രാജസ്ഥാനിൽ ജയിച്ച സി.പി.എം. സ്ഥാനാർഥി ബി.ജെ.പിയിൽ ചേർന്നതായി വ്യാജ പ്രചാരണം | Fact Check

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ സിക്കറിൽ ബി.ജെ.പിയുടെ സിറ്റിംഗ് എം.പി. സുമേധാനന്ദ സരസ്വതിയെ പരാജയപ്പെടുത്തിയായിരുന്നു സി.പി.എം. സ്ഥാനാർത്ഥി അമ്റാ റാം വിജയിച്ചത്. എന്നാൽ ''രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിലേക്ക്,'' എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിലെ വാസ്തവം പരിശോധിക്കാം.
https://www.facebook.com/276354972986739/posts/1460890764533148
അന്വേഷണം
ബി.ജെ.പിയുടെ കാവി ഷാൾ കഴുത്തിലണിഞ്ഞ ഒരാൾ കൈകൾ കൂപ്പിനിൽക്കുന്നതും മറ്റൊരാൾ അയാളെ അഭിനന്ദിക്കുന്നതുമാണ് പ്രചരിക്കുന്ന പോസ്റ്ററിലെ ചിത്രത്തിലുള്ളത്. എന്നാൽ ഇതിൽ കാണുന്ന വ്യക്തി സി.പി.എം. സ്ഥാനാർത്ഥി അമ്റാ റാമല്ല. ഈ ചിത്രം ആരുടേതാണെന്ന് പരിശോധിച്ചു. കാർഡ് റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തതിൽനിന്ന് ഇന്ത്യൻ എക്‌സ്പ്രസിന്റെ വെബ്സൈറ്റിൽ 2024 ജൂൺ നാലിന് പ്രസിദ്ധീകരിച്ച ഒരു ചിത്രം ലഭിച്ചു.
'വഡോദരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജഷ്പാൽ സിംഗ് പധ്യാർ ബി.ജെ.പിയുടെ ഹേമാംഗ് ജോഷിക്കൊപ്പം വഡോദര പോളിംഗ് സ്റ്റേഷനിൽ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 54,2084 വോട്ടുകളുടെ ലീഡ് നേടിയ ബി.ജെ.പി. സ്ഥാനാർത്ഥിയെ അഭിനന്ദിക്കുന്ന വഡോദര സിറ്റി കോൺഗ്രസ് പ്രസിഡന്റ് രുത്വിജ് ജോഷി,'' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വഡോദരിയലെ ബി.ജെ.പി. സ്ഥാനാർത്ഥി ഹേമാംഗ് ജോഷിതന്നെയാണ് ഇതെന്ന് പരിശോധനയിൽ ഉറപ്പിച്ചു.
https://www.myneta.info/LokSabha2024/candidate.php?candidate_id=3606
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം രാജസ്ഥാനിലെ സിക്കറിൽനിന്നു വിജയിച്ച സി.പി.എം. സ്ഥാനാർഥിയായ അമറാ റാം ഇന്ത്യാ സഖ്യത്തിനും വോട്ടർമാർക്കും നന്ദി പറയുന്ന വീഡിയോ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ. ജൂൺ അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു.
അമ്‌റാ റാമിന്റെ എക്‌സ് ഹാൻറിൽ ഇപ്പോഴും സി.പി.എം. രാജസ്ഥാൻ സെക്രട്ടറി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച താൻ ഉൾപ്പടെയുള്ള സി.പി.എം സ്ഥാനാർത്ഥികളുടെ ചിത്രവും അമറാ റാം എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വാസ്തവം
രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ വിജയിച്ച സി.പി.എം. സ്ഥാനാർത്ഥി ബി.ജെ.പിയിലേക്ക് എന്ന പ്രചാരണം വ്യാജമാണ്. വഡോദരയിലെ ബി.ജെ.പി. സ്ഥാനാർത്ഥി ഹേമാംഗ് ജോഷിയുടെ ചിത്രമാണ് തെറ്റായ അവകാശവാദങ്ങളോടെ പ്രചരിപ്പിക്കുന്നത്.
( തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ദി ക്വിൻറ് പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: Social media propaganda says that CPM candidate who won in Rajasthan joins BJP