സി.പി.എം നേതാവ് എം സ്വരാജ് മുഖ്യമന്ത്രിയെ പരിഹസിച്ചതായി വ്യാജ പ്രചാരണം | Fact Check

#Published by India today. Edited by Mathrubhumi
.
.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് പല കോണുകളിൽനിന്നും വിമർശനം ഉയർന്നിരുന്നു. ഇതിനിടെ സി.പി.എം. നേതാവും മുൻ എം.എൽ.എയുമായ എം. സ്വരാജ് പിണറായി വിജയനെ പരിഹസിച്ചു എന്ന വാദവുമായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പോസ്റ്റിൽ പറയുന്നത് - 

'അടിക്കെടാ കയ്യ്....സ്വരാജ് നായരോട് ഇപ്പോഴാണ് ഒരല്പം സ്നേഹം തോന്നിയത്.. ????
തന്നെ കാലുവാരി തോല്പ്പിച്ചു കുണ്ടന്നൂർ പാലത്തിനടിയിൽ തള്ളിയ പിണറായിക്കെതിരെയുള്ള ആഞ്ഞടി ' 
ഫേസ്ബുക്ക് പോസ്റ്റ് കാണാം.

ഈ പ്രചാരണം തീർത്തും തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം. എം സ്വരാജിന്റെ പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയിരുന്നില്ല. മറിച്ച് യു.ഡി.എഫിനെതിരെ ആയിരുന്നു. വിശദാംശങ്ങൾ ചുവടെ വായിക്കാം

അന്വേഷണം 

എം. സ്വരാജിന്റെ പ്രസംഗമാണ് പ്രചരിക്കുന്ന പതിനൊന്ന് സെക്കൻറ്  ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. ഇതിൽ അദ്ദേഹം വിമർശം ഉന്നയിക്കുന്ന സമയത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെയും അദ്ദേഹത്തിന്റെ വിദേശ യാത്രയിൽ നിന്നുള്ള ചിത്രങ്ങളും നൽകിയിരിക്കുന്നതായി കാണാം. പ്രസംഗ വീഡിയോയുടെ കീഫ്രേമുകൾ റിവേഴ്‌സ് ഇമേജ് ചെയ്തതിൽനിന്നു സമാന വീഡിയോ കണ്ടെത്തി. ഏപ്രിൽ 20-നാണ് ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയെക്കാളും ഇതിന് അൽപം കൂടെ ദൈർഘ്യമുണ്ട്. ഇതിൽ സ്വരാജ് ലീഗിനെയും കോൺഗ്രസ്സിനെയും ആണ് വിമർശിക്കുന്നത് എന്ന് വ്യക്തമായി.

സംഘപരിവാർ ഈ രാജ്യത്തെ തകർക്കാൻ ശ്രമിക്കുമ്പോഴാണ് അവന്റെ #അമ്മൂമ്മടെ_ബലൂണും_പീപ്പീയും😍😍 നാണമുണ്ടോ കോൺഗ്രസേ ഈ #രാജ്യത്തെ_രാഷ്ട്രീയപാർട്ടിയാണ് എന്ന് പറഞ്ഞു നടക്കാൻ 😏 #V_C_CUT M Swaraj #Election2024

Posted by Ratheesh DS on Friday, April 19, 2024

ഈ പ്രസംഗം എവിടെ നടത്തിയതാണ് എന്നത് അടക്കമുള്ള വിവരങ്ങൾ കണ്ടെത്തണം. പ്രചരിക്കുന്ന ദൃശ്യങ്ങൾ ക്രോപ്പ് ചെയ്തതതാണ്, ആയതിനാൽ അതിന്റെ പശ്ചാത്തലം വ്യക്തമല്ല. ഇതിൽ ഒരു ഇൻസ്റ്റഗ്രാം ഐഡിയുടെ വാട്ടർമാർക്കിന്റെ ഏതാനും ഭാഗവും കാണാനാകും. ഇത് അടിസ്ഥാനമാക്കി നടത്തിയ പരിശോധനയ്ൽ എം. സ്വരാജ് ഫാൻസ് എന്ന ഇൻസ്റ്റഗ്രാം പേജിൽനിന്ന് ഇതേ വീഡിയോയുടെ കുറച്ചൂടെ ദൈർഘ്യമുള്ള പതിപ്പ് ലഭിച്ചു. ഏപ്രിൽ 20-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വീഡിയോ പരിശോധിച്ചതിൽനിന്നു യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടി പതാകകൾക്ക് പകരം ബലൂണുകൾ ഉപയോഗിക്കാനുള്ള നിർദ്ദേശത്തെ പരിഹസിച്ചുകൊണ്ടാണ് സ്വരാജ് സംസാരിക്കുന്നതെന്ന് വ്യക്തമായി. പൊന്നാനി, ലോക്സഭാ ഇലക്ഷൻ തുടങ്ങിയ ഹാഷ് ടാഗുകൾക്കൊപ്പമാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്.

വീഡിയോയുടെ വലതുഭാഗത്ത് മുകളിലായി എൻസിവി ചാനൽ എന്ന ലോഗോ കാണാം. ഇതിനു താഴെയായി 19.04.2024 എന്ന് തിയതിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോൾ പൊന്നാനിയിലുള്ള പ്രാദേശിക മാധ്യമമായ എൻസിവി ന്യൂസിൻറെ യൂട്യൂബ് ചനാലിൽ ഇതേ വീഡിയോ കണ്ടെത്തി 

'' അമ്മൂമടെ പീപ്പിയും ബലൂണും കോൺഗ്രസ്സിനെ വിമർശിച്ച് എം സ്വരാജ് ''

Posted by PAGE TV on Friday, April 19, 2024

കോൺഗ്രസിനും ലീഗിനും എതിരായ ആരോപണമാണ് ഇതിലുമുള്ളത്. പ്രസംഗത്തിന്റെ പൂർണ്ണരൂപം കണ്ടെത്തുന്നതിനായി തുടർ പരിശോധന നടത്തി. പൊന്നാനിയിൽ എം.സ്വരാജ് പങ്കെടുത്ത തിരഞ്ഞെടുപ്പ് പരിപാടികളെക്കുറിച്ച് കീവേർഡ് സെർച്ച് നടത്തിയപ്പോൾ പേജ് ടിവി എന്ന മറ്റൊരു ഫേസ്ബുക്ക് പേജിൽ  സ്വരാജിന്റെ പ്രസംഗത്തിന്റെ പൂർണ്ണഭാഗം കണ്ടെത്തി

രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ മുസ്ലീം ലീഗ് പതാക ഉയർത്തിയാൽ അതിനെ പാകിസ്താൻ പതാകയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ആർ.എസ്.എസ്. അജൻഡ ചെറുത്ത് തോൽപ്പിക്കണം. അതിനു പകരം പതാക തന്നെ വേണ്ടെന്ന് വച്ചത് കോൺഗ്രസിന്റെ ആർജവമില്ലായ്മയാണെന്ന് സ്വരാജ് വിമർശിക്കുന്നു . വീഡിയോയുടെ പൂർണരൂപം കാണാം


  
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. 

വാസ്തവം

എം. സ്വരാജ് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സ്വരാജിന്റെ പ്രസംഗത്തിൽനിന്നു ചില ഭാഗങ്ങൾ സന്ദർഭം വ്യക്തമാക്കാതെ അടർത്തിയെടുത്താണ് വ്യാജ പ്രചാരണം നടത്തുന്നത്. വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് പതാകകൾ ഒഴിവാക്കാനുള്ള യു.ഡി.എഫ്. തീരുമാനത്തെയാണ് സ്വരാജ് പ്രസംഗത്തിൽ വിമർശിച്ചത്. 


(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)

Content Highlights: A video is circulating on social media claiming that Swaraj Pinarayi mocked Vijayan | Fact Check