മഹാകുംഭമേളയിൽ ഇന്ത്യൻ വ്യോമസേന ത്രിശൂൽ ആകൃതിയിൽ അഭ്യാസപ്രകടനം നടത്തിയിട്ടില്ല | Fact Check

ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് മഹാകുംഭമേളയുടെ അവസാനദിനത്തിൽ ഇന്ത്യൻ വ്യോമസേന പ്രയാഗ്രാജിൽ നടത്തിയ അഭ്യാസപ്രകടനം എന്ന അവകാശവാദത്തോടുകൂടി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മൂന്ന് സുഖോയ് വിമാനങ്ങൾ ആകാശത്ത് ത്രിശൂലത്തിന്റെ ആകൃതിയിൽ അഭ്യാസം നടത്തിയെന്ന തരത്തിലാണിത്. എന്നാൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തി.
https://x.com/prashanthcca/status/1894795049004654815
അന്വേഷണം
മഹാകുംഭമേളയുടെ അവസാന ദിവസം പ്രയാഗ്രാജിൽ ഇന്ത്യൻ വ്യോമസേന എയർ ഷോ നടത്തിയോ എന്ന് കീ വേർഡ് സെർച്ച് ചെയ്തപ്പോൾ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ 2025 ഫെബ്രുവരി 27-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ടിൽ എയർ ഷോ നടന്നതായി വ്യക്തമാകുന്നുണ്ട്.
മഹാകുംഭമേളയുടെ അവസാന ദിവസം നടന്ന എയർ ഷോയുടെ വീഡിയോയാണ് പിന്നീട് പരിശോധിച്ചത്. യൂട്യൂബിൽ പല മാധ്യമങ്ങളും എയർഷോയുടെ വീഡിയോ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. എന്നാൽ ഫാക്ട് ചെക്ക് ഡെസ്‌ക് പരിശോധിച്ചത് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഡി.ഡി. ന്യൂസിന്റെ വീഡിയോയാണ്.
ഫെബ്രുവരി 27 -ന് ഡി.ഡി. ന്യൂസ് യൂട്യൂബിൽ അപ്ലോഡ് ചെയ്ത എയർഷോയുടെ വീഡിയോ പരിശോധിച്ചെങ്കിലും ഇന്ത്യൻ വ്യോമസേന ആകാശത്ത് ത്രിശൂലത്തിന്റെ ആകൃതിയിൽ അഭ്യാസപ്രകടനം നടത്തുന്ന ദൃശ്യങ്ങൾ കണ്ടെത്തിയില്ല .
മുൻപ് എപ്പോഴേങ്കിലും ഇന്ത്യൻ വ്യോമസേന ത്രിശൂൽ അഭ്യാസപ്രകടനം നടത്തിയിട്ടുണ്ടോയെന്ന് കീ വേർഡ് സെർച്ച് ചെയ്തപ്പോൾ, നടന്നിട്ടുണ്ടെന്നു തെളിയിക്കുന്ന ചില ചിത്രങ്ങൾ ലഭിച്ചു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യവുമായി ഈ ചിത്രങ്ങൾക്കു ബന്ധമില്ല.
വൈറൽ ചിത്രത്തിന്റെ ഉറവിടം കണ്ടെത്താനാണ് പിന്നീട് ശ്രമിച്ചത്. ഗൂഗിൾ ലെൻസിലൂടെ ഈ ചിത്രം പരിശോധിച്ചപ്പോൾ പുരുഷോത്തം വ്യാസ് എന്നയാളുടെ X അക്കൗണ്ടിൽ ഈ ചിത്രം 2019 മാർച്ച് 6-ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. അതുകൊണ്ട് തന്നെ കുറച്ച് വർഷങ്ങൾക്കു മുൻപുള്ള ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് വ്യക്തമായി.
https://x.com/PurushottamVy13/status/1103226493604454400
വാസ്തവം
മഹാകുംഭമേളയുടെ അവസാന ദിവസം ഇന്ത്യൻ വ്യോമസേന ത്രിശൂൽ രൂപത്തിൽ അഭ്യാസപ്രകടനം നടത്തി എന്ന പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന ചിത്രത്തിന് ഈ വർഷത്തെ കുംഭമേളയിൽ നടന്ന ഇന്ത്യൻ വ്യോമസേനാ അഭ്യാസപ്രകടനവുമായി യാതൊരു ബന്ധവുമില്ല .
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ( to be hyperlinked : ഭാഗമായി പി.ടി.ഐ.പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: It was as if three Sukhoi aircraft were performing a trident-shaped maneuver in the sky