പണമെല്ലാം മുസ്ലിങ്ങൾക്ക് വീതിച്ച് നൽകുമെന്ന് ഖാർഗെ പറഞ്ഞതായി വ്യാജ പ്രചാരണം | Fact Check

#Published by IndiaToday. Edited by Mathrubhumi
.
.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കെതിരെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് മുസ്ലിങ്ങൾക്ക് നൽകുമെന്ന് ഖാർഗെ തുറന്നുപറഞ്ഞു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ഇസ്ലാംമത വിശ്വാസികൾ വയക്കുന്ന തൊപ്പി ധരിച്ച ഖാർഗെയുടെ ചിത്രവും ചേർത്തിട്ടുണ്ട്.

'ഒരു കോൺഗ്രെസ്സ്‌കാരൻ ---- മോന്റെ  പ്രസംഗം കേൾക്കുക!
കോൺഗ്രസ്സ് ജയിച്ചാൽ ഞങ്ങൾ നിങ്ങളുടെ വീടുകളിൽ കയറും അലമാരകൾ കുത്തി തുറക്കും. പണം മുഴുവൻ എടുക്കും എന്നിട്ട് മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് വീതിച്ചു കൊടുക്കും. കൂടുതൽ കുട്ടികൾ ഉള്ള മുസൽമാന് ഞങ്ങൾ കൂടുതൽ പണം കൊടുക്കും' കോൺഗ്രസ്സ് എന്തു ചെയ്യാൻ പോകുന്നു എന്ന ചോദ്യത്തിന് ഇതാണ് ഉത്തരം.....  'കോൺഗ്രസ്സ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗേ'' എന്ന തലകെട്ടോടെ പ്രചരിക്കുന്ന പോസ്റ്റിന്റെ പൂർണരൂപം

ഒരു കോൺഗ്രസ്സുകാരൻ ---- മോന്റെ പ്രസംഗം കേൾക്കുക!!! കോൺഗ്രസ്സ് ജയിച്ചാൽ ഞങ്ങൾ നിങ്ങളുടെ വീടുകളിൽ കയറും... അലമാരകൾ കുത്തി തുറക്കും.... പണം മുഴുവൻ എടുക്കും.... എന്നിട്ട് മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് വീതിച്ചു കൊടുക്കും... കൂടുതൽ കുട്ടികൾ ഉള്ള മുസൽമാന് ഞങ്ങൾ കൂടുതൽ പണം കൊടുക്കും" കോൺഗ്രസ്സ് എന്തു ചെയ്യാൻ പോകുന്നു എന്ന ചോദ്യത്തിന് ഇതാണ് ഉത്തരം ".കോൺഗ്രസ്സ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗേ.

Posted by Jagan Navaneeth on Wednesday, May 8, 2024

എന്നാൽ ഈ പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണ്. 

അന്വേഷണം

വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചതിൽനിന്നു മല്ലികാർജ്ജുൻ ഖാർഗെയുടെ  പ്രസംഗ വീഡിയോയുടെ പൂർണരൂപം ലഭ്യമായി.  കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ  2024 മെയ് മൂന്നിന് ഇത് ലൈവ് സ്ട്രീം ചെയ്തിട്ടുണ്ട്. 'കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അഹമ്മദാബാദിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു' എന്ന തലക്കെട്ടാണ് വീഡിയോക്ക് നൽകിയിട്ടുള്ളത്.  

ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോയിൽ ഖാർഗെയുടെ  പ്രസംഗത്തിൽ കോൺഗ്രസിന്റെ പ്രകടനപത്രികയെ കുറിച്ചും വാഗ്ദാനങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിക്കുന്നു.തുടർന്നാണ് വൈറലായ വീഡിയോ ഭാഗത്തിലുള്ള കാര്യം ഖാർഗെ പറയുന്നത്. ''മോദി സാഹിബ് പറഞ്ഞു, കോൺഗ്രസുകാർ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? കോൺഗ്രസുകാർ നിങ്ങളുടെ വീട് കുത്തിത്തുറന്ന് അലമാര തകർത്ത് പണമെല്ലാം പുറത്തെടുത്ത് പുറത്തുള്ളവർക്കെല്ലാം വിതരണം ചെയ്യുന്നു, മുസ്ലീങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നു, കൂടുതൽ കുട്ടികളുള്ളവർക്ക് കൂടുതൽ ലഭിക്കും. സഹോദരാ, നിങ്ങൾക്ക് കുട്ടികളില്ലെങ്കിൽ ഞാൻ എന്തുചെയ്യണം?' എന്നാണ് ഖാർഗെ പറയുന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ 31:54 മിനിറ്റ് മുതലാണ് ഈ ഭാഗം വരുന്നത്.

വൈറൽ വീഡിയോയിൽ കാണുന്ന പ്രസംഗത്തിലെ ഭാഗത്തിന് ശേഷം തങ്ങൾ ഇത്തരത്തിലൊന്നും ചെയ്യാൻ പോകുന്നില്ലെന്നും ആരെയും ഇങ്ങനെ പുറത്താക്കാൻ പോകുന്നില്ലെന്നും മോദി പ്രചരിപ്പിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും മല്ലികാർജ്ജുൻ ഖാർഗെ വിശദീകരിക്കുന്നുണ്ട്. ഇതിൽനിന്നു പ്രധാനമന്ത്രി മോദി നടത്തിയ പരാമർശങ്ങളെ വിമർശിക്കുകയായിരുന്നു അദ്ദേഹമെന്ന് വ്യക്തമാണ്. 

കോൺഗ്രസ് എല്ലാവരുടെയും സമ്പത്തും മംഗൽസൂത്രവും തട്ടിയെടുത്ത് മുസ്ലീങ്ങൾക്കിടയിൽ വിതരണം ചെയ്യുമെന്ന് രാജസ്ഥാനിലെ ഒരു റാലിയിൽവച്ചാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. ഇതിനുള്ള മറുപടിയായിരുന്നു മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രസംഗം. മോദിയുടെ പ്രസ്താവന സംബന്ധിച്ച വാർത്ത വായിക്കാം -  

https://www.google.com/url?q=https://www.thehindubusinessline.com/news/elections/congress-will-nsatch-mangalsutra-of-mothers-and-sisters-modi/article68094910.ece&sa=D&osurce=docs&ust=1715424047225735&usg=AOvVaw2k36T2J1RsUhcKUStC8t5y

ലഭ്യമായ വിവരങ്ങളിൽനിന്നു മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രസംഗ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് വ്യക്തമായി.

വാസ്തവം 

മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രസംഗത്തിൽനിന്നു ചില ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായി പ്രചരിപ്പിക്കുകയാണ്. യഥാർത്ഥത്തിൽ പ്രധാനമന്ത്രി നരന്ദ്ര മോദി നടത്തിയ വിവാദ പ്രസ്താവനകളെ വിമർശിക്കുകയായിരുന്നു ഖാർഗെ തന്റെ പ്രസംഗത്തിലൂടെ. 

(ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിൻറെ ഭാഗമായി ഇന്ത്യാടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)

Content Highlights: Below the video description that is a picture of Kharge wearing a hat worn by Muslims | Fact Check