തണ്ണിമത്തനിൽ മായം ചേർക്കുന്ന വീഡിയോയോ ഇത്? വാസ്തവം അറിയാം | Fact Check

വേനലിന്റെ മൂർധന്യാവസ്ഥയിൽ ചൂടിനെ പ്രതിരോധിക്കാൻ ശീതളപാനീയങ്ങളെ ഏവരും ആശ്രയിക്കും. ഇത്തരത്തിൽ വൻതോതിൽ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് തണ്ണിമത്തൻ. നാട്ടിൽ വ്യാപകമായി വിൽക്കപ്പെടുന്ന ഈ ഫലം കഴിക്കരുതെന്ന മുന്നറിയിപ്പോടെ ഒരു വീഡിയോ വാട്‌സ് ആപ്പിൽ പ്രചരിക്കുന്നുണ്ട്. ''ഫ്രൂട്‌സ് കടയിൽ കാണുന്ന തണ്ണിമത്തൻ വാങ്ങി നിങ്ങൾ വീട്ടിലേക്ക് പോകുമ്പോൾ ഒന്നോർക്കുക - നമ്മുടെ കുട്ടികൾക്ക് നമ്മുടെ കുടുംബത്തിന് നിങ്ങൾ വിഷം കൊടുത്ത് ഇഞ്ചിഞ്ചായി കൊല്ലുകയാണ്'' എന്ന വിവരണത്തോടെയാണിത്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം.
https://www.youtube.com/watch?v=rr1sRJZ_bTo
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയിലെ കീ-ഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ സമാന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്നു വ്യത്യസ്തമായി ഇതിൽ ഒരു വീഡിയോക്ക് കുറച്ചധികം ദൈർഘ്യമുള്ളതായി ശ്രദ്ധയിൽപ്പെട്ടു. 'സോഷ്യൽ മെസേജ്' എന്ന ചാനലിൽ 2024 ഏപ്രിൽ 29-നാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ഏഴു മിനുട്ട് 29 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ 28-ാമത്തെ സെക്കന്റിൽ ഇത് സ്‌ക്രിപ്റ്റഡാണെന്നും അവബോധത്തിനായി സൃഷ്ടിച്ചതാണെന്നുമുള്ള മുന്നറിയിപ്പ് സന്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പ്രചരിക്കുന്ന വീഡിയോ ഈ മുന്നറിയിപ്പ് ഇല്ലാതെയാണ് പങ്കിടുന്നത്.
'സോഷ്യൽ മെസേജ്' എന്ന ചാനൽ വിശദമായി പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന വീഡിയോയ്ക്ക് സമാനമായി തണ്ണിമത്തനിൽ മായം ചേർക്കുന്നതെന്ന തരത്തിൽ മറ്റു ചില ബോധവത്കരണ പോസ്റ്റുകളും ഇതിൽ പങ്കുവച്ചതായി കണ്ടു.
ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ പരിശോധിക്കുന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.
https://www.fssai.gov.in/cms/checkadulteration.php
തണ്ണിമത്തനിൽ മായം ചേർത്തിട്ടുണ്ടോ എന്ന് മനസിലാക്കാം എന്നത് സംബന്ധിച്ച്, എഫ്.എസ്.എസ്.എ.ഐ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ ചുവടെ നൽകുന്നു.
വാസ്തവം
ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബോധവത്കരണം ലക്ഷ്യമിട്ട് ഒരു യൂട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച വീഡിയോയാണിത്. ഇതിലുള്ള മുന്നറിയിപ്പ് സന്ദേശം ഒഴിവാക്കിയാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
Content Highlights: A video is circulating on WhatsApp warning against watermelon, widely sold fruit