കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കെതിരായി സുധാകരൻ ഈ പ്രസ്താവന നടത്തിയിട്ടില്ല | Fact Check

#ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

മുൻമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ജി. സുധാകരൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ കടുത്ത വിമർശം ഉന്നയിച്ചു എന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'കുറെയേറെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരെ അരുംകൊല ചെയ്തതും കണ്ണൂരിലെ കുറെ നേതാക്കൾ കോടീശ്വരൻമാരായതും അല്ലാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കൊണ്ട് കേരള ജനതയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പ്രവർത്തകർ പരിശോധിക്കേണ്ടതാണ്'' എന്ന് ജി. സുധാകരൻ പറഞ്ഞതായാണ് ഇതിൽ. ഇതിലെ വാസ്തുത അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്കിന് ലഭിച്ച സന്ദേശം ചുവടെ ചേർക്കുന്നു. 

വസ്തുതാ പരിശോധനയ്ക്കായി വട്‌സ് ആപ്പിൽ ലഭിച്ച സന്ദേശം

മുതിർന്ന നേതാവ് കൂടിയായ ജി. സുധാകരൻ പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്നൊഴിവായി നിൽക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. ഇതിനിടെ 'പൊളിറ്റിക്കൽ ക്രിമിനൽസ്', സി.പി.എമ്മിലെ 75 വയസ്സ് പ്രായപരിധി, മുൻ എം.പി ടി.ജെ ആഞ്ചലോസിനെതിരായ പാർട്ടി നടപടി തുടങ്ങി പല വിവാദ പ്രസ്താവനകളും അദ്ദേഹം നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഇത് ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. 

ജി. സുധാകരനുമായി ബന്ധപ്പെട്ട് പ്രചരിച്ച നിരവധി സന്ദേശങ്ങൾ മാതൃഭൂമി ഫാക്ട് ചെക്കിന് വസ്തുതാ പരിശോധനക്കായി മുൻപും ലഭിച്ചിരുന്നു. അതിൽ ചിലതാണ് 'ലഹരി മരുന്ന് നൽകി കുട്ടികളെ സംഘടനയിൽ ചേർക്കുന്നതല്ല വിദ്യാർത്ഥി രാഷ്ട്രീയം, കണ്ണൂരിൽ ഇന്ന് കമ്മ്യൂണിസ്റ്റുകാരില്ല കമ്മ്യൂണിസ്റ്റ് മുഖംമൂടി അണിഞ്ഞ അഴിമതിക്കാരും ക്വട്ടേഷൻ സംഘംങ്ങളും മതഭീകരവാദികളുമാണ് ഉള്ളത് എന്ന് സുധാകരൻ പറഞ്ഞതായും സുധാകരൻ ഭാര്യയ്ക്കൊപ്പം മഹാകുംഭമേളയിൽ പങ്കെടുത്തു എന്നുമുള്ള പ്രചാരണങ്ങൾ. എന്നാൽ ഇവയെല്ലാം വസ്തുതാ വിരുദ്ധമായിരുന്നു എന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.  

സമാനമായി ഈ പോസ്റ്ററിലെ ആരോപണത്തെക്കുറിച്ചും അന്വേഷിച്ചു. സുധാകരൻ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിരുന്നെങ്കിൽ തീർച്ചയായും അത് വലിയ വാർത്താപ്രാധാന്യം നേടണ്ടതാണ്. എന്നാൽ അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ കണ്ടെത്താനായില്ല. ജി. സുധാകരന്റെ സമൂഹ മാധ്യമ അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും ഇങ്ങനെയുള്ള പോസ്റ്റുകളൊന്നും പങ്കുവച്ചിട്ടില്ല എന്നും ഉറപ്പായി. 

പരിശോധനയിൽ ഇതേ പോസ്റ്റർ ഫേസ്ബുക്കിലടക്കം നേരത്തേ പ്രചരിച്ചതായി കണ്ടെത്തി. 2024 ഒക്ടോബറിലും ഇക്കഴിഞ്ഞ ജനുവരിയിലും ഇതേ സന്ദേശം വൈറലായിരുന്നു. 

ഫേസ്ബുക്കിൽ മുൻപും പ്രചരിച്ച പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ  

തുടർന്ന്  സുധാകരനുമായി ഫോണിൽ ബന്ധപ്പെട്ടു. ഇത് വ്യാജപ്രചാരണമാണെന്നും ഇത്തരത്തിലൊരു പ്രസ്താവനയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും തന്റെ പേരിൽ ചിലർ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിൽനിന്നും ജി. സുധാകരൻറെ പേരിൽ നടക്കുന്ന ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.

Content Highlights: A poster on social media claiming that G. Sudhakaran has made harsh criticisms against CPM