ഖത്തറിലെ അമേരിക്കൻ കോൺസുലേറ്റ് ഇറാൻ തകർത്തതിന്‍റെ ദൃശ്യങ്ങളോ ഇത്? | Fact Check

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി അമേരിക്കയ്ക്ക് മുന്നിൽ ഇറാൻ വച്ചത് കടുത്ത നിബന്ധനകളായിരുന്നു. ഉപരോധങ്ങൾ പൂർണ്ണമായി നീക്കണമെന്നും യുദ്ധ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഗിർ സോൾഗാദർ ആവശ്യപ്പെട്ടത്. മാത്രമല്ല, അമേരിക്ക കരയാക്രമണത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ കരസേന കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി ജഹാൻഷാഹിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ ഖത്തറിലെ അമേരിക്കൻ കോൺസുലേറ്റ് ഇറാന്‍റെ മിസാൈലാക്രമണത്തിൽ തകർന്നു എന്ന വാദത്തോടെ വീഡിയോ പ്രചരിക്കാൻ തുടങ്ങി. ഇറാൻ സൈന്യത്തിന്‍റെ പേര് നൽകിയിരിക്കുന്ന ഒരു എക്സ് അക്കൗണ്ടിൽ നിന്നാണിത്. എന്നാൽ, ഈ പ്രചാരണം വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം.
Officially, the US consulate in Qatar is out of service after the Iranian bombing that completely destroyed it.
pic.twitter.com/z9EIZKONeh— IRGC (@IRGC_Press) August 7, 2026
പൂർണമായി തീയിൽ അകപ്പെട്ട കെട്ടിടവും അതിൽനിന്ന് കനത്ത പുകച്ചുരുളുകൾ ആകാശത്തേക്ക് ഉയരുന്നതുമാണ് വൈറൽ ദൃശ്യങ്ങളിൽ. വീഡിയോയിൽനിന്നു കീ ഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നും ഇതേ വീഡിയോ മുൻ വർഷം എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. സിറിയൻ ന്യൂസ് ഹോംലാൻറ് എന്ന ഹാൻറിലിൽനിന്നും 2025 ഏപ്രിൽ 23-നാണിത് പോസ്റ്റ് ചെയ്തിരിക്കുന്നത്. സിറിയയിലെ അലപ്പോയ്ക്ക് കിഴക്കുള്ള അൽ-ബാബ് പ്രദേശത്തെ ഒരു പെട്രോൾ പമ്പിൽ ഉണ്ടായ തീപ്പിടുത്തം എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന വിവരണം.
.حريق ضخم في مدينة #الباب بريف #حلب الشرقي يعتقد أنه في محطة وقود. pic.twitter.com/PitjDsrf2K
— أخبار سوريا الوطن Syrian (@SyriawatanNews) April 22, 2025
ഈ പോസ്റ്റിൽനിന്ന് ലഭിച്ച സൂചനകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അപകടത്തെക്കുറിച്ചുള്ള മറ്റ് വാർത്തകൾ കണ്ടെത്തി. 2025 ഏപ്രിൽ 22-നായിരുന്നു അപകടം, ഇന്ധന കൈമാറ്റത്തിനിടെ ഉണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. പെട്രോൾ പമ്പും സമീപത്തുള്ള വീടുകളും മറ്റ് കെട്ടിടങ്ങളും അഗ്നിക്കരിയായി. ഇരുപത്തിയെട്ട് പേർക്ക് തീപ്പിടുത്തത്തിൽ പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമായിരുന്നെന്നും വാർത്തയിലുണ്ട്. തുർക്കിയിലെ സ്പെക്ട്രം റേഡിയോയുടെ ഫേസ്ബുക്ക് പേജിലും ഇതേ അപകടത്തിന്‍റെ മറ്റൊരു ആങ്കിളിലുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അൽ ബാബിലെ, അൽ-ബൗസി ഗ്യാസ് സ്റ്റേഷനിലാണ് അപകടം നടന്നതെന്നാണ് ഇതിൽ പറയുന്നത്.
ഖത്തറിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളില്ല. അതേസമയം, ദോഹയ്ക്ക് സമീപമുള്ള അമേരിക്കൻ സൈനിക താവളമായ അൽ ഉദൈദ് എയർബേസിന് നേരെ മിസൈലാക്രമണം നടത്തിയിരുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം. 2025-ൽ സിറിയയിലെ അൽ ബാബിൽ ഒരു പെട്രോൾ പമ്പിൽ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.
Content Highlights: Viral video claims to show an Iranian missile strike destroying the US embassy in Qatar., Reverse image search reveals the video is actually from an April 2025 fuel station fire in Al-Bab, Syria., No reports exist of an Iranian attack on the US consulate in Qatar, confirming the claim is false.