ബോളിവുഡ് താരം ശിൽപ ഷെട്ടി സംവരണത്തിനെതിരെ പ്രസ്താവന നടത്തിയോ? | Fact Check

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് വിദ്യാഭ്യാസരംഗത്ത് സമഗ്ര പരിഷ്കാരവും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് നടന്ന സിജെപി സമരത്തിന് ശേഷം മറ്റൊരു ക്യാമ്പയിൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. 'റിസർവേഷൻ ഹഠാവോ ആന്ദോളൻ'.
സംവരണ വിരുദ്ധ നിലപാടുള്ള ഈ ഇൻസ്റ്റഗ്രാം പേജിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഇതിനകം 6 ദശലക്ഷത്തോളമായിക്കഴിഞ്ഞു. ഇതിന് പിന്നാലെ ‘ബോളിവുഡ് താരം ശിൽപ ഷെട്ടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സംവരണത്തെ വിമർശിച്ചു’ എന്ന അവകാശവാദത്തോടെ ഒരു സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
ശിൽപ ഷെട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് പ്രൊഫൈലുകൾ പരിശോധിച്ചെങ്കിലും സംവരണവിരുദ്ധമായ പോസ്റ്റുകളൊന്നും കണ്ടെത്താനായില്ല. മാത്രമല്ല, തന്റെ പേരിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് താരം ഔദ്യോഗിക ഇൻസ്റ്റാഗ്രാം, എക്സ് അക്കൗണ്ടുകളിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്. അപ്പോൾ പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതമാകാനാണ് സാധ്യത. ഇത് സ്ഥിരീകരിക്കുന്നതായി എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് ചിത്രം പരിശോധിച്ചു. വൈറൽ ഫോട്ടോ ഡിജിറ്റലി മാനിപ്പുലേറ്റഡാണ് എന്ന ഫലമാണ് ലഭിച്ചത്.
വാസ്തവം
ശിൽപ ഷെട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന സംവരണവിരുദ്ധ പോസ്റ്റ് വ്യാജമാണ്. പ്രചരിക്കുന്ന സ്ക്രീൻഷോട്ട് എഐ നിർമ്മിതം.
Content Highlights: Viral screenshot of Shilpa Shetty's alleged anti-reservation post is fake., No such content found on her official social media profiles., Shilpa Shetty has publicly clarified that the claim is false., AI detection tools confirm the image was digitally manipulated.