‘ധ്രുവ് റാഠി മുസ്ലീമാണ് ഭാര്യ പാകിസ്താനിയും'; പ്രചരിക്കുന്ന സന്ദേശത്തിൻ്റെ വാസ്തവമറിയാം | Fact Check

പ്രമുഖ യൂട്യൂബറായ ധ്രുവ് റാഠിക്കും ഭാര്യക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. വാട്സാപ്പ് വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി കൈമാറ്റം ചെയ്യപ്പെടുന്നത്.
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്:
ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് അവരുടെ രഹസ്യാന്വേഷണ റിപ്പോർട്ടിൽ വെളിപ്പെടുത്തിയത്, ഹിന്ദുവായി വേഷം ധരിച്ച് രാജ്യവിരുദ്ധ, മോദിവിരുദ്ധ, ബിജെപി വിരുദ്ധ, ആർഎസ്എസ് വിരുദ്ധ, സനാതന വിരുദ്ധ പ്രചാരണം നടത്തുന്ന പാറ്റ ധ്രുവ് രതീ യഥാർത്ഥത്തിൽ ഒരു മുസ്ലീമാണ്! അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ബദ്രു റാഷിദ്, മുഴുവൻ പേര് ബദറുദ്ദീൻ റാഷിദ് ലാഹോരി. പാകിസ്താനിലെ ലാഹോറിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജൂലി (ക്രിസ്ത്യാനിറ്റിയുമായി സാമ്യമുള്ള പേര്) ഒരു പാകിസ്താൻ മുസ്ലീമാണ്, അവരുടെ യഥാർത്ഥ പേര് ജുലേഖ. കറാച്ചിയിലെ കുപ്രസിദ്ധ ആഗോള ഗുണ്ടാസംഘം ദാവൂദ് ഇബ്രാഹിമിന്റെ രഹസ്യ ആഡംബര ബംഗ്ലാവിലാണ് അവർ താമസിക്കുന്നത്, അവിടെ അവർക്ക് ഐഎസ്ഐയും പാകിസ്ഥാൻ സൈന്യവും വൈ +, ഇസെഡ് + സുരക്ഷ നൽകുന്നു. പാകിസ്താൻ, ചൈന, ദുബായ്, മാലിദ്വീപ്, കാനഡ, റഷ്യ, തുർക്കി, പണ്ടോറ എന്നിവിടങ്ങളിൽനിന്ന് ബദ്രു റാഷിദ് (ധ്രുവ് രതീ) ധനസഹായം സ്വീകരിക്കുന്നു. ചിലപ്പോൾ ജോർജ്ജ് സോറോസിന്റെ അക്കൗണ്ടുകളിലൂടെയും. എന്നാൽ ഇപ്പോൾ ഈ ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ ഘടകം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.
ഈ പ്രചാരണത്തിൻ്റെ വാസ്തവമന്വേഷിച്ച് ഒട്ടേറെപ്പേരാണ് മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്പ്ലൈനുമായി(+91 85940 06262) ബന്ധപ്പെട്ടത്. എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
വൈറൽ സന്ദേശത്തെക്കുറിച്ച് കീവേർഡ് സർച്ച് ചെയ്തന്വേഷിച്ചു. ഈ പ്രചാരണങ്ങളെല്ലാം തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് ധ്രുവ് റാഠി വ്യക്തമാക്കിയതിനെക്കുറിച്ച് മാധ്യമങ്ങളെല്ലാം തന്നെ റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. താൻ നിർമ്മിക്കുന്ന വീഡിയോകളിലെ വസ്തുതകൾക്ക് മറുപടി നൽകാൻ കഴിയാത്തതുകൊണ്ടാണ് എതിരാളികൾ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. രാഷ്ട്രീയ പ്രചാരണത്തിനായി തന്റെ ഭാര്യയെയും കുടുംബത്തെ പോലും വ്യാജ ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഐ.ടി സെൽ ജീവനക്കാരുടെ മോശം ധാർമ്മിക നിലവാരമാണ് കാണിക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു. ഈ വ്യാജ പോസ്റ്റുകൾക്കെതിരെ പ്രതികരിച്ചുകൊണ്ട് ധ്രുവ് റാഠി തന്റെ യൂട്യൂബ് വീഡിയോയിലൂടെയും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
ഹരിയാനയിലാണ് ധ്രുവ് റാഠി ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മ അധ്യാപികയും അച്ഛൻ എൻജിനീയറുമായിരുന്നു. ഹരിയാനയിലെ രോഹ്തകിൽ ജനിച്ച ധ്രുവിന്റെ കുടുംബം പിന്നീട് മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കായി ഡൽഹിയിലേക്ക് മാറി. 2003-ൽ അച്ഛന് മലേഷ്യയിലെ കോലാലംപൂരിൽ ജോലി ലഭിച്ച് അദ്ദേഹം അങ്ങോട്ട് മാറിയെങ്കിലും ഉയർന്ന ജീവിതച്ചെലവുകൾ കാരണം അമ്മയും ധ്രൂവും ഡൽഹിയിൽതന്നെ തുടരുകയായിരുന്നു.
മാത്രമല്ല, സിജെപി പ്രതിഷേധസമയത്ത് ധ്രുവ് വിദേശപൗരത്വം സ്വീകരിച്ചയാളെന്ന വ്യാപക പ്രചാരണം നടന്നപ്പോൾ താൻ ഇന്ത്യക്കാരനാണെന്ന് വ്യക്തമാക്കി അദ്ദേഹം തൻ്റെ ഇന്ത്യൻ പാസ്പോർട്ട് പരസ്യപ്പെടുത്തിയിരുന്നു. ഇതിൽനിന്നും ധ്രുവ് റാഠി ഇന്ത്യക്കാരനല്ല പാകിസ്താൻകാരനാണെന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം. മാത്രമല്ല, പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നപോലെ ധ്രുവിന്റെ ഭാര്യയുടെ പേര് ജൂലേഖ എന്നല്ല മറിച്ച് ജൂലി എന്നാണ്. ഇവരുടെ സ്വദേശം ജർമ്മനിയാണ്.
They have no answer to the videos I made so they’re spreading these fake claims.
And how desperate do you have to be to drag my wife’s family into this? You can also see the disgusting moral standard of these IT Cell employees. pic.twitter.com/sqWj8vaJaY— Dhruv Rathee (@dhruv_rathee) April 29, 2024
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
വാസ്തവം
ധ്രുവ് റാഠിയും ഭാര്യയും പാകിസ്താൻ ബന്ധമുള്ളവരാണെന്ന പ്രചാരണം വ്യാജം.
Content Highlights: Viral WhatsApp messages claim YouTuber Dhruv Rathee is a Muslim named Badaruddin Rashid Lahori from Pakistan., Claims state his wife is a Pakistani named Zulekha living in Dawood Ibrahim's bungalow, funded by George Soros and ISI., Mathrubhumi Fact Check verified these claims are entirely false and fabricated., Dhruv Rathee was born in Haryana, India, holds an Indian passport, and his wife Julie is a German national., Rathee responded to the fake allegations through his official social media and YouTube channels, condemning the smear campaign.