പത്രപ്പരസ്യം ഉപയോഗിച്ച് നടക്കുന്ന ഈ പ്രചാരണം വ്യാജം | Fact Check

.
.

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരായ പ്രതിഷേധവും ആരോപണ പ്രത്യാരോപണങ്ങളും തുടരുകയാണ്. ഇതിനിടെ ചോദ്യപേപ്പർ ചോർന്നതിലെ ഗുണഭോക്താക്കൾ ഒരു പ്രത്യേക വിഭാഗമാണ് എന്ന ആരോപണത്തോടെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കോട്ടക്കൽ യൂണിവേഴ്‌സൽ ഇൻസ്റ്റിററ്യൂട്ടിന്റെ പരസ്യം ഉപയോഗിച്ചാണ് ഉത്തരേന്ത്യയിലടക്കം വ്യാജപ്രചാരണം നടത്തുന്നത്. 

സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്‌സ് (നേരത്തെ ട്വിറ്റർ) എന്നിവയിലെല്ലാം ഇതേ ചിത്രം സമാന ആരോപണങ്ങളോടെ പലഭാഷകളിലായി പ്രചരിക്കുന്നുണ്ട്. 

नीट एंट्रेंस पेपर लीक सबसे पहले हजारीबाग के जिस स्कूल में हुआ उसके मालिक प्रिंसिपल वाइस प्रिंसिपल विशेष समुदाय के थे ...

Posted by सनातनी धर्म योद्धा on Thursday, July 4, 2024

ഇക്കഴിഞ്ഞ ജൂൺ ആറിന് മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം എഡിഷനിൽ പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ ചിത്രമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. കോട്ടക്കലിലെ യൂണിവേഴ്‌സൽ ഇൻസ്റ്റിററ്യൂട്ടിൽ പഠിച്ച് നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളുടെ ചിത്രങ്ങളാണിതിൽ. പരസ്യം പരിശോധിച്ചാൽ മുസ്ലീം മതസ്ഥരല്ലാത്ത വിദൃാർത്ഥികളും ഇതിൽ ഉൾപ്പെട്ടതായി കാണാം. 

യൂണിവേഴ്‌സൽ ഇൻസ്റ്റിററ്യൂട്ടിന്റെ പരസ്യം ഉപയോഗിച്ച് നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥാപനത്തിന്റെ അക്കാദമിക് ഡയറക്ടർ ക്യാപ്റ്റൻ ഡോ. അബ്ദുൾ ഹമീദ് പറഞ്ഞു. മികച്ച വിജയം നേടിയവരിൽ മുസ്ലീം ഇതര മതസ്ഥരായ വിദ്യാർത്ഥികളും  ഉണ്ട്. എന്നാലത് മറച്ച് വെച്ചുകൊണ്ട് നടക്കുന്ന വർഗീയ പ്രചാരണം ദൗർഭാഗ്യകരമാണെന്നും ഇതിനെതിരെ മലപ്പുറം എസ്.പിക്കും സൈബർ സെല്ലിലും പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. 

നീറ്റ് തട്ടിപ്പിൽ പ്രധാന പങ്ക് വഹിച്ചത് മുസ്ലീം മതസ്ഥരാണെന്ന ആരോപണം പ്രചരിക്കുന്ന പോസ്റ്റുകളിൽ ഉണ്ട്. എന്നാൽ, കേസന്വേഷണവുമായി ബന്ധപ്പെട്ട് നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം തട്ടിപ്പ് സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന അമൻ സിങ്ങിനെ സി.ബി.ഐ. ജാർഖണ്ഡിലെ ഹസാരിബാഗിൽനിന്ന് ജൂലൈ മൂന്നിന് പിടികൂടിയിരുന്നു. കേസിലെ നിർണായക അറസ്റ്റാണിതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയതായാണ് ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തത്. 

നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ്  മെയ് അഞ്ചിന് അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ഇടനില നിന്ന റോഷൻ കുമാർ, അവ്‌ധേഷ് കുമാർ, നാല് വിദ്യാർത്ഥികൾ, മൂന്ന് രക്ഷിതാക്കൾ എന്നിവർ ഉൾപ്പടെയാണിത്. ഇവർക്കൊപ്പം അറസ്റ്റിലായ സിക്കന്തർ യാദവേന്ദു എന്ന ആളാണ് വിദ്യാർത്ഥികളെ ഇടനിലക്കാർക്ക് അടുത്ത് എത്തിച്ചത്. ഇയാളുടെ ഡ്രൈവർ ബിട്ടുവും പിടിയിലായിട്ടുണ്ട്. 

നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് 21-ന് ഗുജറാത്തിലെ ഗോദ്രയിലുള്ള ജയ് ജൽറാം സ്‌കൂളിന്റെ പ്രിൻസിപ്പൾ പുരുഷോത്തം ശർമ അറസ്റ്റിലായി. ഇദ്ദേഹത്തോടൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന ജ്യോഗ്രഫി അധ്യാപകൻ തുഷാർ ഭട്ട്, ആരിഫ് വോറ എന്നിവരെ അന്വേഷണ സംഘം മെയ് 12-നാണ് പിടികൂടിയത്. പിടിയിലായ തുഷാറിന്റെ കൂട്ടാളി പരശുറാം റോയി (ഗുജറാത്തിലെ വഡോദരയിൽ വിദ്യാഭ്യാസ എമിഗ്രേഷൻ സ്ഥാപനം നടത്തുന്നു) 2023 ഗുജറാത്ത് പഞ്ചായത്ത് സർവ്വീസ് സെലക്ഷൻ ബോർഡ് ജൂനിയർ ക്ലർക്ക് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയ കേസിലും ഉൾപ്പെട്ടിട്ടുണ്ട്. ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽനിന്നും 'ആവശ്യക്കാരായ' വിദ്യാർത്ഥികളെ കണ്ടെത്താൻ പരശുറാമിനെ സഹായിച്ച വിഭോർ ആനന്ദ്, ഉമേശ്വർ പ്രദാസ് സിങ് എന്നിവർ മെയ് 20-നും അറസ്റ്റിലായി. 

നീറ്റ്  തട്ടിപ്പിൽ പിടിയിലായ സോൾവർ ഗ്യാങ്ങിന് ബിഹാർ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ വേരുകൾ ഉള്ളതായാണ് പോലീസ് കണ്ടെത്തിയത്. സംഘത്തലവനും നീറ്റ് തട്ടിപ്പിലെ ബുദ്ധികേന്ദ്രവുമെന്ന് അന്വേഷണ സംഘം കരുതുന്ന സഞ്ജിവ് കുമാർ മറ്റ് മത്സരപ്പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ കേസിലും ഉൾപ്പെട്ടിട്ടുണ്ട്. ഇയാളുടെ പ്രധാന സഹായി ബൽദേവ് കുമാറിനാണ് നീറ്റ് പരീക്ഷയുടെ ഉത്തരങ്ങളടങ്ങിയ കോപ്പിയുടെ പി.ഡി.എഫ് ലഭിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളിത് ഇടനിലക്കാരായ നിതിഷ് കുമാർ, അമിത് ആനന്ദ് എന്നിവർക്ക് കൈമാറുകയായിരുന്നു. ജൂൺ 21-ന് നിതീഷും അമിതും ഉൾപ്പടെ ആറു പേർ ജാർഖണ്ഡിലെ ദേവ്ഘറിൽനിന്നു പിടിയിലായി. 

തുടർന്ന് ജൂൺ 27-ന് പറ്റ്‌ന സ്വദേശികളായ മനിഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയും അറസ്റ്റ് ചെയ്തു. സി.ബി.ഐ. കേസന്വേഷണം ഏറ്റെടുത്ത ശേഷം നടന്ന ആദ്യ അറസ്റ്റായിരുന്നു ഇരുവരുടെതും. നീറ്റ് പരീക്ഷയുടെ തലേദിവസം രാത്രി വിദ്യാർത്ഥികളെ ചോദ്യോത്തരങ്ങൾ മനപ്പാഠമാക്കാൻ എത്തിച്ച പറ്റ്‌നയിലെ പ്ലേസ്‌കൂളും ബോയിസ് ഹോസ്റ്റലും വാടകയ്ക്ക് എടുത്തത് ഇവരാണ് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.    

കേസുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ ഭൂരിഭാഗവും ഇസ്ലാം മതസ്ഥരല്ല എന്ന് ലഭ്യമായ ഈ വിവരങ്ങളിൽനിന്നു മനസ്സിലാക്കാം. അതേസമയം, നീറ്റ് കേസിൽ ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലെ പ്രസിൻസിപ്പൾ ഡോ. എഹ്‌സാനുൾ ഹഖ്, വൈസ് പ്രിൻസിപ്പൾ ഇംതിയാസ് ആലം എന്നിവരെ സി.ബി.ഐ. ജൂൺ 28-ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊട്ടടുത്ത ദിവസം മുഹമ്മദ് ജമാലുദ്ദീൻ എന്ന  ഹിന്ദി മാധ്യമ പ്രവർത്തകനും പിടിയിലായി. ജൂൺ 23-ന് ലാത്തൂരിൽനിന്ന് സ്‌കൂൾ പ്രധാനാധ്യാപകൻ ജലീൽ ഖാൻ, അധ്യാപകനായ സന്തോഷ് ജാദവ് എന്നിവരും പിടിയിലായിട്ടുണ്ട്. ജൂൺ 30-ന് ഗുജറാത്തിലെ ജയ് ജലറാം സ്‌കൂൾ ചെയർമാൻ ദിക്ഷിത് പട്ടേലും പിടിയിലായിരുന്നു. 

നിലവിൽ ലഭ്യമായ വിവരം അനുസരിച്ച്, നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുജറാത്ത്, ബിഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നത്. 

Content Highlights: Widespread campaign in social media that the beneficiaries of the NEET leak are a special group