സിവിൽ സർവീസ് പരീക്ഷയ്ക്കിടെ നടന്ന കോപ്പിയടിയുടെ ദൃശ്യങ്ങളോ ഇത്? | Fact Check

ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മത്സരപ്പരീക്ഷകളിലൊന്നാണ് സിവിൽ സർവീസ്. വൈവിധ്യമാർന്ന സിലിബസും വ്യത്യസ്ത ഘട്ടങ്ങളുമുള്ള ഈ പരീക്ഷയ്ക്കായി ഉദ്യോഗാർത്ഥികൾ നടത്തുന്നത് അതികഠിന പ്രയത്‌നമാണ്. എന്നാൽ, സിവിൽ സർവ്വീസ് പരീക്ഷയുമായി ബന്ധപ്പെടുത്തി ഒരു വ്യാജ പ്രചാരണം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്നുണ്ട്.
ഉത്തർ പ്രദേശ്, ബിഹാർ, ഝാർഖണ്ഡ് എന്നി സംസ്ഥാനങ്ങളിൽ നടന്ന പരീക്ഷയ്ക്കിടെ ഉദ്യോഗാർത്ഥികൾ കൂട്ട കോപ്പിയടി നടത്തിയെന്ന ആരോപണത്തോടെ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. പരീക്ഷാച്ചുമതലയുള്ള അധികൃതരുടെ സാന്നിധ്യത്തിൽ പരീക്ഷയ്ക്കിടെ ഗൈഡ് ഉപയോഗിച്ച് കോപ്പിയടിച്ചുവെന്നാണ് വാദം.
https://x.com/PrishaSargam/status/1902755296742941112
അന്വേഷണം
2 മിനുട്ടും 20സെക്കൻഡും ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിന്റെ ഓഡിയോ ശ്രദ്ധിച്ചാൽ, ഈ വീഡിയോ ഷൂട്ട് ചെയ്ത വ്യക്തി തന്നെ ഇത് ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നടക്കുന്ന എൽ.എൽ.ബി. പരീക്ഷയാണ് എന്ന് പറയുന്നത് വ്യക്തമായി കേൾക്കാം. വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഉൾകൊള്ളുന്ന ഒരു റിപ്പോർട്ട് കണ്ടെത്തി. ഇന്ത്യാ ടുഡേ 2024 മാർച്ച് 1-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടാണിത്.
'Students caught red-handed while cheating, video goes viral of this UP's EXAM' എന്നാണ് ഈ വാർത്തയുടെ തലക്കെട്ട്. ഉത്തർപ്രദേശിലെ ബാരാബങ്കിലുള്ള ഒരു കോളേജിൽ എൽ.എൽ.ബി. പരീക്ഷയ്ക്കിടെ വിദ്യാർത്ഥികൾ പരസ്യമായി കോപ്പിയടിച്ചെന്നും അധ്യാപകരുടെ സാന്നിധ്യത്തിലാണ് ഇത് നടന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
Students caught red-handed while cheating, video goes viral of this UP's exam - India Today
തുടർന്ന്, കീ വേർഡ് സെർച്ച് ചെയ്ത് പരിശോധിച്ചപ്പോൾ ഇതേ വിഷയവുമായി ബന്ധപ്പെട്ട് സീ ന്യൂസ്, ദൈനിക് ഭാസ്‌കർ എന്നീ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളും ലഭിച്ചു. 2024 ഫെബ്രുവരി 27-ന് സീ ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഉത്തർ പ്രദേശിലെ ബാരാബങ്കിയിലുള്ള സിറ്റി ലോ കോളേജിലാണ് വിദ്യാർത്ഥികൾ പഠന ഗൈഡുകൾ ഉപയോഗിച്ച് കോപ്പിയടിച്ചെന്ന് വ്യക്തമാകുന്നുണ്ട്.
''ബാരാബങ്കിയിൽ കോപ്പിയടി പിടികൂടി, പരീക്ഷ റദ്ദാക്കി: കോളേജിന് രണ്ട് ലക്ഷം രൂപ പിഴ'' എന്ന തലക്കെട്ടോടെ ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച വാർത്തയിൽ സിറ്റി കോളേജിൽ നടന്ന എൽ.എൽ.ബി. പരീക്ഷ റദ്ദാക്കിയതായി വ്യക്തമാകുന്നുണ്ട്.
ഡോ. റാം മനോഹർ ലോഹ്യ അവധ് സർവകലാശാലയുടെ കീഴിലാണ് എൽ.എൽ.ബി. പരീക്ഷകൾ നടത്തിയിരുന്നതെന്നും ഈ സംഭവം പുറത്തുവന്നതോടെ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. പ്രതിഭ ഗോയൽ ഒരു അന്വേഷണ സമിതി രൂപീകരിച്ചതായും റിപ്പോർട്ടിലുണ്ട്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് സിവിൽ സർവീസ് പരീക്ഷയുമായി ബന്ധമില്ലെന്ന് വ്യക്തമായി.
വാസ്തവം
സിവിൽ സർവ്വീസ് പരീക്ഷയ്ക്കിടെ ഉദ്യോഗാർത്ഥികൾ കൂട്ട കോപ്പിയടിച്ചു എന്ന പ്രചാരണം വ്യാജമാണ്. യു.പിയിലെ ബാരാബങ്കിയിലെ ഒരു ലോ കോളേജിൽ എൽ.എൽ.ബി. പരീക്ഷയിൽ വിദ്യാർത്ഥികൾ കോപ്പിയടിച്ചതിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. 2024 ഫെബ്രുവരിയിൽ ആയിരുന്നു ഈ സംഭവം.
Content Highlights: Students were copying using a guide during the exam in the presence of the exam authorities