മൻമോഹൻ സിങ്ങിന്റെ മരണത്തിന് തൊട്ടുമുൻപുള്ള ചിത്രമോ ഇത്? | Fact Check

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. ആശുപത്രി കിടക്കയിൽനിന്നുള്ള ഈ ചിത്രം അദ്ദേഹത്തിന്റെ മരണത്തിന് തെട്ടുമുൻപുള്ളതാണെന്ന തരത്തിലാണ് പ്രചരിക്കുന്നത്.
ലിങ്ക് : https://x.com/VermarajuRaju/status/1872324201056776684
അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
പ്രചരിക്കുന്ന ഫോട്ടോയുടെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിൽ സമാനമായ ചിത്രമുൾക്കൊള്ളുന്നൊരു വാർത്ത ലഭിച്ചു. 2021 ഒക്ടോബറിൽ വെബ് ദുനിയ എന്ന ഓൺലൈൻ മാധ്യമമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൻമോഹൻ സിങ്ങിനെ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശിച്ചത് സംബന്ധിച്ചായിരുന്നു റിപ്പോർട്ട്.
വാർത്തയ്ക്കൊപ്പം നൽകിയിരിക്കുന്ന ചിത്രത്തിൽ മൻമോൻ സിങ്ങിന് സമീപം നൽക്കുന്ന കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യയെയും ഡോക്ടറെയും കാണാം.പ്രചരിക്കുന്ന ഫോട്ടോ ഇതുമായി താരതമ്യം ചെയ്തു. ചിത്രത്തിലുള്ള വ്യക്തികളും പശ്ചാത്തലവും ഒന്നുതന്നെയെന്ന് വ്യക്തമായി.
പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളെയും തുടർന്നായിരുന്നു ഡോ. മൻമോഹൻ സിങ്ങിനെ അന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചത്. ചികിത്സയിരിക്കെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അദ്ദേഹത്തെ സന്ദർശിക്കുകയും തന്റെ എക്‌സ് ഹാൻഡിലിൽ ഈ വിവരം പങ്കുവയ്ക്കുകയു ചെയ്തു. മാത്രമല്ല, ഈ സന്ദർശനത്തിൻറെ ചിത്രങ്ങളും പുറത്തുവന്നു. ആശുപത്രി സന്ദർശനവേളയിൽ മാണ്ഡവ്യക്കൊപ്പം ഫോട്ടോഗ്രാഫർ ഉണ്ടായത് രൂക്ഷവിമർശനത്തിനും കാരണമായിരുന്നു.
ലിങ്ക് - https://english.mathrubhumi.com/news/india/mansukh-mandaviya-1.6091835
വാസ്തവം
മൂന്ന് വർഷം മുൻപുള്ള ചിത്രമാണ് ഡോ. മൻമോഹൻ സിങ്ങിന്റെ മരണത്തിന് തൊട്ടുമുൻപത്തേത് എന്ന തരത്തിൽ പ്രചരിക്കുന്നത്. 2021-ൽ മൻമോഹൻ സിങ്ങിനെ ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചിരുന്നു. അന്ന് കേന്ദ്ര ആരോഗ്യമന്ത്രി അദ്ദേഹത്തെ സന്ദർശിച്ചപ്പോഴായിരുന്നു ഈ ചിത്രം പകർത്തിയത്.
Content Highlights: This picture from his hospital bed is being circulated as if it was taken just before his death