹാദ്' എന്ന പേരിൽ നടക്കുന്ന ഈ പ്രചാരണം വ്യാജമാണ്. ഈ ദൃശ്യങ്ങൾ യഥാർത്ഥ സംഭവത്തിൻറേതല്ല, മറിച്ച് ഭക്ഷണ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ മുഹമ്മദ് റുഹുൽ എന്ന ബംഗ്ലാദേശ് കണ്ടൻറ് ക്രിയേറ്റർ നിർമ്മിച്ച സ്ക്രിപ്റ്റഡ് വീഡിയോയാണ്.
Content Highlights: A viral video claiming sugarcane juice is adulterated with contraceptive pills is fake., The video originated from Bangladesh creator Ruhul Vlog and was uploaded on September 24, 2026., It is a scripted awareness video about food quality, not a real incident., Communal claims like 'Food Jihad' are being falsely attached to the edited footage.