രാഹുൽ ഗാന്ധിയുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്ത് വ്യാജപ്രചാരണം | Fact Check

ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ ആദ്യപ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരായ കടന്നാക്രമണമായിരുന്നു. വാർത്താ, സമൂഹ മാധ്യമങ്ങളിലെല്ലാം രാഹുലിന്റെ ഈ പ്രസംഗം വലിയ പ്രധാന്യവും നേടി. നോട്ടുനിരോധനം, വിലക്കയറ്റം, തൊഴിലില്ലായ്മ, മണിപ്പൂർ, അഗ്‌നിപഥ്, കർഷകസമരം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച രാഹുൽ ഒരു പടികൂടെ കടന്ന് ബി.ജെ.പിയുടെ 'ഹിന്ദുത്വ' പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്യുകയും ചെയ്തു. രാഹുൽ ഹിന്ദു സമൂഹത്തെ അവഹേളിച്ചു എന്ന് പ്രധാനമന്ത്രി ഉൾപ്പടെ ഭരണപക്ഷം ആരോപിച്ചു.
എന്നാൽ ഇപ്പോൾ, രാഹുലിന്റെ പ്രസംഗത്തിലെ ഏതാനും ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഹുൽ ഹിന്ദുക്കൾക്ക് എതിരായി സംസാരിച്ചു എന്ന തരത്തിലാണിത്. വസ്തുതാ പരിശോധനയ്ക്കായി മാതൃഭൂമി ഫാക്ട് ചെക്കിന് ലഭിച്ച വീഡിയോക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ് - ' മുഴുവൻ ഹിന്ദു സമൂഹത്തെയും ലോക്‌സഭയിൽ അക്രമികൾ എന്ന് വിളിച്ച് അധിക്ഷേപിച്ച് , അപമാനിച്ച് കോൺഗ്രസ് നേതാവ് രാഹുൽ... രാഹുലിന്റെ ഈ ഹിന്ദു അധിക്ഷേപത്തിന് എതിരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വരെ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു....കോൺഗ്രസ്ന് വോട്ട് കൊടുത്തവർക്ക് സമർപ്പിക്കുന്നു''
പല ഭാഷകളിലായി രാജ്യവ്യാപകമായി ഇതേ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ രാഹുലിന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്താണ് ഈ വിധം രാഷ്ട്രീയായുധമാക്കുന്നത് എന്നതാണ് വാസ്തവം.
ഈ പയ്യൻ നന്നാകുമെന്ന് തോന്നുന്നില്ലാ...... ഹിന്ദു സമൂഹത്തെ ലോക്സഭയിൽ അക്രമികൾ എന്ന് വിളിച്ച് അധിക്ഷേപിച്ച് , അപമാനിച്ച് കോൺഗ്രസ് നേതാവ് രാഹുൽ... രാഹുലിന്റെ ഈ ഹിന്ദു അധിക്ഷേപത്തിന് എതിരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വരെ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.... പ്രതിഷേധിക്കുക ...... പ്രതിരോധിക്കുക ......
Posted by B Krishna Kumar on Monday, July 1, 2024
सदन में राहुल गांधी द्वारा पूरे हिंदू समाज को हिंसक कहना बहुत गंभीर विषय है। - पीएम Narendra Modi जीसदन में राहुल गांधी द्वारा पूरे हिंदू समाज को हिंसक कहना बहुत गंभीर विषय है। - प्रधानमंत्री Narendra Modi जी
Posted by Rajkumar Chahar on Monday, July 1, 2024
ജൂലൈ ഒന്നിന് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പൂർണ വീഡിയോ പരിശോധിച്ചാൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാകും.
രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞത്
തുടക്കത്തിൽ തന്നെ രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തിക്കൊണ്ട് എതിർപക്ഷത്തുനിന്നും ഭാരത് മാതാകി ജയ്, ജയ് ശ്രീ റാം മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. ഭരണഘടന ഉയർത്തിപ്പിടിച്ച് 'ജയ് ഭരണഘടന' എന്ന് പറഞ്ഞാണ് രാഹുലതിനെ നേരിട്ടത്.
ഈ വീഡിയോയുടെ പത്തൊമ്പതാം മിനുറ്റ് കഴിഞ്ഞുള്ള പ്രസംഗഭാഗത്താണ് ഇപ്പോൾ വിവാദമാക്കുന്ന പരാമർശം ഉള്ളത്. എന്നാൽ ഇതിന് തൊട്ടു മുൻപായി രാഹുൽ പറഞ്ഞത് മനപ്പൂർവം വിട്ടുകളഞ്ഞു കൊണ്ടാണ് ഇതെന്ന് വീഡിയോ പരിശോധിച്ചാൽ മനസ്സിലാകും.
''ശിവഭഗവാൻ പറയുന്നു ഭയക്കരുത്, ഭയപ്പെടുത്തരുത്. അഭയമുദ്രയിലൂടെ തൃശൂലം മണ്ണിൽ ഉറപ്പിച്ച് നിർത്തിയതിലൂടെ അദ്ദേഹം അഹിംസയെക്കുറിച്ച് പറയുന്നു. എന്നാൽ സ്വയം ഹിന്ദുക്കളെന്ന് പറയുന്നവർ ഇരുപത്തിനാല് മണിക്കൂറും ഹിംസ, വെറുപ്പ്, അസത്യം എന്നിവ ചെയ്യുന്നു. നിങ്ങൾ ഹിന്ദുക്കളേ അല്ല. ഹിന്ദു ധർമ്മത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് സത്യത്തിനൊപ്പം നിൽക്കണം, സത്യത്തിൽനിന്ന് പിറകോട്ട് പോകരുത്. അഹിംസ നമ്മുടെ പ്രതീകമാണ്.'' എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.
രാഹുലിന്റെ പരാമർശത്തിനെതിരെ ഭരണപക്ഷ എം.പിമാർ ബഹളം വയ്ക്കുമ്പോൾ താൻ തൊടുത്ത അമ്പ് അവരുടെ നെഞ്ചിൽ കൊണ്ടതിനാലാണിത് എന്നാണ് രാഹുൽ പറയുന്നത്. തുടർന്ന് മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുതെന്ന് സ്പീക്കർ ഓം ബിർള രാഹുലിന് നിർദേശം നൽകി . ഉടൻ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുലിന്റെ പരാമർശത്തിനെതിരെ രംഗത്ത് വരുന്നു. മുഴുവൻ ഹിന്ദുസമൂഹത്തെയും ഹിംസകർ എന്ന് വിളിച്ചത് വലിയ വിഷയമാണ് എന്നാണ് മോദി പറഞ്ഞത്.
എന്നാൽ, നരേന്ദ്ര മോദിയോ ബി.ജെ.പിയോ ആർ.എസ്.എസോ അല്ല മുഴുവൻ ഹിന്ദു സമൂഹവും എന്നാണ് രാഹുൽ ഇതിന് നൽകിയ മറുപടി. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ഈ ഭാഗങ്ങൾ കോൺഗ്രസിന്റെ ൗദ്യോഗിക എക്‌സ് (നേരത്തെ ട്വിറ്റർ) അക്കൗണ്ടിലും പങ്കുവച്ചിട്ടുണ്ട്.
രാഹൂലിന്റെ പൂർണ പ്രസംഗ വീഡിയോയുടെ 31 മിനുറ്റ് 22 സെക്കൻറ് മുതൽ 32:20 വരെയുള്ള ഭാഗത്ത് രാഹുൽ സമാനമായ പരാമർശം വീണ്ടും നടത്തുന്നുണ്ട്. ഒരു ഹിന്ദു ഒരിക്കലും ഭയം വ്യാപിപ്പിക്കില്ല, ഹിംസയും വെറുപ്പും പടർത്തില്ല. ബി.ജെ.പി. ഇരുപത്തിനാല് മണിക്കൂറും വെറുപ്പും ഹിംസയും പടർത്തുന്നു എന്നാണ് രാഹുൽ പറയുന്നത്.
ഇതിൽനിന്നു രാഹുലിന്റെ പരാമർശം ഹിന്ദു സമൂഹത്തിന് എതിരെയായിരുന്നില്ലെന്ന് വ്യക്തമാകും. 'ഹിന്ദുക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന പലരും' എന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തിൽ ആദ്യം പറയുന്നത്. എന്നാൽ ഭരണപക്ഷത്തുനിന്ന് ഇതിനെ ഹിന്ദുക്കൾക്കെതിരാക്കി മാറ്റാനുള്ള ശ്രമം നടന്ന ഉടനെ രാഹുൽ ബി.ജെ.പിയെയും ആർ.എസ്.എസിനെയും പേരെടുത്ത് പറയുന്നുണ്ട്. മോദിയോ ബി.ജെ.പിയോ ആർ.എസ്.എസോ അല്ല മുഴുവൻ ഹിന്ദുസമൂഹമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
പ്രസംഗത്തിന്റെ പൂർണ വീഡിയോ പരിശോധിച്ചാൽ, രാഹുൽ ഹിന്ദുസമൂഹത്തെ അക്രമികളെന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്ന് വ്യക്തമാകും. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽനിന്ന് ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റായ വാദഗതികളോടെ പ്രചരിപ്പിക്കുകയാണ്.
Content Highlights: The political opponents used as a political weapon by quoting a part of Rahul's speech