അഖിലേഷ് യാദവിന് നേരെ ചെരുപ്പേറ് എന്ന പ്രചാരണം വ്യാജം | Fact Check

#Published by Fact Crescendo. Edited by Mathrubhumi
.
.

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ അധ്യക്ഷൻ അഖിലേഷ് യാദവിന് നേരെ ജനങ്ങൾ ചെരുപ്പ് എറിഞ്ഞെന്ന അവകാശവാദവുമായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവമുണ്ടായത് എന്നാണ് അവകാശവാദം. എന്നാൽ അന്വേഷണത്തിൽ, ഈ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. വാസ്തവമെന്തെന്ന് പരിശോധിക്കാം.

അഖിലേഷ് യാദവിനു ചെരുപ്പ് മഴ കൊണ്ടു ജനങ്ങളുടെ സ്വാഗതം 😀

Posted by സുദര്ശനം (sudharshanam) on Thursday, May 9, 2024

അന്വേഷണം 

പ്രചാരണ വാഹനത്തിനകത്ത് ഘടിപ്പിച്ച ലിഫ്റ്റിൽ അഖിലേഷ് യാദവ് വാഹനത്തിന് മുകളിലേക്കുവന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. അഖിലേഷിന് നേർക്ക് ആളുകൾ പുഷ്പഹാരം ഉൾപ്പടെയുള്ളവ വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം. എന്നാൽ, പൂക്കൾ മാത്രമല്ല അഖിലേഷിന് നേരെ ചെരുപ്പേറും നടന്നു എന്ന തരത്തിലാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. വീഡിയോയുടെ മുകളിൽ ഹിന്ദിയിൽ 'കനൌജിൽ നിന്ന് ലൈവ്' എന്ന് എഴുതിയിരിക്കുന്നത് കാണാം. അഖിലേഷ് യാദവ് മത്സരിക്കുന്ന ലോക്‌സഭാ മണ്ഡലമാണ് കനൌജ്.

യു.പിയിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മുൻമുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെതിരെ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ വലിയ വർത്തയാകേണ്ടതാണ്. പക്ഷെ, ഇത്തരമൊരു വാർത്ത എവിടെയും കണ്ടെത്തിയില്ല. വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. ദൃശ്യങ്ങൾ സൂം ചെയ്ത് നോക്കിയാൽ അഖിലേഷ് യാദവിന് നേരെ എറിയുന്നത് പൂമാലകളും പുഷ്പങ്ങളുമാണെന്നത് വ്യക്തമാകും. തുടർന്നുള്ള അന്വേഷണത്തിൽ, ഇത് 2024 ഏപ്രിൽ 27-ന് കനൌജിലെ റസൂലാബാദ് പ്രദേശത്ത് നടത്തിയ റാലിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ എന്നും സ്ഥിരീകരിച്ചു.

വാസ്തവം 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഖിലേഷ് യാദവിന് നേരെ ചെരുപ്പ് എറിഞ്ഞു എന്ന പ്രചരണം പൂർണമായും തെറ്റാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോയിൽ കാണുന്നത് ചെരുപ്പല്ല മറിച്ച് പൂമാലകളും പുഷ്പങ്ങളുമാണ്.

(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട് ക്രെസെൻഡോ  പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)

Content Highlights: Akhilesh Yadav greets the people on the lift installed inside the campaign vehicle | Fact Check