കോഴിക്കോട്ടും മലപ്പുറത്തും ഐസ് മഴയോ? വീഡിയോയുടെ വാസ്തവമറിയാം | Fact Check

സംസ്ഥാനത്ത് വേനൽമഴ ശക്തമാവുകയാണ് ഇതിനിടെ ചിലയിടങ്ങളിൽ ഐസ് മഴ പെയ്തു എന്ന വാദത്തോടെ ഒരു വീഡിയോ വാട്‌സ് ആപ്പിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒട്ടേറെ പേരാണ് ഇതിന്റെ വാസ്തവം അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടത്. ഒരേ വീഡിയോയാണ് ലഭിച്ചതെങ്കിലും ചില സന്ദേശങ്ങളിൽ പറയുന്നത് ഇത് കോഴിക്കോട്ടെ മുക്കത്തുനിന്നുള്ള ദൃശ്യങ്ങളാണെന്നാണ്. എന്നാൽ, മറ്റ് ചിലതിലെ അവകാശവാദം ഇത് മലപ്പുറത്തെ പാണ്ടിക്കാട്ടുനിന്നുള്ള വീഡിയോ ആണെന്നും. വിശദമായ പരിശോധനയിൽ ഈ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ലെന്ന് കണ്ടെത്തി.
വെറും അൻപത്തിയൊന്ന് സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒരു റോഡിന് സമീപത്തുനിന്ന് പകർത്തിയ ദൃശ്യങ്ങളിൽ ശക്തമായ ആലിപ്പഴ വീഴ്ച കാണാം. വഴിയരികിലായി നിർത്തിയിട്ട ഇരുചക്രവാഹനങ്ങളും അതിന് എതിർവശത്തായി ഓടുമേഞ്ഞ കടമുറികളുടെ നിരയും വീഡിയോയിലുണ്ട്. സമീപത്തായി ഏതാനും ഓട്ടോറിക്ഷകളും നിർത്തിയിട്ടിരിക്കുന്നു. വീഡിയോ പരിശോധിച്ചപ്പോൾ അതിലുള്ള ഇരുചക്രവാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കേരള രജിസ്‌ട്രേഷനല്ല മറിച്ച് കർണാടകയിൽ നിന്നുള്ളതാണെന്ന് കണ്ടു.
മുക്കത്തും പാണ്ടിക്കാട്ടും ആലിപ്പഴം പെയ്തിട്ടില്ല. മേൽപ്പറഞ്ഞ സൂചനയുടെ അടിസ്ഥാനത്തിൽ കീ വേർഡ് സർച്ച് ചെയ്തു. തുടർന്ന് ദക്ഷിണ കർണാടകയിലെ ബെൽത്താങ്കടി താലൂക്കിൽ ഇക്കഴിഞ്ഞ മെയ് 12-ന് ആലിപ്പഴം പൊഴിഞ്ഞതായുള്ള വാർത്തകൾ ലഭിച്ചു. റിപ്പോർട്ട് അനുസരിച്ച്, ധർമ്മസ്ഥല, മുണ്ഡജെ, കാക്കിഞ്ചെ, ഇന്ധബെട്ടു, നഡെ എന്നിവിടങ്ങളിലാണ് ആലിപ്പഴം വീണത്. എന്നാൽ, ലഭ്യമായ വാർത്തകളിലൊന്നും പ്രചരിക്കുന്ന വീഡിയോയോ അതിൽ നിന്നുള്ള ചിത്രങ്ങളോ നൽകിയിട്ടില്ല.
തുടർന്ന് പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് പരിശോധിച്ചു. അന്വേഷണത്തിൽ കർണാടകയുടെ കാലാവസ്ഥാ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്ന 'നമ്മ കർണാടക വെതർ' എന്ന എക്‌സ് അക്കൗണ്ടിൽ മാർച്ച് 13-ന് രാവിലെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടു. കഴിഞ്ഞ ദിവസം ബെൽത്താങ്കടി താലൂക്കിലുണ്ടായി ആലിപ്പഴ വീഴ്ച എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വസ്തുതാ പരിശോധനയ്ക്ക് ലഭിച്ച അതേ ദൃശ്യങ്ങളല്ല ഇതിൽ. എന്നാൽ, വിശദമായ പരിശോധനയിൽ രണ്ട് ദൃശ്യങ്ങളും പകർത്തിയിരിക്കുന്നത് ഒരേ സ്ഥലത്തുനിന്നുതന്നെ ആണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ ചിത്രീകരിച്ചതിന് എതിർദിശയിലുള്ള കടയിൽനിന്നുമാണ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ പകർത്തിയതെന്ന് എന്ന് മനസ്സിലായി. വൈറൽ വീഡിയോയിൽ കാണുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ എക്‌സ് വീഡിയോയിൽ എതിർദിശയിലായി കാണാം. മാത്രമല്ല, ഓട്ടോറിക്ഷാ സ്റ്റാന്റ് എന്ന് തോന്നുന്നതിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ലക്‌സ് ബോർഡും ഇരു വീഡിയോകളിലും ഉണ്ട്.
ഇരു വീഡിയോകളും താരതമ്യം ചെയ്യുന്ന ചിത്രങ്ങൾ
ദക്ഷിണ കർണാടകയിലെ ബെൽത്താങ്കടിയിലേതെന്ന് പറയപ്പെടുന്ന ഈ സ്ഥലത്തെക്കുറിച്ചാണ് പിന്നീട് അന്വേഷിച്ചത്. ഗുഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലം കണ്ടെത്താൻ ശ്രമിച്ചു. ബെൽത്താങ്കടിയിലെ കാക്കിഞ്ചെ എന്ന സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമായി. എസ്.എച്ച് 64-ഉം നെരിയ റോഡും ചേരുന്ന കവലയാണ് ദൃശ്യങ്ങളിലുള്ളത്. പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന കട (ശിവഗിരി ബേക്കറി) ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ കണ്ടെത്തി.
ഇതിൽനിന്നു പ്രചരിക്കുന്ന ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല മറിച്ച് കർണാടകയിലെ ബെൽത്താങ്കടിയിലെ കാക്കിഞ്ചെയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി.
Content Highlights: A video is being widely circulated on WhatsApp claiming that ice rain has fallen in some places