ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിത ചുമട്ടുതൊഴിലാളിയുടെ ചിത്രമോ ഇത്? | Fact Check

തലച്ചുമടേറ്റി നൽക്കുന്ന ഒരു സ്ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിത ചുമട്ടുതൊഴിലാളിയുടെ ചിത്രം എന്ന അവകാശവാദത്തോടെ ആണിത്. ഭർത്താവിന്റെ മരണാനന്തരം മൂന്ന് മക്കളെ നോക്കാനായാണ് അവർ ഈ തൊഴിൽ സ്വീകരിച്ചതെന്നാണ് പോസ്റ്റിലെ അവകാശവാദം. സ്ത്രീയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ ഇതിൽ ഇല്ല.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളിയുടെ ചിത്രമല്ല പ്രചരിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി
അന്വേഷണം
ചിത്രത്തിൽ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ ഇല്ലാത്തതിനാൽ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് സംവിധാനമുപയോഗിച്ച് പരിശോധിച്ചു. ഇതോടെ ചില ബ്ലോഗുകളിലും സമൂഹമാധ്യമ അക്കൗണ്ടുകളിലുമെല്ലാം വിവിധ ഭാഷകളിൽ ഇതേ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. ഒരു ബ്ലോഗിൽ പങ്കുവെച്ച ലേഖനത്തിൽ ഇവരുടെ പേര് സന്ധ്യ മറാവിയാണെന്നും മധ്യപ്രദേശിലെ കട്ടി റെയിൽവേ സ്റ്റേഷനിലാണ് തൊഴിലെടുക്കുന്നതെന്നും വിവരങ്ങൾ നൽകിയതായി കണ്ടെത്തി.
ഈ സൂചനകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കൂടുതൽ ആധികാരികമായ റിപ്പോർട്ടുകൾ ലഭിച്ചു. ദൈനിക് ഭാസ്‌കർ എട്ടുവർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 2016-ൽ ഭർത്താവ് മരണമടഞ്ഞതിനെ തുടർന്നാണ് സന്ധ്യ ഈ തൊഴിലെടുത്ത് തുടങ്ങിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
https://www.bhaskar.com/news/MP-JBL-OMC-story-of-women-coolie-on-mothers-day-5597947-PHO.html
ഇതോടെ പ്രചരിക്കുന്ന സന്ദേശം ഭാഗികമായി ശരിയാണെന്ന് വ്യക്തമായി. അതേസമയം സന്ധ്യയാണ് രാജ്യത്തെ ആദ്യ വനിതാ ചുമട്ടുതൊഴിലാളി എന്ന അവകാശവാദം തെളിക്കാൻ ഈ വിവരങ്ങൾക്ക് സാധിച്ചില്ല. തുടർന്ന് നടത്തിയ കീവേഡ് പരിശോധനയിൽ ഇന്ത്യയിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളിയെന്ന തലക്കെട്ടിൽ റോയിറ്റേഴ്‌സ് ഫൗണ്ടേഷൻ തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി യൂട്യൂബിൽ കണ്ടെത്തി. 2013-ൽ പങ്കുവെച്ച വീഡിയോ രാജസ്ഥാനിലെ ജയ്പൂർ റെയിൽവേ സ്റ്റേഷനിലെ വനിതാ ചുമട്ടുതൊഴിലാളിയായ മഞ്ജു ദേവിയെക്കുറിച്ചാണ്.
ഇതോടെ ജയ്പൂരിലെ വനിതാ ചുമട്ടുതൊഴിലാളിയായ മഞ്ജു ദേവി പ്രചരിക്കുന്ന ചിത്രത്തിലുള്ള സന്ധ്യ മറാവിയെക്കാൾ നേരത്തെ ഈ തൊഴിലെടുത്തു തുടങ്ങിയിരുന്നതായി വ്യക്തമായി. NDTV മഞ്ജു ദേവിയെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്തയും കണ്ടെത്തി. 2013-ൽ, ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെ വിവിധ മാധ്യമങ്ങൾ മഞ്ജു ദേവി ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളിയാണ് എന്നതരത്തിൽ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട് .
https://indianexpress.com/article/india/meet-manju-devi-the-first-woman-porter-of-north-west-railways-in-jaipur/
അതേസമയം, മഞ്ജു ദേവിയ്ക്ക് മുൻപേ ഈരംഗത്ത് ജോലിയാരംഭിച്ച വനിതകളുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനും പരിമിതിയുണ്ട്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ജയ്പൂരിലെ മഞ്ജു ദേവിയാണ് രാജ്യത്തെ ആദ്യ റെയിൽവേ വനിതാ ചുമട്ടുതൊഴിലാളി. സന്ധ്യ മറാവി തൊഴിലെടുത്ത് തുടങ്ങിയത് 2016-ലാണെന്നും മഞ്ജു ദേവി ഇതിനുമുൻപുതന്നെ ഈ രംഗത്ത് സജീവമായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
വാസ്തവം
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ജയ്പൂരിലെ മഞ്ജു ദേവിയാണ് രാജ്യത്തെ ആദ്യ റെയിൽവേ വനിത ചുമട്ടുതൊഴിലാളി.
(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: The post claims that she took up this job to take care of her three children after husband's death