ഹർഭജൻ സിങ്‌ പോസ്റ്റ് ചെയ്ത സോംബി ഡ്രഗ് വീഡിയോയുടെ യഥാർത്ഥ്യമറിയാം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻതാരവും ബിജെപി എംപിയുമായ ഹർഭജൻ സിങ്‌ പഞ്ചാബിൽനിന്നുള്ള ദുഃഖകരമായ കാഴ്ച എന്ന പേരിൽ ഒരു വീഡിയോ എക്സിൽ റീപോസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചതിനാലെന്നോണം അനങ്ങാൻ പോലുമാവാതെ വഴിയോരത്ത് ആടിയാടി നിൽക്കുന്ന രണ്ട് യുവാക്കളാണ് ദൃശ്യങ്ങളിൽ.

വീഡിയോക്കൊപ്പം ഹർഭജൻ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ് -

“പഞ്ചാബിന്റെ അവസ്ഥ കാണുമ്പോൾ വളരെ സങ്കടമുണ്ട്. പഞ്ചാബും അവിടെയുള്ള യുവാക്കളും ഇതിലും മികച്ചത് അർഹിക്കുന്നു. ഈ പ്രശ്നത്തിന് സത്യസന്ധവും ഉത്തരവാദിത്ത പൂർണവും അടിയന്തരവുമായ നടപടിയാവശ്യമാണ് ”

ഹർഭജൻ സിംഗിന്‍റെ എക്സ്പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

ദേസി എസ്കോ എന്ന അക്കൗണ്ടിൽ കഴിഞ്ഞ ഓഗ്സറ്റ് 9-ന് പോസ്റ്റ് ചെയ്ത വീഡിയോ അർഷ്ദീപ് സിങ് സൈനി എന്ന എക്‌സ് ഉപയോക്താവ് റീപോസ്റ്റ് ചെയ്യുകയായിരുന്നു. സൈനിയുടെ പോസ്റ്റാണ് ഹർഭജൻ റീപോസ്റ്റ് ചെയ്തത്. വീഡിയോയിൽ കാണുന്ന യുവാക്കൾ സിഖ് തലപ്പാവ് വച്ചിട്ടുണ്ട് എന്നത് ശരിയാണ്, പക്ഷെ ഈ ദൃശ്യങ്ങൾ പഞ്ചാബിൽ നിന്നുള്ളതാണെന്ന് ഹർഭജനല്ലാതെ വീഡിയോ മുൻപ് പോസ്റ്റ് ചെയ്തവരാരും തന്നെ രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ദേസി എസ്കോയിൽ പറയുന്നത് ഇത് ശ്രീ ഗംഗാനഗറിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്നാണ്.

ഗംഗാനഗർ രാജസ്ഥാന്റെ വടക്കേ അറ്റത്തുള്ള ഒരു നഗരമാണ്. പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളാണ് ഹർഭജൻ പഞ്ചാബിൽ നിന്നുള്ളതെന്ന തരത്തിൽ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പഞ്ചാബ് പോലീസും എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

പോസ്റ്റിൽ പറയുന്നത്- “ പ്രചരിക്കുന്ന വീഡിയോ പഞ്ചാബിലേതല്ല, രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുള്ളതാണ്, പഞ്ചാബ് പോലീസുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇതിൽ നൽകിയിരിക്കുന്നത് പഞ്ചാബി പാട്ടാണെന്ന് കരുതി സംഭവം പഞ്ചാബിലേതാകില്ല. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനോ പഞ്ചാബ് പോലീസിനെ ടാഗ് ചെയ്യുന്നതിനോ മുമ്പ് വസ്തുതകളും സ്ഥലവും പരിശോധിക്കാൻ ഞങ്ങൾ ഉപയോക്താക്കളോടും സോഷ്യൽ മീഡിയ അക്കൗണ്ടുകളോടും അഭ്യർത്ഥിക്കുന്നു” എന്നാണ്. ഇതിൽ നിന്നും ഹർബജൻ സിങ്ങിന്റെ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

Content Highlights: Harbhajan Singh shared a viral video claiming it shows drug abuse in Punjab., Punjab Police clarified that the video is actually from Sri Ganganagar, Rajasthan., Fact check proves the viral social media post is misleading.