‘ലോസ് ആഞ്ജലിസ് കാട്ടുതീക്ക് കാരണക്കാരനായ ആള്‍ അറസ്റ്റിൽ’ എന്ന പ്രചരണം വ്യാജം| Fact Check

ലോസ് ആഞ്ജലിസിൽ പടർന്ന കാട്ടുതീയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അതേസമയം, ഈ തീപ്പിടുത്തത്തിന് കാരണക്കാരനായ വ്യക്തി അറസ്റ്റിലായി എന്ന വാദത്തോടെ ഒരു വീഡിയോ ഇപ്പോൾ വൈറലാണ്.
https://x.com/mgnayak5/status/1879474368063127649?mx=2
‘ലോസ് ആഞ്ജലിസ് കാട്ടുതീക്ക് കാരണക്കാരനായ സി.ഇ.ഒ അറസ്റ്റിൽ’ എന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. വെസ്റ്റ്‌ലാൻഡ് ഡെവലപ്‌മെൻ്റ് സി.ഇ.ഒ റിച്ചാർഡ് ഗ്രേവ്‌സിനെയാണ് എഫ്‌ബിഐ അറസ്റ്റ് ചെയ്തത് എന്നാണ് അവകാശവാദം. പ്രചരിക്കുന്ന വീഡിയോയിൽ ലോസ് ആഞ്ജലിസ് തീപിടിത്തതിൻ്റെ യഥാർത്ഥ ദൃശ്യങ്ങളും ഉണ്ട്.
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് സ്ക്രീൻഷോട്ട് എടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തപ്പോൾ അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് 2023 ഏപ്രിൽ 14ന് പ്രസിദ്ധീകരിച്ച ഒരു വാർത്ത കണ്ടെത്തി. വൈറല്‍ വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് ഇതില്‍ വാർത്തയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇന്‍റലിജന്‍സ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോർത്തിയ 21കാരനായ നാഷണല്‍ ഗാർഡ്സ് അംഗം അറസ്റ്റിലെന്നാണ് വാർത്തയുടെ തലക്കെട്ട്.
യു.എസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണില്‍ നിന്നും അതീവരഹസ്യ രേഖകൾ ചോർത്തിയെന്ന കുറ്റത്തിന് എയർ നാഷണൽ ഗാർഡ് അംഗമായ ജാക്ക് ഡഗ്ലസ് ടെയ്‌ക്‌സീറയെന്ന 21 കാരനെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തതിനെക്കുറിച്ചാണ് ഈ റിപ്പോർട്ട്. വാർത്ത പ്രകാരം, മസാച്യുസെറ്റ്‌സിലെ ഓട്ടിസ് എയർ നാഷണൽ ഗാർഡ് ബേസിൽ
ഐടി സ്പെഷ്യലിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു ജാക്ക്. യുക്രെയ്‌ന്‍ റഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഉൾപ്പെടെയായിരുന്നു ജാക്ക് ചോർത്തി സമൂഹ മാധ്യമ ചാറ്റ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. വിചാരണക്കൊടുവില്‍ 2024 നവംബർ 12-ന് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ് ഇയാളെ 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു.
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന റിച്ചാർഡ് ഗ്രേവ്സ് എന്ന വ്യക്തിക്ക് ലോസ് ആഞ്ജലിസിലെ കാട്ടുതീയുമായി ബന്ധമുണ്ടെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചില്ല.ലോസ് ആഞ്ജലിസിൽ കാട്ടുതീയുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ ഇത്തരത്തിൽ എതേങ്കിലും അറസ്റ്റ് നടത്തിയിട്ടുണ്ടോ എന്നാണ് പിന്നീട് അന്വേഷിച്ചത്. എന്നാൽ അങ്ങനെയുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും കണ്ടെത്തിയില്ല. കൂടാതെ എഫ്.ബി.ഐ യുടെ അറസ്റ്റ് ഡാറ്റാ പരിശോധിച്ചപ്പോൾ കഴിഞ്ഞ മൂന്ന് മാസമായി ലോസ് ആഞ്ജലിസിൽ
ഏജൻസി ഒരു അറസ്റ്റും നടത്തിയിട്ടില്ലെന്ന് വ്യക്തമായി.ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന വീഡിയോ ലോസ് ആഞ്ജലിസിലേതല്ലെന്ന് വ്യക്തമായി.
https://cde.ucr.cjis.gov/LATEST/webapp/#/pages/explorer/crime/arrest
വാസ്തവം
ലോസ് ആഞ്ജലിസ് കാട്ടുതീക്ക് കാരണക്കാരനായ ആള്‍ അറസ്റ്റിലായെന്ന പ്രചാരണം വ്യാജം. യു.എസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്‍റഗണില്‍ നിന്ന് രഹസ്യ രേഖകള്‍ ചോർത്തിയ യുവാവിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്. 2023ലായിരുന്നു രേഖകള്‍ ചോർത്തി സമൂഹമാധ്യമ ചാറ്റ് ഗ്രൂപ്പില്‍ പങ്കുവച്ച ജാക്ക് ടെക്സേറയെ
രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്.
Content Highlights: Viral video falsely claims a CEO`s arrest for the Los Angeles wildfire.