ഹെലികോപ്റ്റർ അപകടം; പ്രചരിക്കുന്ന ഈ ചിത്രങ്ങൾ 2020-ലേതാണ് | Fact Check

ഇക്കഴിഞ്ഞ മെയ് 19-നായിരുന്നു ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. തൊട്ടടുത്ത ദിവസം, അസർബൈജാൻ അതിർത്തിയിലെ ജോൽഫയ്ക്ക് സമീപം മലമുകളിൽ തകർന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. റെയ്‌സിയുടെ മരണത്തിൽ അനുശോചിച്ച് മെയ് 21-ന് ഇന്ത്യയിൽ ഔദ്യോഗിക ദുഖാചരണവും പ്രഖ്യാപിച്ചിരുന്നു.
ഈ അപകടവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവയിൽ ചിലതിന് ഇതുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം. അത്തരത്തിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങളുടെ വസ്തുത പരിശോധിക്കാം.
📸 With pictures | From the wreckage of the Iranian President's helicopter and his accompanying delegation pic.twitter.com/6YrDAkP2e6
— The Spot (@Spotnewsth) May 20, 2024
അന്വേഷണം
ഗൂഗിൾ ലെൻസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ നിരവധി പേർ ഇതേ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി കണ്ടെത്തി.
ഇതിൽ ആദ്യത്തെ ചത്രത്തിൽ വനത്തിൽ തകർന്ന് വീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കാണാം. ഇതിന്റെ ചിറകെന്ന് തോന്നിക്കുന്ന ഭാഗത്ത് ഇറാൻ പതാകയും അതിന് സമാപത്തായി 1136 എന്ന് രഖപ്പെടുത്തിയിരിക്കുന്നതും വ്യക്തമാണ്.
രണ്ടാമത്തെ ചിത്രം രക്ഷാപ്രവർത്തനത്തിന് ഇടയിൽ ചിത്രീകരിച്ചതാണെന്ന് തോന്നും. അവശിഷ്ടങ്ങൾക്ക് സമീപം നിൽക്കുന്ന ഒരു സംഘം ആൾക്കാരെ ഇതിൽ കാണാം. ഈ രണ്ട് ചിത്രങ്ങളും ഒരേ ഹെലികോപ്റ്റർ അപകടത്തിന്റേത് തന്നയാണ്. ആദ്യചിത്രത്തിൽ കാണുന്ന അതേ പതാക ചിഹ്നവും നമ്പറും രണ്ടാമത്തെ ചിത്രത്തിലുള്ള ഹെലികോപ്റ്റർ അവശിഷ്ടങ്ങളിലുമുണ്ട്.
റിവേഴ്‌സ് ഇമേജ് ചെയ്തതിൽനിന്നു ചിത്രത്തിന്റെ ഉറവിടം കണ്ടെത്തി. ഇറാൻ മാധ്യമമായ റോക്‌ന പ്രസ്സ് പ്രസിദ്ധീകരിച്ചൊരു വാർത്തയിൽ ഇതേ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. 139923 എന്ന് പേർഷ്യൻ കലണ്ടർ പ്രകാരമാണ് ഇതിൽ തീയ്യതി നൽകിയിരിക്കുന്നത്. ഇത് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റിയപ്പോൾ 2020 ഏപ്രിൽ 20 എന്ന് ലഭിച്ചു.
വിശദമായ പരിശോധനയിൽ ജഹാൻ ന്യൂസ് എന്ന ഇറാനിയൻ മാധ്യമവും ഈ അപകടവുമായി ബന്ധപ്പെട്ട് 2020-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് കണ്ടെത്തി. അപകടസ്ഥലത്തു നിന്നുള്ള നിരവധി ചിത്രങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്ത അപകടത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങളും ജഹാൻ ന്യൂസ് പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിലുണ്ട്.
ഈ വാർത്തകൾ അനുസരിച്ച് ഇറാനിലെ സായുധസേനയായ നജ ഫോഴ്‌സിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇറാനിലെ മസൻഡറാൻ പ്രോവിൻസിലെ സൽമൻശഹർ ജില്ലയിലായിരുന്നു അപകടം. ക്യാപറ്റൻ അലി ഇസ്ലാമി, മേജർ പൈലറ്റ് അലി ഐദി എന്നിവർ അപകടത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
2020-ലെ മാധ്യമ വാർത്തകളിലെ ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ താരതമ്യം ചെയ്യുമ്പോൾ, പഴയ ചിത്രങ്ങളാണ് റെയ്‌സിയുടെ മരണത്തിന് കാരണമായ അപകടത്തിന്റേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാകും.
വാസ്തവം
2020 ഏപ്രിലിൽ ഇറാനിലെ സായുധ സേനയായ നജാ ഫോഴ്‌സിന്റെ വിമാനം അപകടത്തിൽപ്പെട്ടിരുന്നു. അതിന്റെ ചിത്രങ്ങളാണ് ഇപ്പോഴുണ്ടായ ഹെലികോപ്റ്റർ അപകടത്തിന്റേതെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്