തിരുപ്പതി ദർശനത്തിന് പാലക്കാട് പോസ്റ്റോഫീസിൽനിന്ന് പ്രത്യേക പാസ്സോ? | Fact Check

#ഗാഥ ആനന്ദ് / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി അനവധി പേരാണ് വർഷം തോറും ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്. ഇക്കഴിഞ്ഞ ജനുവരി എട്ടിന് തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്  ആറു പേർക്ക് ജീവൻ നഷ്ടമായത് വലിയ വാർത്തയായിരുന്നു. ഈ ക്ഷേത്രവുമായി ബന്ധപ്പെടുത്തി ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ക്ഷേത്ര ദർശനം സുഗമമാക്കാൻ തിരുമല- തിരുപ്പതി ദേവസ്വം(TTD)  പുതിയ സേവനമാരംഭിച്ചു എന്ന വാദത്തോടെയാണിത്.

മാർച്ച് 17 മുതൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിൽനിന്ന് തിരുപ്പതി ക്ഷേത്ര ദർശനത്തിന് പ്രത്യേക പാസ് നൽകുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. സംസ്ഥാനത്ത് ഈ സേവനം ലഭ്യമാകുന്ന ഏക പോസ്റ്റ് ഓഫീസാണ് പാലക്കാട്ടേതെന്നും 300 രൂപ നിരക്കിലാണ് പ്രത്യേക പാസ് അനുവദിക്കുക എന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.

ഇതിലെ വാസ്തവം അന്വേഷിച്ച് ഒട്ടേറെ പേർ മാതൃഭൂമി ഫാക്ട്  ചെക്കിന്റെ ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. പരിശോധനയിൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.

വസ്തുതാ പരിശോധനയ്ക്കായി വാട്ട്സ് ആപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട്

തിരുപ്പതി ക്ഷേത്രദർശനത്തിനായി പല തരത്തിലുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, വിശ്വാസികൾ ക്യൂ നിന്ന് തങ്ങളുടെ ഊഴമനുസരിച്ച് ദർശനം ലഭിക്കുന്ന സർവദർശൻ. വേഗത്തിലുള്ള ദർശനം നൽകുന്ന സ്‌പെഷ്യൽ എൻട്രി ദർശൻ, ഗലി ഗോപുരം അല്ലെങ്കിൽ ശ്രീവരി മേട്ട് വഴി തിരുമലയിലേക്ക് കാൽനടയായി വരുന്നവർക്കായുള്ള ദിവ്യദർശൻ (for pedestrians), ശാരീരിക വൈകല്യമുള്ളവർക്കും പ്രായമായവർക്കുള്ള സ്‌പെഷ്യൽ ദർശൻ (for  Physically  Disabled and Aged)എന്നിവയാണ് ദർശത്തിനായി നിലവിലുള്ള സംവിധാനങ്ങൾ. 

സ്‌പെഷ്യൽ എൻട്രി ദർശനത്തിനായി, മുൻകൂറായി 300 രൂപ നിരക്കിൽ ഭക്തർക്ക് പ്രത്യേക എൻട്രി പാസ്സ് ബുക്ക്   ചെയ്യാവുന്നതാണ്. ഇന്റർനെറ്റ് ബുക്കിംഗ് (ttdevasthanams.ap.gov.in), ഇ-ദർശൻ കൗണ്ടറുകൾ, ഇന്ത്യൻ പോസ്റ്റ് ഓഫീസുകൾ എന്നിവ വഴിയാണ്  ദർശനത്തിനുള്ള മുൻകൂർ ബുക്കിംഗ് ലഭിക്കുക.

TTD-യുടെ വെബ്സൈറ്റിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് 

Tirumala Tirupati Devasthanams (Official Website)

2015 ജനുവരി 5-ന് ടി.ടി.ഡി. (തിരുമല തിരുപ്പതി ദേവസ്വം) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത കുറിപ്പിൽ  ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലുടനീളമുള്ള എല്ലാ ഹെഡ് പോസ്റ്റ് ഓഫീസുകളിലും 300 രൂപയുടെ സ്‌പെഷ്യൽ എൻട്രി ദർശന ടിക്കറ്റ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തതായി വ്യക്തമാകുന്നുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇതാരംഭിച്ചതായി ഇതിൽ എവിടെയും പരാമർശിച്ചിട്ടുമില്ല.

TTD EO LAUNCHES SPECIAL ENTRY DARSHAN TICKETS IN HEAD P.O. - TTD 

https://www.newindianexpress.com/states/andhra-pradesh/2015/Jan/08/dop-to-expand-rs-300-special-darshan-ticket-facility-at-tirupati-temple-703010.html#:~:text=HYDERABAD:%20Department%20of%20Post

പ്രചരിക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്നതുപോലെ കേരളത്തിൽനിന്നു സ്‌പെഷ്യൽ എൻട്രി പാസ്സ് അനുവദിക്കുന്നുണ്ടോ എന്ന് കീ വേർഡ് സർച്ച് ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും കണ്ടെത്താനായില്ല. തുടർന്ന്, പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടു. ഏതാനും വർഷങ്ങൾക്ക് മുൻപ് പോസ്റ്റ് ഓഫീസിൽ ഇങ്ങനെ ഒരു സേവനം ഉണ്ടായിരുന്നതായും നിലവിൽ ലഭ്യമല്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥ വ്യക്തമാക്കി. ദിവസവും നിരവധി പേർ ഇതേ വിവരം അന്വേഷിച്ചെത്തുന്നതായും അവർ പറഞ്ഞു. 

വാസ്തവം 

ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. നിലവിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിൽനിന്ന് തിരുപ്പതി ക്ഷേത്ര ദർശനത്തിനുള്ള പ്രത്യേക പാസ്സ് ലഭ്യമല്ല.

Content Highlights: The claim that the Tirumala-Tirupati Devaswom (TTD) has started service to facilitate temple visits