മുൻ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ ഹിന്ദുമതം സ്വീകരിച്ചതായി വ്യാജ പ്രചാരണം | Fact Check

#ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ കുടുംബത്തോടൊപ്പം ഹിന്ദുമതം സ്വീകരിച്ചു എന്ന വാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അസ്ഹറുദ്ദീൻ ഭാര്യയ്ക്കും മകനുമൊപ്പം കാശിയിൽ വച്ചാണ് മതം മാറിയതെന്നാണ് പോസ്റ്റുകളിൽ പറയുന്നത്. എന്നാലിത് വ്യാജപ്രചരാണമാണ് എന്നതാണ് യാഥാർത്ഥ്യം. വിശദാംശങ്ങൾ ചുവടെ വായിക്കാം. 

അന്വേഷണം
 
അഞ്ച് ചിത്രങ്ങൾ ചേർത്തു നിർമിച്ച ഒരു കൊളാഷ് ആണ് പ്രചരിക്കുന്നത്. ഇതിലൊന്ന് അസ്ഹറുദ്ദീൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായിരുന്നപ്പോഴുള്ള ചിത്രമാണ്. മറ്റ് ചിത്രങ്ങളെല്ലാം ഏതോ പൂജാകർമ്മത്തിനിടയിൽ പകർത്തിയവയും. ഈ ചിത്രങ്ങളിൽ വെളുത്ത വസ്ത്രവും കഴുത്തിൽ ചുവന്ന പൂക്കൾകൊണ്ടുള്ള മാലയും ധരിച്ച ഒരാളെയും അയാൾക്ക് സമീപം  ഒരു സ്ത്രീയെയും കാണാം. പരിശോധനയിൽ നിരവധി പേർ സമാന പോസ്റ്റ് പങ്കുവച്ചതായി കണ്ടെത്തി

बधाई तो बनता है भई ❤️🥰🙋 'मोहम्मद अजहरुद्दीन' ने अपनी पत्नी और बेटे के साथ काशी में छोड़ा मुस्लिम धर्म, बने सनातनी डब्लू सिंह😍😍 जय श्री राम 🔥❤️🚩

Posted by कनक मिश्र on Tuesday, July 2, 2024

മുഹമ്മദ് അസ്ഹറുദ്ദീനുമായി ബന്ധപ്പെട്ട് പ്രചാരണങ്ങളിൽ പറയുന്നതുപോലെ ഒരു സംഭവം നടന്നിരുന്നെങ്കിൽ അത് വലിയ വാർത്താപ്രാധാന്യം നേടേണ്ടതാണ്. എന്നാൽ അത്തരത്തിലുള്ള മാധ്യമ വാർത്തകളൊന്നും തന്നെ പരിശോധനയിൽ കണ്ടെത്തിയില്ല. തുടർന്ന് പ്രചരിക്കുന്ന ചിത്രം അടിസ്ഥാനമാക്കി കീ വേർഡ് സർച്ച് ചെയ്തതിൽനിന്നും ചില മാധ്യമ വാർത്തകൾ കണ്ടെത്തി. 

ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് പ്രസദ്ധീകരിച്ച ഈ വാർത്തകളിൽ അസ്ഹറുദ്ദീൻ കുടുംബസമേതം മതം മാറിയതായി പറയുന്നുണ്ട്. എന്നാലത് നമ്മളറിയുന്ന അസ്ഹറുദ്ദീൻ അല്ലെന്ന് മാത്രം. ഉത്തർ പ്രദേശിലെ ചന്ദൗലി ജില്ലയിലെ ബിച്ചിയ എന്ന ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് അസ്ഹറുദ്ദീൻ എന്നയാളെക്കുറിച്ചാണ് ഈ വാർത്തകൾ. പ്രചരിക്കുന്ന കൊളാഷിലെ ചിത്രങ്ങളിലൊന്ന് വാർത്തയ്ക്കൊപ്പം നൽകിയിട്ടുമുണ്ട്. 

വാർത്ത അനുസരിച്ച് വാരണാസിയിലെ ഭോജ്ബിറിലുള്ള ആര്യസമാജ മന്ദിരത്തിൽ വച്ചാണ് ഇദ്ദേഹവും കുടുംബവും മതം മാറിയത്. തുടർന്ന് അസ്ഹറുദ്ദീൻ, ഡബ്ല്യൂ സിങ് എന്നും ഭാര്യ റിസ്വാന, ഗുഡിയ സിങ് എന്നും മകൻ മുഹമ്മദ് രാജിൽനിന്ന് രാജ് സിങ് എന്നും പേരുകൾ മാറ്റിയതായും വാർത്തയിലുണ്ട്. 


https://www.amarujala.com/uttar-pradesh/varanasi/muslim-family-embraced-sanatan-dharma-and-homecoming-said-culture-influences-them-2024-07-01 

വാസ്തവം

ഇന്ത്യൻ ക്രിക്കറ്റ് മുൻതാരം മുഹമ്മദ് അസ്ഹറുദ്ദീൻ മതം മാറിയെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഉത്തർ പ്രദേശിലെ ചന്ദൗലി ജില്ലയിൽ നിന്നുള്ള മുഹമ്മദ് അസ്ഹറുദ്ദീൻ എന്നയാളാണ് കുടുംബസമേതം ഹിന്ദുമതം സ്വീകരിച്ചത്. 

Content Highlights: It is said in the posts that Azharuddin converted to Hinduism in Kashi along with his wife and son