രാഹുൽ ഗാന്ധി ബി.ജെ.പിക്ക് വേണ്ടി വോട്ടഭ്യർത്ഥന നടത്തിയതായി വ്യാജ പ്രചാരണം | Fact Check

ഈ പൊതുതിരഞ്ഞെടുപ്പിൽ ഏവരും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസ്സ് ഉൾപ്പെടുന്ന ഇന്ത്യ പ്രതിപക്ഷ പാർട്ടി സഖ്യം ജനാധിപത്യവും ഭരണഘടനയും തകർക്കാൻ ശ്രമിക്കുന്നു എന്ന് രാഹുൽ പറയുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
വീഡിയോയിൽ പറയുന്നത് -
''ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിന് ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. ഒരു വശത്ത്, കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും രണ്ടും നശിപ്പിക്കുകയാണ്. മറുവശത്ത്, ആർഎസ്എസും ബിജെപിയും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നു. കോൺഗ്രസ് 20-25 പേരെ കോടീശ്വരന്മാരാക്കിയപ്പോൾ, ദശലക്ഷക്കണക്കിന് സ്ത്രീകളെയും യുവജനങ്ങളെയും കോടീശ്വരന്മാരാക്കാൻ ബി.ജെ.പി ശ്രമിക്കുന്നു. ഭരണഘടന സംരക്ഷിക്കാൻ ബിജെപിയെയും ആർഎസ്എസിനെയും പിന്തുണയ്ക്കുക. നരേന്ദ്ര മോദിജിക്കായി ബട്ടൺ അമർത്തുക (വോട്ട് ചെയ്യുക)''
പ്രചരിക്കുന്ന സന്ദേശങ്ങളുടെ ആർക്കൈവ് ചെയ്ത ലിങ്കുകൾ
https://perma.cc/75DM-FCRN
https://ghostarchive.org/iarchive/instagram/manturajararia2018gmail.com1/3369376788815484236
എഡിറ്റ് ചെയ്‌തെടുത്ത വീഡിയോ ആണ് തെറ്റായ തരത്തിൽ പ്രചരിപ്പിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. വിശദാംശങ്ങൾ ചുവടെ വായിക്കാം.
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയിലെ കീ ഫ്രേം റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽ നിന്നും യഥാർഥ വീഡിയോ ലഭിച്ചു. കോൺഗ്രസ്സ് നേതാവ് രാഹുൽ ഗന്ധിയുടെ ഔദ്യോഗിക എക്‌സ് (നേരത്തെ ട്വിറ്റർ) ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ കഴിഞ്ഞ ഏപ്രിൽ 25-നാണ് ഈ വീഡിയോ പങ്കുവെച്ചത്.
ആർക്കൈവ് ലിങ്കുകൾ -
https://perma.cc/6DXU-4SP4
https://ghostarchive.org/iarchive/instagram/rahulgandhi/3353908635897592192
'ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി, ഇന്ത്യക്കാരുടെ സർക്കാർ രൂപീകരിക്കുന്നതിനായി, കഴിഞ്ഞ മിത്ര കാലത്തെ ഉപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കൂ. കൈക്ക് വോട്ട് ചെയ്യൂ, ജയ് ഹിന്ദ്'' എന്നാണ് രാഹുലിൻറെ വീഡിയോക്കൊപ്പം പോസ്റ്റിൽ നൽകിയിരിക്കുന്ന കുറിപ്പ്.
യഥാർത്ഥ വീഡിയോയിൽ അദ്ദേഹം പറയുന്നത്- ''നമസ്‌കാരം, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണിത്. ഒരുവശത്ത് ബി.ജെ.പിയും ആർ.എസ്.എസ്സും ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കാൻ ശ്രമിക്കുന്നു. മറുവശത്ത് ഇവ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസും ഇന്ത്യ സഖ്യവും നടത്തുന്നത്'' എന്നാണ്.
വീഡിയോയിൽ രാഹുൽ പറഞ്ഞ ചില വാക്കുകളെ പരസ്പരം മാറ്റിയാണ് വ്യാജ വീഡിയോ സൃഷ്ടിച്ചത് എന്ന് വ്യക്തമാണ്. വീഡിയോയുടെ 0:07-0:13 ഭാഗത്ത് പരാമർശിക്കുന്ന ബി.ജെ.പി, ആർ.എസ്.എസ് എന്നീ വാക്കുകൾക്ക് പകരം കോൺഗ്രസ്സ്, ഇന്ത്യ സഖ്യം എന്ന് ചേർത്തു. സമാനമായി നരേന്ദ്ര മോദി 22-25 കോടീശ്വരന്മാരെ സൃഷ്ടിച്ചു, കോൺഗ്രസ്സ് കോടിക്കണക്കിന് സ്ത്രീകളെയും യുവജനങ്ങളെയും ലക്ഷാധിപതികളാക്കാനാണ് ശ്രമിക്കുന്നത് എന്ന ഭാഗത്തും മാറ്റം വരുത്തി. മോദിക്ക് പകരം അവിടെ കോൺഗ്രസ് എന്ന് എഡിറ്റ് ചെയ്ത് ചേർത്ത് കോടീശ്വരന്മാരെ കോൺഗ്രസ്സാണ് സൃഷ്ടിച്ചതെന്നാക്കി.
കൃത്യമായി പറയുകയാണെങ്കിൽ യഥാർത്ഥ വീഡിയോയിൽ രാഹുൽ പരാമർശിക്കുന്ന ബി.ജെ.പി, ആർ.എസ്.എസ് നരേന്ദ്ര മോദി തുടങ്ങിയ വാക്കുകൾ മാത്രം തിരഞ്ഞെടുത്ത് മാറ്റം വരുത്തിയാണ് തെറ്റായ തരത്തിൽ പ്രചരിപ്പിക്കുന്നത്.
ലോക് സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുൻപായിട്ടായിരുന്നു രാഹുലിന്റെ യഥാർത്ഥ വീഡിയോ പുറത്തിറക്കിയത്. ദേശീയ മാധ്യമങ്ങളായ ദി എകണോമിക് ടൈംസ്, ഫിനാൻഷ്യൽ ഡെയ്ലി തുടങ്ങിയവ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാസ്തവം
രാഹുൽ ഗാന്ധി ബി.ജി.പിക്ക് വേണ്ടി വോട്ടഭ്യർത്ഥന നടത്തി എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്. രാഹുലിന്റെ വീഡിയോ എഡിറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ലോജിക്കലി ഫാക്ട്‌സ് പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: In the fake video, Rahul says that the India is trying to destroy democracy and the constitution