‘വിമാനത്താവളത്തിൽ കീചെയിൻ കെണിയോ’? പ്രചരിക്കുന്ന സന്ദേശത്തിൻ്റെ വാസ്തവമറിയാം|Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്ക്

“വിമാനത്താവളങ്ങളിലും പൊതുസ്ഥലങ്ങളിലും അപരിചിതർ നൽകുന്ന മനോഹരമായ കീ ചെയിനുകൾ വാങ്ങുകയോ  സ്വീകരിക്കുകയോ ചെയ്യരുത്. ഇവയിൽ ട്രാക്കിംഗ് ചിപ്പുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും, ഇത് ഉപയോഗിച്ച് ക്രിമിനലുകൾക്ക് നിങ്ങളുടെ വീടും വാഹനവും പിന്തുടരാൻ കഴിയുമെന്ന് പോലീസ് മുന്നറിയിപ്പ്” എന്ന അവകാശവാദത്തോടെ ഒരു സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രത്യേകിച്ച് വാട്സാപ്പിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പ്രചാരണത്തിൻ്റെ വാസ്തവമന്വേഷിച്ച് നിരവധി പേരാണ് മാതൃഭൂമി ഫാക്ട് ചെക്കിന്‍റെ ടിപ്പ് ലൈനുമായി ബന്ധപ്പെട്ടത്. എന്നാൽ ഈ പ്രചാരണം വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം.

വസ്തുത പരിശോധനയ്ക്കായി വാട്സാപ്പിൽ ലഭിച്ച സന്ദേശത്തിൻ്റെ സ്ക്രീൻഷോട്ട്.

അന്വേഷണം

പ്രചരിക്കുന്ന സന്ദേശത്തിൽ ‘എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ, ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഇന്റർനാഷണൽ എയർപോർട്ട് AOCC ടവർ, നാലാം നില, ടെർമിനൽ 1B, ഇന്ത്യ’, എന്ന വിലാസം നൽകിയതായി കാണാം. അന്വേഷണത്തിൽ സന്ദേശത്തിൽ നൽകിയിരിക്കുന്നത് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ AOCCയുടെ വിലാസമാണ് എന്ന് കണ്ടെത്തി. പ്രചരിക്കുന്ന സന്ദേശത്തിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ട് നോക്കിയെങ്കിലും ഈ നമ്പർ ഉപയോഗത്തിലില്ലെന്ന വിവരമാണ് ലഭിച്ചത്. മാത്രമല്ല വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറുകൾ വ്യത്യസ്തവുമാണ്.

https://csmia-mumbai.adaniairports.com/en/contact-us

പോലീസോ വിമാനത്താവള അധികൃതരോ ഇത്തരമൊരു ജാഗ്രതാ നിർദ്ദേശം നൽകിയതായിട്ടുണ്ടോ എന്ന് പരിശോധിച്ചു. എന്നാൽ ഇത്തരമൊരു അറിയിപ്പ് ഔദ്യോഗികമായി ആരും പുറപ്പെടുവിച്ചിട്ടില്ലെന്ന് കണ്ടെത്തി. മാത്രമല്ല സമാന സന്ദേശം വർഷങ്ങളായി ഇൻ്റർനെറ്റിൽ പ്രചാരത്തിലുണ്ടെന്ന റിപ്പോർട്ടുകൾ പരിശോധനയിൽ ലഭിച്ചു. എട്ട് വർഷങ്ങൾക്ക് മുൻപ് ഇതേ സന്ദേശം പെട്രോൾ പമ്പുകളുടെ (ഗ്യാസ് സ്റ്റേഷനുകൾ) പേരിലും പ്രചരിച്ചിരുന്നു. തുടർന്നുള്ള പല വർഷങ്ങളിലും ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കർശന സുരക്ഷാ ചട്ടങ്ങൾ പാലിച്ചാണ് എയർപോർട്ടുകളിൽ ഡൊമസ്റ്റിക്, ഇൻറർനാഷണൽ ടെർമിനലുകളുടെ പ്രവർത്തനം. പ്രചാരണങ്ങളിൽ പറയുന്നതുപോലെ എയർപോർട്ടിനുള്ളിൽ ഇത്തരം കച്ചവടക്കാരെ അനുവദിക്കില്ല. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 'ട്രാക്കിങ് ചിപ്പുള്ള കീച്ചെയിൻ' വർഷങ്ങളായി പ്രചരിക്കുന്ന വ്യാജ സന്ദേശമാണെന്ന് വ്യക്തമായി.

വാസ്തവം

വിമാനത്താവള അധികൃതരോ പോലീസോ ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയിട്ടില്ല. വർഷങ്ങളായി പ്രചരിക്കുന്ന വ്യാജ സന്ദേശമാണിത്.

Content Highlights: The viral message claiming tracking chips are hidden in airport keychains is false., No police or airport authorities have issued such a warning., This hoax has been circulating on the internet in various forms for several years., Airport security protocols strictly prohibit unauthorized vendors within terminal areas., Official contact numbers in the viral message are invalid and unrelated to airport operations.