വാർത്താ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി പൊട്ടിക്കരഞ്ഞോ? പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവമറിയാം

#ഫാക്ട് ചെക്ക് ഡെസ്ക്ക്

മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ രാഹുൽ ഗാന്ധി പൊട്ടിക്കരഞ്ഞു എന്ന വാദത്തോടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'ബിജെപി പുതുച്ചേരി' എന്ന എക്സ് അക്കൗണ്ടിലൂടെ 'ഇതൊരു തുടക്കം മാത്രം' എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് സമീപത്തായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, കെ.സി. വേണുഗോപാൽ, ജയ്റാം രമേശ് എന്നിവർ നിൽക്കുന്നതായി കാണാം. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

രാഹുൽഗാന്ധി സമീപകാലത്ത് നടത്തിയ എല്ല പത്രസമ്മേളനങ്ങളും പരിശോധിച്ചു. എന്നാൽ വികാരഭരിതനായി പൊട്ടികരയുന്ന തരത്തിലുള്ള ഒരു വീഡിയോയും കണ്ടെത്താനായില്ല. ഇത്തരത്തിലൊരു സംഭവം നടന്നിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായെനെ. അത്തരത്തിൽ വിശ്വസനീയമായ വാർത്ത റിപ്പോർട്ടുകളും ലഭ്യമല്ല. എന്നാൽ പ്രചരിക്കുന്ന വീഡിയോയാകട്ടെ ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങി സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ വൈറലാണ്.

ദൃശ്യങ്ങൾ പരിശോധിച്ചാൽ വീഡിയോയുടെ ആദ്യഭാഗത്ത് രാഹുൽ ഗാന്ധിയെ ആശ്വസിപ്പിക്കുന്നതിനിടെ സോണിയ ഗാന്ധി കൈ പിൻവലിയുമ്പോൾ അവരുടെ കൈ അപ്രത്യക്ഷമാകുന്നതായി കാണാം. വീഡിയോയുടെ അവസാനഭാഗത്ത് പ്രിയങ്ക ഗാന്ധി വേദിയിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ട്.

കൂടാതെ, ദൃശ്യങ്ങളിൽ രാഹുൽഗാന്ധിക്ക് മുൻപിലായി ചില ഓൺലൈൻ മാധ്യമങ്ങളുടെ മൈക്കുകൾ മാത്രമാണ് കാണുന്നത്. പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം നടത്തുമ്പോൾ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ അത് തീർച്ചയായും റിപ്പോർട്ട് ചെയ്യുമെന്നിരിക്കെ, ഇതിൽ വാർത്താ ചാനലുകളുടെ മൈക്കുകൾ ഇല്ലാത്തത് അസ്വാഭാവികമാണ്. ഇതിനുപുറമെ, ആളുകൾ നിൽക്കുന്നതിൻ്റെ പുറകിലായി ബ്ലാക്ക് ഗോൾഡ് എന്ന തമിഴ് സിനിമയുടെ പോസ്റ്റർ കാണാം.

വീഡിയോയിൽ നിന്നും കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ന്യൂസ് 18 തമിഴ്നാട് പ്രസിദ്ധീകരിച്ച ഒരു വീഡിയോ ലഭിച്ചു. ചലച്ചിത്ര നിർമ്മാതാവ് എം മൂർത്തി നടത്തിയ പ്രസ്മീറ്റിൻ്റെ വീഡിയോയാണിത്. ബ്ലാക്ക് ഗോൾഡ്' എന്ന ചലച്ചിത്രത്തിന്റെ നിർമ്മാണത്തിനായി താൻ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് മൂർത്തി പറയുന്നതാണ് ഈ വീഡിയോയിൽ. വൈറൽ വീഡിയോയിൽ രാഹുൽ ഗാന്ധിയുടെ അതേ ചലനങ്ങളാണു ഇതിൽ മൂർത്തിയുടേത് . വീഡിയോയുടെ വലതുവശത്ത് താഴെയായി 'എ.ഐ. ജനറേറ്റഡ് വീഡിയോ' (AI-generated video) എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

തമിഴ് സിനിമ നിർമ്മാതാവ് എം മൂർത്തിയുടെ വീഡിയോയിൽ ഡീപ്പ് ഫെെക്ക് ടെക്നോളജി ഉപയോഗിച്ച് രാഹുൽഗാന്ധിയുടെ മുഖം ചേർത്ത് നിർമ്മിച്ച വ്യാജവീഡിയോയാണ് പ്രചരിക്കുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായി

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതം.

Content Highlights: A viral video claimed Rahul Gandhi broke down crying during a press conference., Mathrubhumi Fact Check revealed the video is AI-generated and completely fake., The original footage features Tamil film producer M. Murthy speaking about financial struggles., Deepfake technology was used to replace the producer's face with Rahul Gandhi's face.