വി എസ് ശിവകുമാറിന്റെ സഹോദരിയെ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറായി നിയമിച്ചോ?

സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ സഹോദരി ഭർത്താവിനെ നിയമിച്ചതും വിവാദമായതിനെ തുടർന്ന് അദ്ദേഹം രാജിവെച്ചതും വാർത്താ പ്രാധാന്യം നേടിയിരുന്നു. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി.എസ്. ശിവകുമാറിനെതിരെയും സമാനമായ ബന്ധുനിയമന ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ശിവകുമാറിന്‍റെ സഹോദരി ഡോ. മിനിയെ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറായി നിയമിച്ചു എന്നാണ് വാദം. അർഹതയുള്ള മറ്റൊരാളെ മറികടന്നായിരുന്നു ഇതെന്നും പോസ്റ്റിലുണ്ട്.
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് -
‘വീണ്ടും ബന്ധു നിയമനം മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ സ്വന്തം സഹോദരി ഡോ: മിനിയെ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായി വഴിവിട്ട നിയമനം. ഡി എം ഇ ( ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ) പോസ്റ്റ് കഴിഞ്ഞാൽ തൊട്ടടുത്ത കീ പോസ്റ്റ് ആണിത്. മാനദണ്ഡങ്ങൾ ലംഘിച്ച്, അവരെക്കാൾ സീനിയറായ, അർഹത ഉള്ള ആളെ തഴഞ്ഞാണ് ഈ ബന്ധു നിയമനം. അർഹതയുള്ളയാൾ ട്രൈബ്യൂണലിൽ പോകുകയും കോടതി ട്രാൻസർ സ്റ്റേ ചെയ്യുകയും ചെയ്തു. എന്നിട്ടും ആ സ്റ്റേ ഉത്തരവ് നിലനിൽക്കെ അത് ലംഘിച്ച് ഡോ: മിനി ഇന്ന് ചാർജ്ജ് എടുക്കാൻ വരികയും ഒരു ഉത്തരവും ഇല്ലാതെ ഉച്ച വരെ സീറ്റിൽ ഇരിക്കുകയും ചെയ്തു. ചോദ്യം ചെയ്തപ്പോൾ സ്റ്റേ ഉത്തരവ് രേഖാ മൂലം വന്നില്ലല്ലോ , അവർ അവിടെ തന്നെ ഇരിക്കും എന്നായിരുന്നു മന്ത്രി ഓഫീസ് അറിയിച്ചത്. തൽക്കാലം ജോ. ഡയറക്ടർ സ്ഥാനത്ത് ഇരുത്തി മൂന്ന് മാസം കഴിയുമ്പോൾ ഡയറക്ടർ ആക്കുക ആണ് ലക്ഷ്യം. മാധ്യമങ്ങൾ എല്ലാം അറിഞ്ഞിട്ടും ഇത് വരെ വാർത്ത എയർ ചെയ്യാതെ മുക്കി വെച്ചിരിക്കുകയാണ്.
എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
പരിശോധനയിൽ തനിക്കെതിരായ പ്രചാരണം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് വ്യക്തമാക്കി വി എസ് ശിവകുമാർ ജൂൺ 7-ന് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചതായി കണ്ടെത്തി. “സാമൂഹിക മാധ്യമങ്ങളിലൂടെ എനിക്കെതിരെ അടിസ്ഥാനരഹിതവും വ്യാജവുമായ ആരോപണങ്ങൾ ഉന്നയിച്ച്, എനിക്ക് ഇല്ലാത്ത സഹോദരിക്ക് ട്രാൻസ്ഫർ വാങ്ങിക്കൊടുത്തുവെന്ന തരത്തിൽ അസത്യ പ്രചാരണം നടത്തി വ്യക്തിഹത്യയ്ക്ക് ശ്രമിച്ച ടിറ്റോ ആന്റണിക്കും, ആ വ്യാജവാർത്ത പ്രചരിപ്പിച്ച SVS Vibes എന്ന യൂട്യൂബ് ചാനലിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അഭിപ്രായ സ്വാതന്ത്ര്യം എന്നത് വ്യാജ വാർത്തകളും അപവാദ പ്രചാരണങ്ങളും നടത്താനുള്ള ലൈസൻസല്ല. പൊതുപ്രവർത്തകരെ രാഷ്ട്രീയമായി വിമർശിക്കാം, പക്ഷേ അതിന് സത്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാനമുണ്ടാകണം. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുന്നു” എന്നാണ് പോസ്റ്റിൽ പറയുന്നത്.
ഈ ആരോപണം ആദ്യമായി ഉന്നയിച്ച ടിറ്റോ ആന്റണി മേച്ചേരി എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചു. തനിക്ക് വസ്തുതാപരമായ പിശക് സംഭവിച്ചതായും വി.എസ്. ശിവകുമാറിന് സഹോദരിമാരില്ലെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് ജൂൺ 4-ന് പങ്കുവച്ച പോസ്റ്റ് പിൻവലിച്ചതായും തെറ്റായ വിവരം പങ്കുവെച്ചതിൽ ഖേദമുണ്ടെന്നും വ്യക്തമാക്കി ഇയാൾ പോസ്റ്റ് ചെയ്തിരുന്നു.
വി.എസ്. ശിവകുമാറിന് സഹോദരിയല്ല മറിച്ച് സഹോദരനാണുള്ളത്. വി.എസ്.ജയകുമാർ. ഇദ്ദേഹം ശബരിമയിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം സെക്രട്ടറി എന്നീ തസ്‌തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ജയകുമാർ അഴിമതി നടത്തി അനധികൃതമായി സ്വത്ത് നേടി എന്ന ആരോപണം ഉണ്ടായിരുന്നു. 2013 മുതൽ 2015 വരെയുള്ള കാലങ്ങളിൽ പാത്രങ്ങളും മറ്റും വാങ്ങിയതിൽ വൻ അഴിമതി നടത്തിയെന്നായിരുന്നു പരാതി. (വി.എസ്. ശിവകുമാർ ദേവസ്വം മന്ത്രിയായിരുന്ന 2014-15 കാലവും ഉൾപ്പടെ) 2017-ൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ജയകുമാർ 1.87 കോടിയുടെ അഴിമതി നടത്തിയതായാണ് കണ്ടെത്തിയത്.
വാസ്തവം
വി.എസ്. ശിവകുമാറിന്റെ സഹോദരിയെ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറായി നിയമിച്ചുവെന്ന പ്രചാരണം വ്യാജമാണ്. ശിവകുമാറിന് സഹോദരിയില്ല, മറിച്ച് ഒരു സഹോദരൻ മാത്രമാണുള്ളത്. ഈ ആരോപണം ഉന്നയിച്ച വ്യക്തി തന്നെ തെറ്റായ വിവരമാണ് പങ്കുവച്ചതെന്നും ഇതിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
Content Highlights: Investigation into social media claims regarding VS Sivakumar's sister., Confirmation that VS Sivakumar does not have a sister., The accuser publicly apologized for spreading misinformation., Legal actions initiated against those spreading fake news., Clarification on the status of VS Jayakumar, the former minister's brother.