ഹരിയാന മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തോ? | Fact Check

ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തു എന്ന അവകാശവാദവുമായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ''ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ അടിച്ചു പൊളിക്കുന്നു ബിജെപിയുടെ ജനദ്രോഹ പ്രവർത്തനങ്ങൾ എക്കാലവും ജനങ്ങൾ പൊറുക്കില്ലെന്ന് ഓർത്താൽ നല്ലത്,'' എന്നാണ് വീഡിയോക്ക് ഒപ്പം നൽകിയിരിക്കുന്ന വിവരണം.
അന്വേഷണം
വൈറലായ വീഡിയോയുടെ കീഫ്രെയിമുകളിൽ റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു ഇതേ ദൃശ്യങ്ങൾ അടങ്ങിയൊരു വീഡിയോ സമൂഹമാധ്യമമായ എക്‌സിൽ (നേരത്തെ ട്വിറ്റർ) കണ്ടെത്തി. @PagdiSinger എന്ന ഹാൻറിലിൽ 2021 ജനുവരി 12-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയുടെ ചെറിയ പതിപ്പാണിത്.
പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ വിശകലനം ചെയ്തതിൽനിന്നു ചില സൂചനകൾ ലഭിച്ചു. സ്റ്റേജിന്റെ പിന്നിലായി ''കിസാൻ മഹാപഞ്ചായത്ത്'' എഴുതിയിരിക്കുന്ന ബനർ പതിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി 'Kisan Mahapanchayat,' 'stage, ്andalised'' എന്നി വാക്കുകൾ ഉപയോഗിച്ച് സർച്ച് ചെയ്തു.
തുടർന്ന് പ്രചരിക്കുന്ന ദൃശ്യങ്ങളിലേതിന് സമാനമായ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു മാധ്യമ വാർത്ത ലഭിച്ചു. 2021 ജനുവരി 10-നാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്
'വിവാദ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച കർഷകർ വേദി നശിപ്പിച്ചതിനെ തുടർന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കർണാലിലെ കൈംല ഗ്രാമത്തിലെ 'കിസാൻ മഹാപഞ്ചായത്ത്' സന്ദർശനം റദ്ദാക്കി,'' എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയിമുകളുമായി മാധ്യമ വാർത്തയിലെ ഫീച്ചർ ചിത്രം താരതമ്യം ചെയ്തു. രണ്ടും ഒരേ സംഭവ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളാണെന്ന് അതിൽനിന്നു വ്യക്തമായി.
പ്രചിക്കുന്ന വീഡിയോയുടെ സ്‌ക്രീൻ ഷോട്ട് മാധ്യമ വാർത്തയിലെ ചിത്രവുമായി താരതമ്യം ചെയ്തത് ദി ട്രിബ്യൂൺ 2021 ജനുവരി 10-ന് പ്രസിദ്ധീകരിച്ചൊരു വീഡിയോ റിപ്പോർട്ടും അന്വേഷണത്തിൽ കണ്ടെത്തി.
''കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ 'കിസാൻ മഹാപഞ്ചായത്ത്' അഭിസംബോധന ചെയ്യാനിരിക്കെ ഹെലിപാഡിലേക്ക് ഇരച്ചുകയറുകയും വേദി തകർക്കുകയും ചെയ്ത കർഷകരെ പിരിച്ചുവിടാൻ പോലീസ് ഞായറാഴ്ച കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചു. കർഷകർ വേദിയും വേദിയിലെ കസേരകളും മേശകളും തകർത്തതിനെ തുടർന്ന് പരിപാടി റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങേണ്ട താൽക്കാലിക ഹെലിപാഡിന്റെ നിയന്ത്രണവും കർഷകർ ഏറ്റെടുത്തിരുന്നു'' എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ട്രിബ്യൂണിന്റെ റിപ്പോർട്ടിൽ കാണുന്ന ദൃശ്യങ്ങളും വൈറൽ വീഡിയോയുടെ കീഫ്രെയിമുകളും തമ്മിലുള്ള താരതമ്യം ചുവടെ കാണാം.
2021 ജനുവരി 10-ന് എൻഡിടിവിയും ഇതേ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്:
https://www.google.com/url?q=https://ghostarchive.org/archive/rAcws&sa=D&source=docs&ust=1715858374924286&usg=AOvVaw17F4U2RD22j3rzQTwF9C82
വാസ്തവം
മനോഹർ ലാൽ ഖട്ടർ ഹരിയാന മുഖ്യമന്ത്രിയായിരിക്കെ 2021ൽ സംഘടിപ്പിച്ച 'കിസാൻ മഹാപഞ്ചായത്ത്' എന്ന പരിപാടിയുടെ വേദി കർഷകർ തകർത്തിരുന്നു. അതിൻറെ വീഡിയോ ആണ് നയാബ് സിങ് സൈനിയുടെ പരിപാടിക്ക് നേരെ നടന്ന ആക്രമണം എന്ന തരത്തിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ്‌ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: Haryana Chief Minister's election campaign pandal vandalized by farmers? | Fact Check