രമേശ് ചെന്നിത്തല മഹാകുംഭമേളയിൽ? വൈറൽ ചിത്രത്തിന്റെ സത്യമറിയാം | Fact Check

#Published by IndiaToday . Edited by Mathrubhumi
.
.

മഹാകുംഭമേളയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടുത്തിടെ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. വിശ്വാസികളെ ഉദ്ദേശിച്ചുള്ള പ്രസ്താവനയല്ലെന്ന് അദ്ദേഹം തിരുത്തുകയും ചെയ്തു. അതിനിടെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മഹാകുംഭമേളയിൽ പങ്കെടുക്കുന്നുവെന്ന വാദത്തോടെ ഒരു ചിത്രം  സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രമേശ് ചെന്നിത്തല കാവി നിറത്തിലുള്ള പട്ടുവസ്ത്രങ്ങൾ ധരിച്ച് തലപ്പാവും അണിഞ്ഞ് ഒരു ക്ഷേത്രത്തിലെ പടിക്കെട്ടിനു മുന്നിൽ നിൽക്കുന്നതാണ് ചിത്രത്തിൽ. ആരും അറിയാതെ രഹസ്യമായി ചെന്നിത്തല പ്രയാഗ്രാജിലെത്തി കുംഭമേളയിൽ പങ്കെടുത്തുവെന്നാണ് പോസ്റ്റുകളിൽ പറയുന്നത്. 
'ആരോരുമറിയാതെ പ്രയാഗ് രാജ് കുംഭമേളയിലെത്തി 
ത്രിവേണി പുണ്യസ്‌നാനം നടത്തിയ ഖാൻഗ്രാസ് നേതാവ് രമേശ് ചെന്നിത്തല ! 
മതേ'തറ'ഹിന്ദുവിന്റെ ഒരു ഗതികേട് ' എന്നാണ് പോസ്റ്റിലെ വിവരണം 

https://www.facebook.com/photo?fbid=1210417400520964&set=gm.984192876386328&idorvanity=185442329594724 

എന്നാൽ, പ്രചരിക്കുന്ന ചിത്രം മഹാകുംഭമേളയിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2024 ഓഗസ്റ്റിൽ രമേശ് ചെന്നിത്തല മഹാരാഷ്ട്രയിലെ നന്ദേഡ് ഗുരുദ്വാര സന്ദർശിച്ചപ്പോഴുള്ള ചിത്രമാണിത്. 

അന്വേഷണം

രമേശ് ചെന്നിത്തല പ്രയാഗ് രാജ് സന്ദർശിച്ചതായി റിപ്പോർട്ടുകളുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്.  ഇതുസംബന്ധിച്ച വാർത്തകളൊന്നും ലഭ്യമായില്ല. തുടർന്ന് വൈറൽ ചിത്രം റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ 2024 മുതൽ ഈ ചിത്രം പ്രചാരത്തിലുണ്ടെന്ന് വ്യക്തമായി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും ഈ ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. 
വിശദമായ പരിശോധനയിൽ മഹാരാഷ്ട്രയിലെ നന്ദേഡ് മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎ മോഹൻ റാവു ഹംബാർഡെ പങ്കുവച്ച ഒരു എക്സ് പോസ്റ്റ് ലഭ്യമായി. 

വൈറൽ ചിത്രത്തിലുള്ള വേഷത്തിൽ നിൽക്കുന്ന രമേശ് ചെന്നിത്തലയും മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പടോലെ ഉൾപ്പെടെയുള്ളവരെയും ചിത്രത്തിൽ കാണാം. 2024 ഓഗസ്റ്റ് 11-ന് പങ്കുവച്ച പോസ്റ്റിന്റെ വിവരണത്തിൽ പറയുന്നത് നന്ദേഡിലുള്ള സിഖ് ഗുരുദ്വാര സന്ദർശനമെന്നാണ്. 'മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള ബഹു. ശ്രീ രമേശ് ചെന്നിത്തല, സംസ്ഥാന പ്രസിഡന്റ് ബഹു. ശ്രീ നാനാ പടോലെയും മറ്റ് നേതാക്കളും ഇന്ന് 'തഖ്ത് സച്ച്ഖണ്ഡ് ശ്രീ ഹസൂർ അബ്ചൽനഗർ സാഹിബ് നന്ദേഡ്' സന്ദർശിച്ചു.' എന്ന് മറാഠിയിലുള്ള എക്‌സ് പോസ്റ്റ് ചുവടെ കാണാം. 

രമേശ് ചെന്നിത്തല, പിസിസി അധ്യക്ഷൻ നാനാ പടോലെ എന്നിവർക്കൊപ്പം നന്ദേഡ് ഗുരുദ്വാരയുടെ അകത്തും പുറത്തും നിൽക്കുന്ന വിവിധ ചിത്രങ്ങൾ മോഹൻ റാവു ഹംബാർഡെയുടെ എക്സ് പോസ്റ്റിലുണ്ട്. ഫോട്ടോയുടെ പശ്ചാത്തലവും നന്ദേഡ് ഗുരുദ്വാരയുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്തപ്പോഴും സമാനതകൾ ഉറപ്പിക്കാനായി.

ഫോട്ടോയെപ്പറ്റിയുള്ള വിശദ വിവരങ്ങൾക്കായി രമേശ് ചെന്നിത്തലയുടെ ഓഫിസുമായി ബന്ധപ്പെട്ടു. 'ഈ ചിത്രം പഴയതാണ്. 2024-ൽ അദ്ദേഹം മഹാരാഷ്ട്രയിലെ നന്ദേഡ് ഗുരുദ്വാര സന്ദർശിച്ച സമയത്ത് പകർത്തിയതാണ്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും ഈ ചിത്രം തെറ്റായ രീതിയിൽ പ്രചരിച്ചിരുന്നു. രമേശ് ചെന്നിത്തല ഇതുവരെ മഹാകുംഭമേള സന്ദർശിച്ചിട്ടില്ല. അത്തരത്തിലൊരു സന്ദർശനത്തെപ്പറ്റി ഇതുവരെ പദ്ധതിയിട്ടിട്ടുമില്ല ' ചെന്നിത്തലയുടെ ഓഫിസിൽനിന്ന് സ്ഥിരീകരിച്ചു.

അതേസമയം, രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഹരിപ്പാട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെത്തി കാവടിയെടുത്തതായി വാർത്തകളുണ്ട്. കാവി വസ്ത്രം ധരിക്കാതെ കാവടിയെടുത്തത് ആചാര ലംഘനമെന്ന രീതിയിൽ ചില റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കാവിയുടുത്ത് ചെന്നിത്തല കുംഭമേളയ്ക്ക് പോയെന്ന രീതിയിൽ സോഷ്യൽ പ്രചാരണം നടക്കുന്നത്. 
ലഭ്യമായ വിവരങ്ങളിൽനിന്ന് മഹാകുംഭമേളയിൽ പങ്കെടുക്കുന്ന രമേശ് ചെന്നിത്തലയുടെ ചിത്രം എന്ന രീതിയിൽ പ്രചരിക്കുന്നത് 2024-ൽ മഹാരാഷ്ട്രയിലെ നന്ദേഡ് ഗുരുദ്വാര സന്ദർശിച്ചപ്പോഴുള്ള ചിത്രമാണെന്ന് വ്യക്തമായി.

വാസ്തവം

വൈറൽ ചിത്രം മഹാകുംഭമേളയിൽ നിന്നുള്ളതല്ല. 2024 ഓഗസ്റ്റിൽ രമേശ് ചെന്നിത്തല മഹാരാഷ്ട്രയിലെ നന്ദേഡ് ഗുരുദ്വാര സന്ദർശിച്ചപ്പോൾ പകർത്തിയ ചിത്രമാണ്. 

( വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്) 

Content Highlights: Ramesh Chennithala standing in front of a temple, wearing saffron-colored silk clothes and a turban