പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രി ആകാൻ തയ്യാറാണെന്ന് കെ.വി തോമസ് പറഞ്ഞെന്ന പ്രചാരണം വ്യാജം | Fact Check

കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം മുറുകുകയാണ്. ഇതിനിടെ മുൻ കോൺഗ്രസ് നേതാവും പിണറായി വിജയൻ സർക്കാരിന്റെ ഡൽഹി പ്രതിനിധിയുമായ കെവി തോമസുമായി ബന്ധപ്പെട്ട് ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രി ആവാൻ തയ്യാറാണ്, ഡൽഹിയിൽ കേരളത്തിന് വേണ്ടി പ്രതിനിധിയായത് സിപിഎഎം ആവശ്യപ്പെട്ടത് കൊണ്ട്, സിപിഎമ്മുമായി ഒരു ബന്ധവുമില്ല" എന്ന് കെ വി തോമസ് പറഞ്ഞു എന്ന വാദത്തോടെ ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്.
എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവായിരുന്ന കെ വി തോമസിനെ 2022ലാണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇതിനു പിന്നാലെ ഇടത് മുന്നണിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയ അദ്ദേഹത്തെ 2023 ജനുവരിയിൽ ക്യാബിനറ്റ് പദവിയോടെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കുകയ്യും ചെയ്തിരുന്നു.
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ ഒരു പ്രസ്താവന കെ.വി തോമസ് നടത്താൻ സാധ്യയില്ല. മാത്രമല്ല കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശൻ വരണമെന്ന അഭിപ്രായം കെ.വി തോമസ് രേഖപ്പെടുത്തിയിരുന്നു. സതീശന്റെ ഭരണനൈപുണ്യവും പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികച്ച പ്രവർത്തനവും അദ്ദേഹത്തെ ഈ പദവിക്ക് അർഹനാക്കുന്നുവെന്നായിരുന്നു തോമസ് പറഞ്ഞത്. കൂടാതെ സിപിഎമ്മിനെതിരായ പരാമർശങ്ങൾ കെ.വി തോമസ് നടത്തിയിരുന്നെങ്കിൽ അത് വലിയ വാർത്ത ആകുമായിരുന്നു. എന്നാൽ അത്തരം റിപ്പോർട്ടുകളൊന്നും തന്നെയില്ല.
പ്രചാരണത്തിൻ്റെ വസ്തുത അറിയാനായി മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് കെ.വി തോമസുമായി ഫോണിലൂടെ ബന്ധപ്പെട്ടു. ചിലർ സമൂഹമാധ്യമങ്ങളിലൂടെ പടച്ചുവിടുന്ന വ്യാജ പ്രചാരണമാണ് ഇത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
Content Highlights: Viral claim suggesting KV Thomas is ready to be CM is false., KV Thomas confirmed to Mathrubhumi that the social media post is fabricated., KV Thomas previously endorsed VD Satheesan for the CM role., The report confirms no such statement was made against the CPM.