മിനി ബാറാക്കി സ്കൂൾ! വിദ്യാർത്ഥിനികളെക്കൊണ്ട് ക്ലാസിൽ നൃത്തം ചെയ്യിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യമറിയാം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

‘ബിഹാറിലെ സ്കൂളിൽ അധ്യാപകരുടെ മദ്യപാന പാർട്ടി’ എന്ന വാദത്തോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ക്ലാസിമുറിക്ക് അകത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നാലുപേർ മേശയ്ക്ക് മുന്നിലിരുന്ന് എന്തോ കുടിക്കുന്നതിന്‍റെയും ഇവർക്ക് സമീപത്തായി യൂണിഫോം ധരിച്ച വിദ്യാർത്ഥിനികൾ നൃത്തം ചെയ്യുന്നതുമാണ് ദൃശ്യങ്ങളിൽ. ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ച് പലരും മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടു. ഞങ്ങൾ നടത്തിയ പരിശോധനയിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

വസ്തുതാ പരിശോധനയ്ക്ക് ലഭിച്ച സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട്

വെറും പത്തൊൻപത് സെക്കൻറ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ സ്‌കൂൾ യൂണിഫോം ധരിച്ച ഏതാനും പെൺകുട്ടികൾ ക്ലാസ് മുറിയിൽ ചുവടുവെക്കുന്നതായി കാണാം. സമീപത്തായി നാലുപേർ ഇരുന്ന് ലഘു ഭക്ഷണങ്ങൾ കഴിക്കുകയും ഗ്ലാസിലുള്ള പാനീയം കുടിക്കുകയും ചെയ്യുന്നുണ്ട്. ഇവർക്ക് അഭിമുഖമായി പിലർ ബെഞ്ചുകളിൽ ഇരിക്കുന്നതായും ഒപ്പം മറ്റൊരാൾ അവിടെ നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതായും കാണാം.

‘ബോളിവുഡ് ഗാനത്തിനൊപ്പം കുട്ടികളെക്കൊണ്ട് ഡാൻസ് ചെയ്യിച്ചു, മദ്യപർക്ക് മുന്നിൽ ചുവടുവെപ്പിച്ചു’ തുടങ്ങിയ വാദങ്ങളോടെ ഇതേ വീഡിയോ പല ഭാഷകളിലുള്ള വിവരണങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.

ചില പോസ്റ്റുകളിൽ ദൃശ്യങ്ങളിൽ കാണുന്ന വ്യക്തി ആർജെഡി നേതാവ് ഡോ. സഞ്ജീവ് കുമാർ സിങ്‌ ആണെന്ന് രേഖപ്പെടുത്തിയതായി കണ്ടു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിൽ ഇതേ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. രാഷ്ട്രീയ എതിരാളികൾ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നു എന്നാണ് വിശദീകരണ കുറിപ്പിൽ സഞ്ജീവ് കുമാർ പറയുന്നത്. പട്നയിലെ ഒരു സ്കൂളിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ താൻ പങ്കെടുത്തെന്നും അതിൽ സ്ത്രീ ശാക്തീകരണം പ്രമേയമാക്കിയുള്ള ഗാനത്തിന് കുട്ടികൾ നൃത്തം ചെയ്തത് എഡിറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നുണ്ട്. മാത്രമല്ല, അധ്യാപകരുടെയും മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ താൻ വെള്ളം കുടിച്ചതിനെയാണ് മദ്യപാനമായി ചിത്രീകരിച്ച് വ്യാജ പ്രചാരണം നടത്തുന്നതെന്നും ഇതിനെതിരെ സൈബർ പോലീസിൽ പരാതി നൽകിയതായുമാണ് സെപ്തംബർ 10-ലെ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.

പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ പരിശോധിച്ചു, വൈറൽ വീഡിയോകളെക്കാളും കൂടുതൽ ക്ലാരിറ്റിയും ദൈർഘ്യവുമുള്ള വീഡിയോയാണിത്. ഇതിൽ വിദ്യാർത്ഥിനികൾ സിനിമാ പാട്ടിനൊത്തല്ല മറിച്ച്, കുട്ടികളുടെ സ്വപ്നങ്ങളെയും വിദ്യാഭ്യാസത്തെയും ശോഭനമായ ഭാവിയെയും കാണിക്കുന്ന "ഞാനൊരു മകളാണ്, ഞാനൊരു താരമാകും" എന്ന ഗാനത്തിനാണ് നൃത്തം ചെയ്യുന്നത്. ഇതിലെ പാട്ടിന് പകരം സിനിമാ ഗാനം എഡിറ്റ് ചെയ്തു ചേർത്താണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് എന്ന് വ്യക്തമായി. യഥാർത്ഥ ദൃശ്യങ്ങളിൽ, സ്കൂളിൽ നടന്ന ആ പരിപാടിയിൽ സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പടെ ഒട്ടേറെപ്പേർ പങ്കെടുത്തതായും കാണാം. മാത്രമല്ല, പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന സഞ്ജീവ് കുമാറിന് സംഘാടകർ നന്ദി പറയുന്നതിന്‍റെ ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്.

ബീഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് (MLC) നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പട്‌ന ടീച്ചർ മണ്ഡലത്തിൽ നിന്നുള്ള ആർ.ജെ.ഡി സ്ഥാനാർത്ഥിയാണ് സഞ്ജീവ് കുമാർ സിങ്‌. തനിക്കെതിരായ വ്യാജ പ്രചാരണത്തിന് പിന്നിൽ ബിജെപി നേതാവ് നവൽ കിഷോർ യാദവുൾപ്പടെയുള്ള ബിജെപി സ്ഥാനാർത്ഥികളാണെന്ന് സഞ്ജീവ് കുമാർ ആരോപിച്ചിട്ടുണ്ട്.

ബിഹാറിലെ പട്നയിലെ ഒരു സ്കൂളിൽ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ പെൺകുട്ടികളുടെ മുന്നേറ്റത്തെ പ്രകീത്തിച്ചുകൊണ്ടുള്ള നൃത്തം വിദ്യാർത്ഥിനികൾ അവതരിപ്പിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് സ്കൂളിൽ മദ്യാപാന സദസ്സ്, വിദ്യാർത്ഥിനികളെക്കൊണ്ട് ബോളിവുഡ് പാട്ടിന് നൃത്തം ചെയ്യിച്ചു തുടങ്ങിയ ആരോപണങ്ങളോടെ തെറ്റായി പ്രചരിപ്പിക്കുന്നത്.

Content Highlights: A viral video claimed teachers had a drinking party in a Bihar school., Investigation revealed the video was edited with a Bollywood song overlay., The original event was a cultural program focused on women's empowerment., RJD leader Dr. Sanjeev Kumar Singh clarified the video and filed a police complaint.