KSRTC-യിലെ വിദ്യാർത്ഥി കൺസഷൻ സർക്കാർ 110 രൂപയാക്കി വർധിപ്പിച്ചോ? | Fact Check

കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ കാർഡുകളുടെ നിരക്ക് പത്തിൽനിന്ന് 110 രൂപയാക്കി വർധിപ്പിച്ചുവെന്ന തരത്തിൽ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നേരത്തെ ഈടാക്കിയിരുന്നതിൽനിന്നു 11 ശതമാനം വർധനയാണ് കെഎസ്ആർടിസി വരുത്തിയതെന്ന് ചില മുഖ്യധാരാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ നിരക്ക് വർധന അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയും രംഗത്തെത്തി. എന്നാൽ, ഈ പ്രചാരണത്തിൻ്റെ സത്യാവസ്ഥ മറ്റൊന്നാണെന്നതാണ് വാസ്തവം.
പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പേപ്പർ കൺസെഷൻ കാർഡുകൾ അനുവദിക്കുന്നതിന് 110 രൂപയായിരുന്നു നേരത്തെ ഈടാക്കിയിരുന്നത്. ഇതിൽ 100 രൂപ പ്രോസസിംഗ് ഫീസായും 10 രൂപ കാർഡിന്‍റെയും അനുബന്ധ സ്റ്റേഷനറി സാധനങ്ങളുടെ ചെലവിലേക്കുമായിരുന്നു. 2025-ൽ പേപ്പർ കാർഡുകൾക്ക് പകരം പുനരുപയോഗിക്കാവുന്ന ആർഎഫ്ഐഡി (RFID) സ്മാർട്ട് കാർഡുകൾ അവതരിപ്പിച്ചു. ഈ കാർഡ് സൗജന്യമായാണ് നൽകുന്നതെന്ന് മാത്രമല്ല; തുടർന്നുള്ള വർഷങ്ങളിലും ഇത് തന്നെ ഉപയോഗിക്കുകയും ചെയ്യാം. ഇതോടെ കാർഡിനും സ്റ്റേഷനറി ചാർജിനും നേരത്തെ ഈടാക്കിയിരുന്ന 10 രൂപ പൂർണമായും ഒഴിവാക്കി. അതായത് നേരത്തെ കുട്ടികളുടെ കൺസെഷനായി ഈടാക്കിയിരുന്ന 110 രൂപയിൽനിന്നു 100 രൂപയായി കുറയുകയാണ് ചെയ്തത്. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ഫീസ് വർധിപ്പിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസിയും വ്യക്തമാക്കിയിട്ടുണ്ട്.
തുടർന്ന് നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷൻ കാർഡുകൾക്ക് സ്റ്റേഷനറി ചാർജായ 10 രൂപയ്ക്ക് പുറമെ 100 രൂപ പ്രോസസിങ് ഫീ ഉൾപ്പെടുത്തി ആകെ 110 രൂപയാക്കിയത് 2017-ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നു കണ്ടെത്തി. ഇത് സംബന്ധിച്ച തീരുമാനം 2017-ലെ ഭരണസമിതി യോഗത്തിലാണ് എടുത്തത്. 2018-ലെ പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിൽ അന്നത്തെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നൽകിയ മറുപടിയിൽ, കൺസഷൻ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും എന്നാൽ കാർഡ് നൽകുന്നതിനുള്ള പ്രോസസിങ് ഫീസായി 100 രൂപ ഈടാക്കാൻ തീരുമാനിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി. വിദ്യാർത്ഥി കൺസഷൻ നിരക്കുമായി ബന്ധപ്പെട്ട് നിയമസഭയിൽ അന്നത്തെ തിരൂർ എംഎൽഎ സി. മമ്മൂട്ടി ഉന്നയിച്ച ചോദ്യവും അതിന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നൽകിയ മറുപടിയും താഴെ നൽകുന്നു : -
സി. മമ്മൂട്ടിയുടെ ചോദ്യം: “മുൻ സർക്കാരിൽനിന്ന് വ്യത്യസ്തമായി ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വിദ്യാർത്ഥികൾക്കായുള്ള കൺസഷൻ വിതരണത്തിനായി സ്വീകരിക്കുന്ന തുക സ്വമേധയാ വർദ്ധിപ്പിക്കുന്നതിന് കെ.എസ്.ആർ.ടി.സി.ക്ക് അധികാരമുണ്ടോ; ഉണ്ടെങ്കിൽ ടി അധികാരം സർക്കാർ നൽകിയതാണോ എന്ന് വ്യക്തമാക്കുമോ”
അന്നത്തെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നൽകിയ വിശദീകരണം: “ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കൺസഷൻ ടിക്കറ്റ് നിരക്കിൽ വർദ്ധന വരുത്തിയിട്ടില്ല. എന്നാൽ, പ്ലസ് ടു തലം വരെയുള്ള വിദ്യാർത്ഥികളിൽനിന്നും കാർഡ് ഒന്നിന് 10/- രൂപയും, പുറമെ ഒരു വിദ്യാർത്ഥിക്ക് ഒരു അദ്ധ്യയന വർഷത്തേയ്ക്ക് 100/- രൂപ ഒറ്റതവണ പ്രോസസിംഗ് ഫീസും ഈടാക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ ഭരണ സമിതി 67/393/2017 നമ്പർ അജണ്ട പ്രകാരം തീരുമാനിച്ചിട്ടുള്ളതാണ്.”
http://www.niyamasabha.org/codes/14kla/session_13/ans/u01881-041218-397000000000-13-14.pdf
2025-ൽ കെ.ബി. ഗണേഷ് കുമാർ ഗതാഗതമന്ത്രിയായിരിക്കെ വിദ്യാർത്ഥികൾക്ക് ആർഎഫ്‌ഐഡി (RFID) സ്മാർട്ട് കാർഡുകൾ അവതരിപ്പിച്ചു. ഇതോടെ, നേരത്തെ ഈടാക്കിയിരുന്ന 10 രൂപ സ്റ്റേഷനറി ചാർജ് ഒഴിവാക്കുകയും നിലവിൽ 100 രൂപ പ്രോസസിങ് ഫീ മാത്രം ഈടാക്കാനും ധാരണയായി. സ്മാർട്ട് കാർഡുകൾ നിലവിൽ വന്നതോടെ യഥാർത്ഥത്തിൽ കൺസഷൻ നിരക്ക് കുറയുകയാണ് ചെയ്തത്. മാത്രമല്ല, കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ കാർഡുകളുടെ നിരക്ക് 10-ൽനിന്ന് 110 രൂപയാക്കി വർധിപ്പിച്ചുവെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് കെഎസ്ആർടിസിയും വ്യക്തമാക്കിയിട്ടുണ്ട്.
http://www.niyamasabha.org/codes/14kla/session_13/ans/u01881-041218-397000000000-13-14.pdf
കൂടുതൽ വിവരങ്ങൾക്കായി കെഎസ്ആർടിസി കൺട്രോൾ റൂമുമായി ബന്ധപ്പെട്ടു. ഇത് വ്യാജപ്രചാരണമാണെന്നും, പ്ലസ്ടു വരെയുള്ളക്കുട്ടികളിൽ നിന്നും ഒരേ നിരക്കാണ് ഈടാക്കുന്നത്. മുൻപ് പേപ്പർ കാർഡ് ആയിരുന്നപ്പോൾ 100 രൂപ പ്രോസസിംഗ് ഫീസായും 10 രൂപ കാർഡിന്‍റെയും അനുബന്ധ സ്റ്റേഷനറി സാധനങ്ങളുടെ ചെലവിലേക്കുമായിരുന്നു എന്നാൽ ഡിജിറ്റൽ കാർഡ് വന്നതിന് ശേഷം ഇതിൽ നിന്ന് പ്രോസസിംഗ് ഫീസായ 10രൂപ കുറയുകയാണ് ചെയ്തത് എന്നും അദ്ദേഹം മാതൃഭൂമി ഫാക്ട് ചെക്കിനോട് പറഞ്ഞു.
Content Highlights: The claim that KSRTC increased student concession fees to 110 rupees is false., RFID smart cards introduced in 2025 eliminated the 10 rupee stationery charge., The 100 rupee processing fee was originally implemented in 2017., KSRTC clarified that concession costs have effectively decreased with the new system., Official Niyamasabha documents confirm the history of the fee structure.