മുഖ്യമന്ത്രി വിജയ്‌യെ ‘അണ്ണൻ’ എന്ന് വിളിച്ച് തൃഷ ജന്മദിനാശംസകൾ നേർന്നോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

ജൂൺ 22-നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് തന്റെ 52-ാം പിറന്നാൾ ആഘോഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ സിനിമാ താരങ്ങളായ കമൽഹാസൻ, നയൻതാര, കീർത്തി സുരേഷ് തുടങ്ങി പലരും അദ്ദേഹത്തിന് ആശംസകൾ നേർന്നു. എങ്കിലും, നടി തൃഷയുടെ മൗനമാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ, തൃഷ വിജയ്‌യെ 'അണ്ണൻ' എന്ന് അഭിസംബോധന ചെയ്ത് ജന്മദിനാശംസകൾ നേർന്നു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് എക്സിൽ പ്രചരിക്കാൻ തുടങ്ങി. വിജയ്‌യെ 'അണ്ണൻ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള തൃഷയുടെ എക്സ് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് എന്ന തരത്തിലാണിത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

എല്ലാ വർഷവും പിറന്നാൾ ദിനത്തിൽ വിജയുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് തൃഷ അദ്ദേഹത്തിന് ആശംസകൾ നേരാറുണ്ട്. എന്നാൽ, ഇത്തവണ അതുണ്ടായില്ല. ദളപതി മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ജന്മദിനത്തിലെ ആശംസ അഭാവം വാർത്താ, സാമൂഹിക മാധ്യമങ്ങളിൽ റിപ്പോർട്ടുകളുമായി. അതിനിടെ തൃഷ ഇൻസ്റ്റഗ്രാമിൽനിന്ന് വിജയ്‌യെ അൺഫോളോ ചെയ്തന്നെ റിപ്പോർട്ടുകളും വന്നു.

മുഖ്യമന്ത്രി വിജയ്‌യും തൃഷയും തമ്മിലുള്ള സൗഹൃദവും, വിവാഹബന്ധം വേർപ്പെടുത്തണം എന്നാവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കുടുംബ കോടതിയിൽ നൽകിയ ഹർജിയും കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ ചർച്ചാവിഷയമായിരുന്നു. ഈ സാഹചര്യത്തിൽ നടി വിജയ്‌യെ സഹോദരൻ എന്ന് അഭിസംബോധന ചെയ്ത് പിറന്നാളാശംസ നേർന്നിരുന്നെങ്കിൽ തീർച്ചയായും അത് വൈറലാവുകയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തേനെ. എന്നാൽ, അങ്ങനെയുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല.

വിജയ്‌യുടെ ജന്മദിനത്തിൽ തൃഷ ആശംസകൾ നേർന്നില്ലെന്ന മാതൃഭൂമി ഇംഗ്ലീഷ് ഡോട്ട് കോമിന്‍റെ വാർത്ത ഇതിനൊപ്പം നൽകുന്നു. https://english.mathrubhumi.com/movies-music/music/trisha-unfollows-actor-politician-vijay-skips-birthday-wish-has-something-changed-between-the-two-ml7wqs32

നടി തൃഷയുടെ ഔദ്യോഗിക എക്സ് (X) അക്കൗഡ് ഉൾപ്പടെയുള്ള സമൂഹമാധ്യമപേജുകളെല്ലാം പരിശോധിച്ചു. എന്നാൽ, ഇത്തരത്തിലുള്ള പോസ്റ്റും കണ്ടെത്താനായില്ല. തുടർന്ന് എഐ ഇമേജ് ഡിറ്റക്ഷൻ ടൂളുപയോഗിച്ച് നടത്തിയ പരിശോധനയിൽ ചിത്രം എഡിറ്റ് ചെയ്ത് വ്യാജമായി നിർമ്മിച്ചതാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതം.

Content Highlights: Clarifies that the viral screenshot of Trisha calling CM Vijay 'brother' is fake., Confirms the image was created using AI manipulation tools., Notes that Trisha did not publicly wish CM Vijay on his 2026 birthday., Addresses ongoing rumors regarding the relationship between the actor-politician and the actress.