ആഭ്യന്തരമന്ത്രി താൻ തന്നെയെന്ന് തിരുവഞ്ചൂർ രാധാകൃഷണൻ പറഞ്ഞോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

രാഹുൽ ഗാന്ധിയുമായി കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തുന്ന ചർച്ചകൾക്ക് ശേഷം കേരള മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേരളം.

ഇതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയത്ത് നിന്നുള്ള നിയുക്ത എംഎൽഎയും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയും നിലവിൽ കെപിസിസിയുടെ സംസ്ഥാനതല അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാക്യഷണനുമായി ബന്ധപ്പെട്ട് ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “മുഖ്യമന്ത്രി ആരേലും ആവട്ടെ ആഭ്യന്തരമന്ത്രി അത് ഞാൻ തന്നെ ആയിരിക്കും” എന്ന് തിരുവഞ്ചൂർ പറഞ്ഞെന്ന തരത്തിൽ ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്.  

പ്രചരിക്കുന്ന സന്ദേശത്തിൻ്റെ സ്ക്രിൻഷോട്ട്

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട്, കെ.പി.സി.സി മുൻ അധ്യക്ഷന്മാരായ എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ, കേരള കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽ കുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ ഡൽഹിയിലെത്ത് ഹൈക്കമാൻറുമായി ചർച്ച നടത്തിയിരുന്നു. ഹൈക്കമാൻഡ് തീരുമാനം എന്തുതന്നെ ആയാലും അംഗീകരിക്കുമെന്നാണ് എല്ലാവരും ചർച്ചയിൽ വ്യക്തമാക്കിയത് എന്നാണ് പുറത്തുവന്ന വിവരം. ഇതല്ലാതെ മുഖ്യമന്ത്രി തിരഞ്ഞടുപ്പുമായോ മന്ത്രിസ്ഥാനവുമായോ ബന്ധപ്പെട്ട് ഒരു പ്രതികരണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയിട്ടില്ല.
പ്രചാരണത്തിൻ്റെ വസ്തുത അറിയാനായി മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് തിരുവഞ്ചൂർ രാധക്യഷ്ണനുമായി ഫോണിലൂടെ ബന്ധപ്പെട്ടു. ഈ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന്‌ അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരായി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Viral claim suggesting Thiruvanchoor Radhakrishnan demanded the Home Ministry post is false., No official statement made by Radhakrishnan regarding ministerial portfolios., Thiruvanchoor Radhakrishnan has filed a formal complaint with the State Police Chief against the fake campaign., Congress leaders are currently in Delhi discussing the CM candidate selection with the High Command.