നിതീഷ് എൻ.ഡി.എ സഖ്യം വിട്ടുവെന്ന് വ്യാജപ്രചാരണം, വീഡിയോ 2022-ലേത് | Fact Check

ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു) നേതാവ് നിതീഷ് കുമാർ കാലുമാറി, കന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു എന്ന തരത്തിൽ സമൂഹമാധ്യമമായ എക്‌സിൽ (നേരത്തെ ട്വിറ്റർ) വ്യാപക പ്രചാരണം നടക്കുന്നുണ്ട്. നിതീഷ് ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കുമെന്നും രാഹുൽഗാന്ധി അടുത്ത പ്രധാനമന്ത്രിയാകും എന്നുമാണ് അവകാശവാദം. തെളിവെന്നോണം ഹിന്ദി ന്യൂസ് ചാനലായ ന്യൂസ് 24 സംപ്രേഷണം ചെയ്ത വാർത്തയുടെ ദൃശ്യങ്ങളും നൽകിയിട്ടുണ്ട്. നിതീഷ്‌കുമാർ മാധ്യമങ്ങളോട് നടത്തിയ പ്രതികരണമാണിതിൽ. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയും എം.പിമാരുടെയും എം.എൽ.എമാരുടെയും ആഗ്രഹാനുസരണം എൻ.ഡി.എ. വിടുന്നു എന്നാണ് ഇതിൽ നീതീഷ് പറയുന്നത്. ഇതിലെ വാസ്തവം പരിശോധിക്കാം.
അന്വേഷണം
ഇക്കഴിഞ്ഞ ജൂൺ 21-ന് പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ 3.70 ലക്ഷം പേർ കാണുകയും ഏഴായിരത്തിലധികം പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രാഥമികമായി, ന്യൂസ് 24 ഇങ്ങനെ ഒരു വാർത്ത നൽകിയിരുന്നോ എന്ന് പരിശോധിച്ചു. എന്നാൽ ഈ അടുത്തൊന്നും ഇങ്ങനെ ഒരു വാർത്ത ചാനൽ സംപ്രേഷണം ചെയ്തിട്ടില്ല എന്ന് ബോധ്യമായി. പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന സംഭവം ഇപ്പോഴത്തേതല്ല എന്ന് വ്യക്തമായ സാഹചര്യത്തിൽ ജെ.ഡി.യു പണ്ട് എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചപ്പോഴുള്ളതാകാനാണ് സാധ്യത എന്ന് അനുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കീ വേർഡ് സർച്ച് ചെയ്തതിൽനിന്നും ന്യൂസ് 24 ചാനൽ 2022 ഓഗസ്റ്റ് 9-ന് സംപ്രേഷണം ചെയ്ത ഒരു വീഡിയോ ലഭിച്ചു. 'നിതീഷ് കുമാർ ബിജെപി ബന്ധം എന്തിന് ഉപേക്ഷിച്ചു' എന്നാണ് 49:20 മിനുറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയുടെ തലക്കെട്ട്.
ഈ വീഡിയോയുടെ 0:55 സെക്കൻറ് മുതൽ ഉള്ള 49 സെക്കൻറ് ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുമുള്ളത്. ടൈസം നൗ ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നിതീഷ് കുമാറിന്റെ ഈ പ്രതികരണം പോസ്റ്റ് ചെയ്തിട്ടുണ്ട്.
All MPs and MLAs reached a consensus that we should leave the NDA: Nitish Kumar#WATCH | All MPs and MLAs reached a consensus that we should leave the NDA. Soon after, I resigned as Bihar CM, says Nitish Kumar. #Bihar #NitishKumar #BiharPoliticalCrisis #News #TimesNow #TimesNowNews VC: ANI
Posted by TIMES NOW on Tuesday, August 9, 2022
2022 ഓഗസ്റ്റ് 9-ന് വൈകീട്ടോടെയായിരുന്ന നിതീഷ് ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ബി.ജെ.പി, ജെ.ഡി.യുവിനെ പിളർത്താൻ നോക്കുന്നു എന്നായിരുന്നു നീതീഷ് ഉന്നയിച്ച ആരോപണം. രാജിക്ക് ശേഷം അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണമാണ് പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്. ആർ.ജെ.ഡിയും കോൺഗ്രസും ഇടതുപാർട്ടികളും അന്ന് നിതീഷിന് പിന്തുണ നൽകുകയും മഹാസഖ്യ സർക്കാർ പിന്നീട് അധികാരത്തിൽ വരുകയും ചെയ്തു. 2024 ജനുവരിയിൽ മഹാസഖ്യ സർക്കാർ പിരിച്ച് വിട്ട് നിതീഷ് കുമാർ വീണ്ടും എൻ.ഡി.എയിലേക്ക് മടങ്ങുകയും പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തു.
വാസ്തവം
കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ. സർക്കാറിനുള്ള പിന്തുണ ജെ.ഡി.യു. പിൻവലിച്ചു എന്ന പ്രചാരമണം വ്യാജമാണ്. 2022-ൽ അദ്ദേഹം ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം നടത്തിയ പ്രതികരണമാണ് ഇപ്പോൾ തെറ്റായി പ്രചരിപ്പിക്കുന്നത്.