ട്രംപ് പങ്കെടുത്ത വിരുന്നിലെ വെടിവെപ്പ്: സൂത്രധാരൻ ഇന്ത്യക്കാരനാണെന്ന പ്രചാരണം വ്യാജം | Fact Check

ഇക്കഴിഞ്ഞ ഏപ്രിൽ 26-നായിരുന്നു വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വെടിവെപ്പ് നടന്നത്. വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം. വെടിയുതിർത്ത കോൾ തോമസ് അലൻ എന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയും ചെയ്തു.
സംഭവത്തിൽ പിടിയിലായ അലനുമായി ബന്ധപ്പെടുത്തി രണ്ട് സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അലൻ ഇന്ത്യൻ വംശജനാണെന്നും അദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യൻ വംശജയായ പ്രിയങ്ക റാവു ആണെന്നുമാണ് പ്രചരിക്കുന്ന സന്ദേശങ്ങളിൽ ആരോപിക്കുന്നത്. പാക് പ്രൊപ്പഗണ്ട ഹാൻഡിലുകളാണ് പ്രചാരണത്തിന് പിന്നിൽ. ഈ വാദങ്ങളെല്ലാം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക്ഡെസ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
പ്രചരിക്കുന്ന സന്ദേശം-1
അത്താഴവിരുന്നിനിടെ വെടിയുതിർത്ത കോൾ തോമസ് അലൻ എന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതിന്റെ ചിത്രമാണ് പോസ്റ്റിൽ. അലനെ നിലത്ത് കമഴ്ത്തിക്കിടത്തി കൈകൾ പിറകിലേക്ക് വച്ച് വിലങ്ങണിയിച്ചതായി ഇതിൽ കാണാം. ഇതിനൊപ്പം നൽകിയ വിവരണത്തിൽ പറയുന്നത്- “വൈറ്റ് ഹൗസിൽ ട്രംപിനെ ആക്രമിച്ച വ്യക്തി ഇന്ത്യൻ-ആഫ്രിക്കൻ വംശജനാണെന്ന് പ്രാദേശിക യുഎസ് മാധ്യമപ്രവർത്തകൻ പറഞ്ഞു." എന്നാണ്.
ഈ പോസ്റ്റിൽ പറയുന്നത് വൈറ്റ് ഹൗസിൽ വച്ച് ട്രംപിനെ ആക്രമിച്ചു എന്നാണ്. എന്നാൽ, അമേരിക്കൻ പ്രസിഡൻറിന്റെ ഔദ്യോഗിക വസതിയിൽ വച്ചല്ല മറിച്ച്, വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന അത്താഴ വിരുന്നിനിടെ ആയിരുന്നു വെടിവെപ്പ് നടന്നത്. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയാണ് പിടിയിലായ കോൾ തോമസ് അലൻ (31).
പാർട്ട് ടൈം അധ്യാപകനായും വീഡിയോ ഗെയിം ഡെവലപ്പറായും പ്രവർത്തിച്ചിരുന്ന അലൻ, ഭരണകൂടത്തോടുള്ള വിദ്വേഷം മൂലമാണ് ഇത്തരമൊരു ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. തന്റെ സഹോദരന് തീവ്രമായ നിലപാടുകൾ ഉണ്ടായിരുന്നുവെന്നും സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ 'എന്തെങ്കിലും' ചെയ്യുമെന്ന് അയാൾ നേരത്തെ സൂചിപ്പിച്ചിരുന്നതായും അലന്റെ സഹോദരി അവ്രിയാന അലൻ അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോടും പോലീസിനോടും വെളിപ്പെടുത്തിയതായി അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. പിടിയിലായ അലൻ ഇന്ത്യൻ വംശജനാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളൊന്നുംതന്നെ ഇല്ല.
പ്രചരിക്കുന്ന സന്ദേശം - 2
“31 വയസ്സുള്ള കോൾ ടോമസ് അലൻ, തന്റെ ഇന്ത്യൻ വംശജയായ ഭാര്യ പ്രിയങ്ക റാവുവിനൊപ്പം.” എന്ന സന്ദേശത്തിനൊപ്പം അലൻ, സൽവാർ കമ്മീസ് ധരിച്ച ഒരു പെൺകുട്ടിക്കൊപ്പം നിൽക്കുന്നതിന്റെയും കൂടാതെ പ്രിയങ്ക റാവു എന്ന പേരിലുള്ള പാസ്പോർട്ടിന്റെയും ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്.
പോസ്റ്റിൽ കാണുന്ന പാസ്പോർട്ടിന്റെ ചിത്രം വിശദാമായി പരിശോധിച്ചാൽ അതിൽ ദേശീയത (Nationality) രേഖപ്പെടുത്തേണ്ട സ്ഥാനത്ത് "Cole Tomas Allen" എന്നാണ് എഴുതിയിരുന്നത് എന്ന് കാണാം. പാസ്‌പോർട്ടിൽ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത പിഴവാണിത്. കൂടാതെ, പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ഫോട്ടോ സാധാരണ ചിത്രങ്ങളിൽനിന്നു വ്യത്യസ്തമായി അതിവ്യക്തയുള്ളതും സ്മൂത്തുമാണ്. എഐ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളിൽ കാണുന്ന പ്രത്യേകതയാണിത്. ഈ ചിത്രം യഥാർത്ഥമല്ല എന്ന സൂചനയാണിത് നൽകുന്നത്.
എ എ ഡിറ്റക്കഷൻ ടൂൾ ഉപയോഗിച്ച് രണ്ട് ചിത്രങ്ങളും പരിശോധിച്ചു. ഇവ 99% എഐ ജെനറേറ്റഡ് അല്ലെങ്കിൽ ഡീപ്പ് ഫേക്ക് ആണെന്ന ഫലമാണ് ലഭിച്ചത്. മാത്രമല്ല, പിടിയിലായ അലന് ഭാര്യയോ കാമുകിയോ ഉള്ളതായി മുഖ്യധാര മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല. ഇതിൽനിന്നു പ്രചാരണങ്ങൾ വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
Content Highlights: Confirmed the shooting occurred at the Washington Hilton, not the White House., Identified the suspect as Cole Thomas Allen, a resident of Torrance, California., Debunked claims regarding the suspect's Indian heritage and his alleged wife, Priyanka Rao., Analyzed viral images using AI detection tools, confirming they are deepfakes., Verified that no mainstream media reports link the suspect to any Indian-origin spouse.