ഒളിഞ്ഞിരിക്കുന്ന നമ്പർ കണ്ടെത്തൂ, സൗജന്യ സ്മാർട്ട്‌ഫോൺ നേടൂ! പ്രചാരണം വ്യാജം | Fact Check

നൽകിയിരിക്കുന്ന അക്കങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വ്യത്യസ്തമായ സംഖ്യ കണ്ടെത്തിയാൽ സൗജന്യമായി ഓപ്പോയുടെ സ്മാർട്ട്‌ഫോൺ സമ്മാനം ലഭിക്കുമെന്ന തരത്തിൽ ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ അതി വ്യപകമായിപ്രചരിക്കുന്നുണ്ട്.
ലളിതമായ പ്രശ്‌നോത്തരികളിലൂടെയും ഗെയിമുകളിലൂടെയും മറ്റും വിജയിച്ച് സമ്മാനമായി സ്മാർട്ട്‌ഫോൺ നേടാമെന്നാണ് അവകാശവാദം..
അന്വേഷണം
പ്രചരിക്കുന്ന സന്ദേശം പങ്കുവെച്ചിരിക്കുന്ന പേജാണ് ആദ്യം പരിശോധിച്ചത്. Phone Mal എന്ന പേരിലുള്ള ഈ പേജിന്റെ വിശദാംശങ്ങൾ പരിശോധിച്ചതോടെ ഈ സന്ദേശം പങ്കുവെച്ച 2025 മാർച്ച് 16-ന് മാത്രമാണ് പേജ് തയ്യാറാക്കിയിരിക്കുന്നതെന്ന് കണ്ടെത്തി. ഇതോടെ തട്ടിപ്പിനായി തയ്യാറാക്കിയ പേജായിരിക്കാം ഇതെന്ന സൂചന ലഭിച്ചു.
https://www.facebook.com/profile.php?id=61574229237155&sk=about_profile_transparency
തുടർന്ന് നടത്തിയ പരിശോധനയിൽ പോസ്റ്റിന് താഴെ ശരിയുത്തരം കമന്റ് രേഖപ്പെടുത്തിയവർക്ക് മെസഞ്ചറിൽ സന്ദേശം നൽകിയിട്ടുണ്ടെന്ന് പേജിന്റെ അക്കൗണ്ടിൽനിന്ന് മറുപടി നൽകിയതായി കണ്ടു. ഇതോടെ മറ്റൊരു അക്കൗണ്ട് ഉപയോഗിച്ച് ഇത്തരത്തിൽ കമന്റ് രേഖപ്പെടുത്തുകയും മെസഞ്ചറിൽ ബന്ധപ്പെടുകയും ചെയ്തു.
മെസഞ്ചറിൽ അയക്കുന്ന സന്ദേശങ്ങളെല്ലാം ഗൂഗ്ൾ ട്രാൻസലേറ്റ് ഉപയോഗിച്ച് മുൻകൂട്ടി തയ്യാറാക്കിയവയാണെന്ന് വ്യക്തമായി. സമ്മാനത്തിന് അർഹനാണെന്നും ബന്ധപ്പെടാനായി ഫോൺ നമ്പർ പങ്കുവെയ്ക്കണമെന്നുമാണ് തുടർന്നുള്ള സന്ദേശം. പിന്നീട് ഫോണിൽ ബന്ധപ്പെടാനാവുന്നില്ലെന്ന് വിശ്വസിപ്പിച്ച് ഗിഫ്റ്റ് കോഡ് എന്ന പേരിൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി. ഉൾപ്പെടെ വിവരങ്ങൾ നേടിയെടുക്കുകയാണ് തട്ടിപ്പിന്റെ രീതി.
ഇത്തരം തട്ടിപ്പുകൾക്കെതിരെ ഓപ്പോ ഉൾപ്പെടെ സ്മാർട്ട്‌ഫോൺ കമ്പനികൾ നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്. മുൻവർഷങ്ങളിൽ സമാനപ്രചാരണം ഉണ്ടായ സമയത്ത് ഓപ്പോ എക്‌സിൽ പങ്കുവച്ച വിശദീകരണം ലഭ്യമായി.
https://x.com/OPPOIndia/status/1587034421441568769
ഔദ്യോഗികമായി ഇത്തരം മത്സരങ്ങൾ നടത്തുന്നുണ്ടെങ്കിൽ അത് വെരിഫൈ ചെയ്ത ഓപ്പോയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ മാത്രമായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. നിലവിൽ പ്രചരിക്കുന്ന തരത്തിൽ മത്സരപദ്ധതികൾ ഈ പേജിൽ പങ്കുവെച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു.
നേരത്തെ ഇത്തരം തട്ടിപ്പുകൾ സജീവമായ സമയത്ത് കേരള പൊലീസും മുന്നറിയിപ്പുകൾ നൽകിയിരുന്നു. 2023 ഏപ്രിലിൽ കേരള പൊലീസ് നൽകിയ ഇത്തരമൊരു മുന്നറിയിപ്പ് സന്ദേശത്തിലും ഈ തട്ടിപ്പുരീതികൾ വിശദീകരിക്കുന്നുണ്ട്.
https://www.facebook.com/keralapolice/posts/pfbid02grk6De7D3pKEBLvWJDDHA83WpH8K7hu3dU1t545ceP9SoF3NM17ygEQSbW3Q9JHQl
ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.
വാസ്തവം
ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന നമ്പർ കണ്ടെത്തി ഓപ്പോയുടെ സ്മാർട്ട്‌ഫോൺ സമ്മാനം നേടാമെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഉപയോക്താക്കളെ കബളിപ്പിച്ച് വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കാനും അതുവഴി സാമ്പത്തിക തട്ടിപ്പുകളും നടത്താൻ ലക്ഷ്യമിട്ടാണ് പ്രചാരണം
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: The claim is that you can win a smartphone as a prize by winning simple quizzes, games, etc.