സ്പേസ്-എക്സ് റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങുന്ന ദൃശ്യങ്ങളോ ഇത്? | Fact Check

സ്പെയ്‌സ് എക്‌സ് 2025-ൽ വിക്ഷേപിച്ച ഫാൽക്കൺ-9 റോക്കറ്റിന്‍റെ ഭാഗം (അഞ്ചുനില കെട്ടിടത്തിന്റെ ഉയരവും ഏകദേശം 4,000 കിലോഗ്രാം ഭാരവും) കഴിഞ്ഞ ദിവസം ചന്ദ്രനിൽ ഇടിച്ചിറങ്ങിയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഏകദേശം 18-20 മീറ്റർ വ്യാസമുള്ള പുതിയ ഗർത്തം രൂപപ്പെട്ടിരിക്കാമെന്നും വലിയതോതിൽ ചാന്ദ്രധൂളികൾ ഉയർന്നിരിക്കാമെന്നുമാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ എന്ന വാദത്തോടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ പ്രചരിക്കുന്ന ദൃശ്യം യഥാർത്ഥമല്ലെന്ന് കണ്ടെത്തി.
അന്വേഷണം
പ്രൈം ന്യൂസ് കേരള എന്ന ഫേസ്ബുക്ക് പേജിൽ ‘ചന്ദ്രനിൽ ഇടിച്ചിറങ്ങി സ്‌പേസ് എക്സ് റോക്കറ്റ്’ എന്ന തലക്കെട്ടോടെയാണ് 26 സെക്കൻ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റോക്കറ്റിന്‍റെ ഭാഗങ്ങൾ ചന്ദ്രോപരിതലത്തിൽ പതിക്കുന്നതിന്‍റെ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു. അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ നാസയുടെ ഔദ്യോഗിക വൈബ്സൈറ്റിലോ, സമൂഹമാധ്യമപേജുകളിലോ പങ്കുവച്ചിട്ടില്ലെന്ന് കണ്ടെത്തി. അതേസമയം, ഫാൽക്കണിന്‍റെ ഭാഗം ഇടിച്ചിറങ്ങിയതിന് ശേഷമുള്ള സാറ്റലൈറ്റ് ചിത്രം ഉൾപ്പെടുത്തിയ വാർത്ത റോയിറ്റേഴ്സ് നൽകിയിട്ടുണ്ട്.
തുടർന്ന് പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീ ഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഇതേ വീഡിയോ 2026 ഓഗസ്റ്റ് 6-ന് ഇലോൺ മസ്ക് ഔദ്യോഗിക എക്സ് ആക്കൗണ്ടിൽ പങ്കുവച്ചതായി കണ്ടെത്തി, പ്രചാരണം വ്യാജമാണെന്ന വിവരണത്തോടെ ആയിരുന്നു ഇത്. ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത് വാല്യുടെയ്ൻമെന്‍റെ (Valuetainment) എന്ന എക്സ് അക്കൗണ്ടിലാണെന്നു കണ്ടെത്തി. വീഡിയോയ്‌ക്കൊപ്പം നൽകിയ വിവരണത്തിൽ ഇത് എഐ നിർമ്മിത ദൃശ്യങ്ങളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
— Elon Musk (@elonmusk) August 6, 2026
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്നത് എഐ നിർമ്മിത വീഡിയോ.
Content Highlights: A viral video claims to show a SpaceX Falcon 9 rocket crashing into the moon in 2026., Mathrubhumi Fact Check verified that NASA has released no such footage., Reverse image search confirmed the video was originally posted by Valuetainment and shared by Elon Musk as an AI-generated simulation.