വിശപ്പ് സഹിക്കാനാകാതെ കേരളത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

'വിശപ്പ് സഹിക്കാനാകാതെ പെൺകുട്ടി ആത്മഹത്യ ചെയ്തു' എന്ന വാദത്തോടെ ഒരു പത്ര കട്ടിംഗ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതി ദാരിദ്ര്യമുക്ത കേരളമോ ഇത് എന്ന പരിഹാസത്തോടെയാണ് പ്രചാരണം. ഇതിന് ചുവടുപിടിച്ച് ഒട്ടേറെപ്പേർ സർക്കാരിനെ വിമർശിച്ച് ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ തുടങ്ങി. എന്നാൽ, ഈ പ്രചാരണം വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം. സമാന പ്രചാരണം മുൻപും നടന്നിരുന്നു അന്ന് ഇതിന്‍റെ സത്യാവസ്ഥ വ്യക്തമാക്കി മാതൃഭൂമി നൽകിയ ഫാക്ട് ചെക്ക് വായിക്കാം.
വിശപ്പ് സഹിക്കാനാകാതെ കേരളത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്‌തോ? | Fact Check | Mathrubhumi

പ്രചരിക്കുന്ന ചിത്രം

പ്രചരിക്കുന്ന പത്ര കട്ടിംഗിൽ ഈ സംഭവം നടന്നത് എപ്പോഴാണെന്ന് വ്യക്തമല്ല. വിശദമായ പരിശോധനയിൽ ഇതേ ചിത്രം 2016 മുതൽ പ്രചരിക്കുന്നതായാണ് കണ്ടെത്തിയത്. ഒരു ദിനപത്രത്തിൽ ഈ വാർത്ത പ്രസിദ്ധീകരിച്ചതിന്‍റെ ചിത്രം ലഭിച്ചു. അതിന്‍റെ മാസ്റ്റ് ഹെഡിനോട് ചേർന്ന് '22 ഏപ്രിൽ 2016' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത സംഭവം നടന്നത് 2016-ലാണ് എന്ന് ഇതിൽനിന്നു വ്യക്തമായി.

2021-ൽ ഈ പ്രചാരണത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ച് അന്ന് കണ്ണൂർ റൂറൽ എസ്.പി. ആയിരുന്ന നവനീത് ശർമയുമായി ബന്ധപ്പെട്ടിരുന്നു. വീട്ടിലെ ചില പ്രശ്‌നങ്ങൾ മൂലമുണ്ടായ മനോവിഷമത്താലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് അദ്ദേഹം പറഞ്ഞത്. ജോലിയാവശ്യത്തിനായി ശ്രുതിയുടെ അച്ഛനും അമ്മയും മറ്റൊരു സ്ഥലത്തായിരുന്നു താമസം. കുട്ടിയുടെ അനുജനും അവർക്കൊപ്പമായിരുന്നു, ട്യൂഷനുള്ളതുകൊണ്ട് ശ്രൂതി അമ്മൂമ്മയോടൊപ്പമാണ് താമസിപ്പിച്ചിരുന്നത്. അത് കുട്ടിക്ക് സ്വീകാര്യമായിരുന്നില്ല. മാത്രമല്ല, പല ആരോഗ്യപ്രശ്‌നങ്ങൾ കാരണം അമ്മൂമ്മയ്ക്ക് കുട്ടിയുടെ ആഗ്രഹാനുസരണം ഭക്ഷണം ഉണ്ടാക്കി നൽകാൻ സാധിച്ചിരുന്നില്ല എന്നതും കുട്ടിയുടെ മനോവിഷമത്തിനു കാരണമായിട്ടുണ്ടാവാം എന്നും ഇതല്ലാതെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതുപോലെ പട്ടിണി മൂലമല്ല കുട്ടി ആത്മഹത്യ ചെയ്ത‌ത് എന്നുമാണ് നവനീത് ശർമ്മ വ്യക്തമാക്കിയിരുന്നത്.
വിശപ്പ് സഹിക്കാനാകാതെ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്‌തെന്ന് വ്യാജ പ്രചരണം | Mathrubhumi TV

വിശപ്പുമൂലം പെൺകുട്ടി ആത്മഹത്യ ചെയ്‌തുവെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2016-ലെ വാർത്തയാണ് ഇപ്പോഴത്തേതെന്ന തരത്തിൽ പ്രചരിക്കുന്നത്. മാത്രമല്ല, വാർത്തയിൽ പറയുന്നതുപോലെ പട്ടിണിമൂലമല്ല കുട്ടി ആത്മഹത്യ ചെയ്‌തത്‌. മറിച്ച്, വീട്ടിലെ ചില പ്രശ്‌നങ്ങൾ മൂലമുണ്ടായ മനോവിഷമത്തിലാണ് എന്ന് പോലീസിൻ്റെ അന്വേഷണത്തിൽ അന്ന് കണ്ടെത്തിയിരുന്നു.

Content Highlights: Viral social media post claiming death by hunger is false., The news clipping dates back to April 22, 2016., Police investigation confirmed suicide was due to personal family issues, not starvation., The misleading post is being used to spread misinformation against the government., Verification based on official police statements from the time of the incident.