തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഹുൽ ബാങ്കോക്കിലേക്ക് പോകുമെന്ന് വ്യാജ പ്രചാരണം | Fact Check

#Published by Boom . Edited by Mathrubhumi
.
.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ മണിക്കൂറുകൾ മത്രം ശേഷിക്കെ രാഹുൽ ഗാന്ധിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പുഫലം പുറത്ത് വന്ന് തൊട്ടടുത്ത ദിവസമായ ജൂൺ അഞ്ചിന് രാഹുൽ തായ്ലാൻറിലെ ബാങ്കോക്കിലേക്ക് പോകും എന്നാണ് വാദം. ഇതിന് തെളിവെന്നോണം രാഹുലിന്റെ പേരിൽ, വിസ്താര വിമാനത്തിന്റെ ബോർഡിംഗ് പാസ്സിന്റെ ചിത്രവും നൽകിയിട്ടുണ്ട്. നിരവധി പേരാണ് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ഇതിലെ വസ്തുത പരിശോധിക്കാം.

അന്വേഷണം

പ്രചരിക്കുന്ന ചിത്രത്തിലെ ബോർഡിംഗ് പാസ് വിശദമായി പരിശോധിച്ചതിൽനിന്ന് ഇതിൽ ഫ്‌ലൈറ്റ് നമ്പർ വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ശ്രദ്ധയിൽപ്പെട്ടു. 'UK121' എന്നാണ് ഒരു ഭാഗത്ത് രേഖപ്പെടുത്തിയതെങ്കിൽ മറുവശത്ത് 'UK115'എന്നാണ് ഉള്ളത്. പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാകാമെന്ന സൂചനയാണ് ഇത് നൽകുന്നത്.

ഈ ഫോട്ടോ റിവേഴ്‌സ് ഇമേജ്  സർച്ച് ചെയ്തതിൽനിന്ന് ഒരു സൈറ്റിൽ ഇതേ ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. യാത്രാ ട്രെൻഡുകൾ, ഏവിയേഷൻ, ഹോട്ടലുകൾ, യാത്രികരുടെ അനുഭവക്കുറിപ്പുകൾ, ലോയൽറ്റി പ്രോഗ്രാംസ് എന്നിവയുമായി ബന്ധപ്പെട്ട വാർത്തകളും മറ്റും പ്രസിദ്ധീകരിക്കുന്ന 'ലിവ് ഫ്രം എ ലോഞ്ച്' എന്ന സൈറ്റിൽ 2019 ഓഗസ്റ്റ് ഏഴിനാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്- 
https://web.archive.org/web/20240602044723/https://livefromalounge.com/vistara-to-singapore-uk115-review/ 

യഥാർത്ഥ ചിത്രത്തിൽ ബോർഡിംഗ് പാസിൽ നൽകിയിരിക്കുന്ന പേര് അജയ് അവ്താനെ എന്നാണ്. 2019 ഓഗസ്റ്റ് ആറിന് ഡൽഹിയിൽനിന്ന് സിംങ്കപ്പുരിലേക്കുള്ള യാത്രയുടെ ബോർഡിംഗ് പാസ്സായിരുന്നു അത്. 

പ്രചരിക്കുന്ന ചിത്രവും യഥാർഥ ചിത്രവും തമ്മിലുള്ള താരതമ്യം ചുവടെ നൽകുന്നു. 

പ്രതികരണത്തിനായി അജയ് അവതാനെയുമായി ബന്ധപ്പെട്ടു. മുകളിൽ സൂചിപ്പിച്ച ലിവ് ഫ്രം എ ലോഞ്ചിന്റെ സ്ഥാപകനും എഡിറ്ററുമാണ് അദ്ദേഹം. ലേഖനത്തിൽ നൽകിയിരിക്കുന്നത് തന്റെ ബോർഡിംഗ് പാസ്സ് ആണെന്ന് അജയ് സ്ഥിരീകരിച്ചു. വിസ്താരയുടെ ആദ്യ ഇൻറർനാഷ്ണൽ ഫ്‌ലൈറ്റായിരുന്നു അതെന്നും ആ യാത്രയിൽ താനും ഉണ്ടായിരുന്നെന്നും അജയ് പറഞ്ഞു. മാത്രമല്ല, ബോർഡിംഗ് പാസ്സിന്റെ ചിത്രം എഡിറ്റ് ചെയ്ത് വ്യക്തി അതിലെ ഫ്‌ലൈറ്റ് നമ്പർ ഒരു സ്ഥലത്ത് മാറ്റം വരുത്തിയപ്പോൾ മറുവശത്ത് മാറ്റാൻ വിട്ടുപോയെന്നും അദ്ദേഹം പറഞ്ഞു. 

വാസ്തവം

രാഹുൽ ഗാന്ധി ബാങ്കോക്കിലേക്ക് യാത്ര പോകുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ബോർഡിംഗ് പാസ്സിൻറെ ചിത്രം എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണ്.  

(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ബൂം പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)

Content Highlights: a picture of Vistara flight's boarding pass has also been provided in the name of Rahul Gandhi