രാഹുൽ ഗാന്ധിയുടേയും എൻവിഡിയ സി.ഇ.ഒ. ജൻസൻ്റെയും കൂടെ നിൽക്കുന്നത് ചാരവനിതയായ ആലീസ് ഹുവാങോ? | Fact Check

#ഷിബിന വാസുദേവൻ

ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായ എൻവിഡിയയുടെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ ജൻസൻ ഹുവാങിന് ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങുമായ് ബന്ധമുണ്ടെന്ന വിവരം വലീയ വിവാദങ്ങൾക്കാണ് ഇടയാക്കിയത്. ഇതേ ആലീസ് ഹുവാങുമായി രാഹുൽ ഗാന്ധിക്കും ബന്ധമുണ്ടെന്ന തരത്തിൽ ചില വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാഹുൽ ഗാന്ധി നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ഒരു നൈറ്റ് ക്ലബ്ബിൽ ആലീസ് ഹുവാങിൻ്റെ കൂടെ പാർട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിന് പുറമേ ജൻസൻ ചൈനീസ് ചാരവനിതയുമായുള്ള ഫോട്ടോകൾ എന്ന തരത്തിലും ചില ചിത്രങ്ങൾ വൈറലായിട്ടുണ്ട്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ ഈ രണ്ട് പ്രചാരണങ്ങളും വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

വീഡിയോ 1

പ്രചരിക്കുന്ന ഈ വീഡിയോയിൽ നിന്നുള്ള കീഫ്രെയ്മുകൾ റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. 2022-ൽ രാഹുൽ ഗാന്ധി നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള നൈറ്റ് ക്ലബ്ബിൽ ചൈന നയതന്ത്രജ്ഞയായ ഹൗ യാൻക്വിയുമായി പാർട്ടി നടത്തി എന്ന തരത്തിലും ഇതേ ദൃശ്യങ്ങൾ ബിജെപി ഹാൻ്റിലുകൾ പ്രചരിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണത്തിന് പിന്നാലെ തന്റെ സുഹൃത്തും മുൻ സി.എൻ.എൻ (CNN) അന്താരാഷ്ട്ര പ്രതിനിധിയുമായ സുമ്നിമ ഉദാസിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി നേപ്പാളിലെ കാഠ്മണ്ഡുവിൽ എത്തിയതെന്നു വ്യക്തമാക്കി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചതായി കണ്ടെത്തി. കാഠ്മണ്ഡുവിലെ 'ലോർഡ് ഓഫ് ദി ഡ്രിങ്ക്സ്' (LOD) എന്ന നൈറ്റ് ക്ലബ്ബിൽ നിന്നുള്ളതാണ് പ്രചരിക്കുന്ന വീഡിയോ.

https://www.facebook.com/bhupen.kunwar.961/posts/1178048219674462?ref=embed_post

വീഡിയോയിലുള്ള സ്ത്രീ ആരാണെന്ന തുടർന്ന് പരിശോധിച്ചു. ഇവർ ചൈനീസ് സ്ഥാനപതിയല്ലെന്ന് വധു സുമ്നിമ ഉദാസും(മ്യാൻമറിലെ മുൻ നേപ്പാളി അംബാസഡർ ഭീം ഉദാസിന്റെ മകളാണ് സുമ്നിമ.) സഹോദരൻ സമ്യക് ഉദാസും സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. സുമ്നിമ മുൻപ് സി.എൻ.എൻ ഹോങ്കോംഗ് ബ്യൂറോയിൽ ജോലി ചെയ്തിരുന്ന കാലത്തെ അടുത്ത സുഹൃത്തും സ്ക്രിപ്റ്റ് റൈറ്ററുമായ ഹോങ്കോംഗ് സ്വദേശിനിയായ സ്ത്രീയാണത് എന്നാണ് അവർ വ്യക്തമാക്കിയത്.

ചിത്രം 2

പ്രചരിക്കുന്ന പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട്

ജൻസൻ ഹുവാങ് അലീസ് ഹുവാങ് എന്ന ചൈനീസ് ചാരവനിതയോടൊപ്പം നിൽക്കുന്ന ചിത്രം എന്ന തരത്തിലാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വൈറലായ ചിത്രം റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, 2024 ജൂൺ 5-ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച വാർത്ത കണ്ടെത്തി. 2024 ജൂൺ 4-ന് തായ്‌വാനിലെ തായ്‌പേയിൽ നടന്ന കോംപോടെക്സ് 2024 ട്രേഡ് ഷോയിൽവെച്ച് എൻവിഡിയ സി.ഇ.ഒ ജൻസൻ ഹുവാങ്ങിന് ചുറ്റും ആരാധകർ തടിച്ച് കൂടിയപ്പോഴുള്ള ചിത്രമാണിത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പരിപാടിക്കിടെ എത്തിയ ഒരു യുവതി തന്റെ വസ്ത്രത്തിൽ ഒപ്പിട്ടു നൽകാൻ ഹുവാങ്ങിനോട് ആവശ്യപ്പെട്ടു. ഹുവാങ് വസ്ത്രത്തിൽ ഒപ്പിട്ടു നൽകിയതിൻ്റെ ചിത്രവും അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷവും ചിത്രവും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

2024 ജൂണിൽ ചൈനീസ് മാധ്യമങ്ങളും എൽ.ടി.എൻ വാർത്താ പോർട്ടലും നൽകിയ റിപ്പോർട്ടുകൾ പ്രകാരം, ഈ ചിത്രം പങ്കുവെച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ട്`@emma.i.do0629` ആണെന്ന് കണ്ടെത്തി. പ്രൊഫൈൽ പരിശോധിച്ചതിൽനിന്ന് ഇത് എമ്മ ലിൻ എന്ന സ്ത്രീയുടെ അക്കൗണ്ടാണെന്നും ചെെനീസ് പശ്ചാത്തലമുള്ള വ്യക്തിയല്ലെന്നും വ്യക്തമായി.

വാസ്തവം

രാഹുൽ ഗാന്ധിയുടെയും എൻവിഡിയ സി.ഇ.ഒ. ജൻസൻ ഹുവാങിൻ്റെയും കൂടെ നിൽക്കുന്നത് ചാരവനിതയായ ആലീസ് ഹുവാങിനാണെന്ന ഈ പ്രചാരണം വ്യാജമാണ്.

Content Highlights: Social media claims that Rahul Gandhi and Nvidia CEO Jensen Huang are pictured with a Chinese spy named Alice Huang are false., The video of Rahul Gandhi is from a friend's wedding in Kathmandu, Nepal, featuring a CNN journalist friend, not a Chinese diplomat., The photo of Jensen Huang is from Computex 2024 in Taipei, where a fan requested an autograph on her clothing.