മോദി- അമിത് ഷാ പഴയകാല ചിത്രം എഐ നിർമ്മിതം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും പഴയകാല ചിത്രം എന്ന വാദത്തോടെ ഒരു ഫോട്ടോ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുവരുടെയും യൗവ്വനകാലത്ത് എടുത്ത ചിത്രമാണ് ഇതെന്ന് തോന്നിപ്പിക്കും. എന്നാൽ, ഈ ചിത്രം യഥാർത്ഥമല്ലെന്നതാണ് വാസ്തവം.

അന്വേഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തോളോടു തോൾ ചേർന്നു നിൽക്കുന്നതാണ് ചിത്രത്തിൽ. ഇതിൽ ഇരുവരും ഏറെ ചെറുപ്പമായി കാണാം, മോദിയുടെ താടിയും മുടിയുമൊന്നും നരച്ചിട്ടില്ല അമിത് ഷായ്ക്കാകട്ടെ നിറയെ തലമുടിയുമുണ്ട്. ഇരുവരുടെയും പഴയകാല പല ചിത്രങ്ങളും വാർത്താ, സമൂഹമാധ്യമങ്ങളിൽ ഇതിനകം വന്നിട്ടുണ്ടെങ്കിലും ഇക്കാലത്തിനിടയക്ക് ഇങ്ങനെയൊരു ഫോട്ടോ ആദ്യമായാണ് വരുന്നത്.

പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഇതിന്‍റെ തന്നെ ക്രോപ്പ് ചെയ്തതും അല്ലാതെയുമുള്ള വകഭേദങ്ങൾ പലരും പോസ്റ്റ് ചെയ്തതായി കണ്ടെത്തി. അതിൽ ഒരു പോസ്റ്റിൽ ചിത്രം എഐ നിർമ്മിതമാണെന്ന്‌ രേഖപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ചിത്രം യഥാർത്ഥമാണോ അതോ നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണോ എന്ന് ടൂൾസിന്‍റെ സഹായത്തോടെ പരിശോധിച്ചു.

ഗൂഗിളിന്‍റെ എഐ ടൂൾസ് ഉപയോഗിച്ച് നിർമ്മിക്കുന്ന കണ്ടൻറിൽ അദൃശ്യ വാട്ടർമാർക്കായ ‘സിന്തറ്റിക് ഐഡി’ ഉണ്ടാകും. ജെമിനി ടൂളുപയോഗിച്ച് ഈ ചിത്രം എഐ നിർമ്മിതമാണോ എന്ന് പരിശോധിച്ചു. ചിത്രം 100 ശതമാനവും ഡീപ്പ്ഫേക്കാണെന്ന ഫലമാണ് ലഭിച്ചത്. പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതമാണെന്ന് ഇതോടെ വ്യക്തമായി.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതം

Content Highlights: A viral photo claiming to show Narendra Modi and Amit Shah in their youth is circulating on social media., Reverse image search and AI detection tools confirmed the image is 100% artificial intelligence generated., Gemini tool analysis verified the deepfake nature of the image using SynthID detection.