അർജുൻ ആയങ്കിക്ക് ഒപ്പം പി. ജയരാജൻ! പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതം | Fact Check

#ഷിബിന വാസുദേവൻ

പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയവെ ആഭ്യന്തരമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ച സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയെ കഴിഞ്ഞ ദിവസം കണ്ണൂരിൽനിന്ന് പോലീസ് പിടികൂടിയിരുന്നു. നേരത്തെ ഡിവൈഎഫ്ഐ ഭാരവാഹിയായിരുന്ന അർജുനെ ക്രിമിനൽ കേസുകളിൽ പെട്ടതോടെ സംഘടയിൽനിന്ന് പുറത്താക്കിയിരുന്നു. എങ്കിലും പാർട്ടി അനുകൂല പോസ്റ്റുകൾ ഇയാൾ തുടർന്നും സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു.

സമൂഹമാധ്യമങ്ങളിലൂടെ ആയങ്കി നടത്തുന്ന പ്രതികരണങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ പഴയ സിപിഎം ബന്ധവും വീണ്ടും ചർച്ചയായി. ഇതിൽ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ രംഗത്തുവന്നു. ‘അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്നും 'ക്വട്ടേഷൻ സംഘത്തിന്റെ്റെ ഒരു പിന്തുണയും പാർട്ടിക്ക് ആവശ്യമില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാർട്ടിയിലെ തന്‍റെ പ്രവർത്തന പാരമ്പര്യം പറഞ്ഞായിരുന്നു ഇതിന് ആയങ്കിയുടെ മറുപടി.

ഇപ്പോഴിതാ സിപിഐഎം നേതാവ് പി. ജയരാജൻ അർജുൻ ആയങ്കിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്നൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. എന്നാൽ, ഈ ചിത്രത്തിൻ്റെ യാഥാർത്ഥ്യം മറ്റൊന്നാണെന്നതാണ് വാസ്തവം.

അന്വേഷണം

ഇടത്തെ കൈ അർജുന്‍റെ തോളത്ത് വെച്ചു നിൽക്കുന്ന ജയരാജനാണ് ചിത്രത്തിൽ. ഇതിൽ എല്ലാ കൈവിരലുകളും കാണാം. ചിത്രം ഡീപ്പ് ഫേക്കാവാം എന്ന സൂചന ഈ വിരലുകൾ നൽകുന്നുണ്ട്. കാരണം 27 വർഷം മുൻപ് ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ആ കയ്യിലെ പെരുവിരൽ അറ്റുപോയിരുന്നു.

1999-ലെ തിരുവോണ ദിവസമായിരുന്നു ആർ.എസ്.എസ്സുകാർ സി.പി.എം നേതാവ് പി ജയരാജനെ മാരകായുധങ്ങളുമായെത്തി െവട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. വീട്ടിൽ അതിക്രമിച്ചു കടന്ന സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം ജയരാജനെ ശരീരമാസകലം വെട്ടി. ഒമ്പത് പേരായിരുന്നു പ്രതികൾ, ഇതിൽ ആറുപേർ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണക്കോടതി ശിക്ഷിച്ചു. മൂന്നുപേരെ വെറുതേവിട്ടു. 2024-ൽ, കേസിൽ വിചാരണക്കോടതി ശിക്ഷിച്ച ആറ് ആർ.എസ്.എസ് പ്രവർത്തകരിൽ അഞ്ചുപേരെ ഹൈകോടതിയും വെറുതെവിട്ടു. അതേസമയം, രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും 10 വർഷത്തെ കഠിന തടവ് ഒരു വർഷത്തെ സാധാരണ തടവായി കുറച്ചു. പിന്നീട് കേസിൽ ഹൈക്കോടതി വെറുതേവിട്ട പ്രതികൾക്ക് വാറണ്ട് അയക്കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. പ്രതികളെ വെറുതേവിട്ടതിന് എതിരെ പി. ജയരാജൻ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

പി ജയരാജൻ്റെ മകൻ ജയിൻരാജ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം

ആ ആക്രമണത്തിൽ നഷ്ടപ്പെട്ട ഇടതുകയ്യിലെ പെരുവിരൽ വൈറൽ ചിത്രത്തിൽ കാണാൻ സാധിക്കും. മാത്രമല്ല, ചിത്രത്തിൽ ജയരാജൻ്റെ തലമുടി മുകൾ ഭാഗത്ത് അസ്വാഭാവികമായ മിനുസവുമുണ്ട്.

തുടർന്ന് നടത്തിയ പരിശോധനയിൽ വൈറൽ ചിത്രം വ്യാജമാണെന്ന് വ്യക്തമാക്കി പി. ജയരാജൻ തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചതായി കണ്ടു. ‘27 വർഷം മുൻപ് ഒരു തിരുവോണ നാളിൽ ആർ എസ് എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞതാണ് എന്റെ ഇടതു കൈയ്യിലെ പെരുവിരൽ. ഇപ്പോൾ ചിലർ AI സർജറിയിലൂടെ നഷ്ടപ്പെട്ട വിരൽ അടക്കം ചേർത്ത് തന്നിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി തുടങ്ങി’ എന്നാണ് പോസ്റ്റിൽ പറയുന്നത്. ഇതേ വിശദീകരണ പോസ്റ്റ് ഫേസ്ബുക്കിലും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്

തുടർന്ന് നടത്തിയ പരിശോധനയിൽ 2024 ഫെബ്രുവരി 8-ന് അർജുൻ ആയങ്കിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രചരിക്കുന്ന ചിത്രത്തിൽ കാണുന്ന അതേ വസ്ത്രത്തിൽ തനിച്ച് നിൽക്കുന്നൊരു ചിത്രം പങ്കുവച്ചതായി കണ്ടെത്തി. ഈ ചിത്രം ഉപയോഗിച്ചാകാം വൈറൽ ചിത്രം നിർമ്മിച്ചത്.

വാസ്തവം

ഈ പ്രചാരണം വ്യാജമാണ്. കാരണം വൈറൽ ചിത്രം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഡീപ്പ് ഫേക്കാണ്.

Content Highlights: A viral photo showing P. Jayarajan with his hand on Arjun Ayanki's shoulder is fake., The image was created using AI, restoring a thumb P. Jayarajan lost in a 1999 RSS attack., P. Jayarajan clarified on social media that the image is a deepfake and legal action has been initiated.