ഹോർമുസിൽ ഇറാന്‍റെ ആക്രമണത്തിൽ തകർന്ന ഇന്ത്യൻ കപ്പലിന്‍റെ ചിത്രമോ ഇത്? | Fact Check

പശ്ചിമേഷ്യയിൽ യുദ്ധഭീതി വിതച്ച് ഇറാൻ-യു.എസ് ആക്രമണം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാന്‍റെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയേയും മറ്റ് നയതന്ത്രജ്ഞരേയും വിളിച്ചുവരുത്തിയിരുന്നു.
ഈ പശ്ചാത്തലത്തിൽ, ഇന്ത്യയിലേക്ക് പോവുകയായിരുന്ന എൽപിജി ടാങ്കറിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തി എന്ന വാദത്തോടെ ഒരു ചിത്രം എക്സിൽ പ്രചരിക്കാൻ തുടങ്ങി. ഒരു കപ്പലിൽനിന്ന് തീയും പുകയും ഉയരുന്നതാണ് ചിത്രത്തിൽ.
ജൂലൈ 7-ാം തീയതിയോടെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള സായുധ സംഘർഷം വീണ്ടും ശക്തമായത്. ഇതിനിടെയായിരുന്നു രണ്ട് യു.എ.ഇ. എണ്ണടാങ്കറുകൾക്കുനേരെ ഇറാൻ സൈന്യം നടത്തിയ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന എട്ടുപേർക്ക് പരിക്കേറ്റതിൽ ആറുപേരും ഇന്ത്യക്കാരാണ്, ഇതിൽ നലുപേരുടെ നില ഗുരുതരമാണെന്നാണ് റപ്പോർട്ടുകൾ.
വീണ്ടും സംഘർഷം തുടങ്ങിയ ശേഷം ഇന്ത്യൻ കപ്പലുകൾ ആക്രമിക്കപ്പെട്ടതായുള്ള റിപ്പോർട്ടുകളില്ല. അതേസമയം, നിലവിലെ സംഘർഷ സാഹചര്യത്തിൽ ഇന്ത്യൻ പതാകയേന്തിയ 7 കപ്പലുകളും അതിലെ 148 നാവികരും പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘർഷം കുറയുന്നത് വരെ സുരക്ഷ മുൻനിർത്തി ഈ കപ്പലുകൾ അവിടെത്തന്നെ തുടരാനാണ് സാധ്യത. മാത്രമല്ല, ഇന്ത്യൻ കപ്പലുകളെയും ഇന്ത്യക്കാർ ജോലിചെയ്യുന്ന വിദേശകപ്പലുകളെയും കേന്ദ്രം നിരീക്ഷിക്കുന്നതായും പി.ടി.ഐ റിപ്പോർട്ടിലുണ്ട്.
ഇന്ത്യൻ കപ്പൽ ആക്രമിക്കപ്പെട്ടെന്ന വാദം തെറ്റാണെന്ന് വ്യക്തമായി. തുടർന്ന് പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ച് അന്വേഷിച്ചു. റിവേഴ്സ് ഇമേജ് സർച്ച് ചെയ്തതിൽ നിന്നും ഈ ചിത്രത്തിന്‍റെ ഉറവിടം കണ്ടെത്തി. 2025 ഒക്ടോബർ 18-ന് യെമനിലെ ഏദൻ തീരത്തോട് അടുത്തുവെച്ച് കാമറൂൺ എൽപിജി ടാങ്കർ എംവി ഫാൽക്കണിൽ തീപ്പിടുത്തം ഉണ്ടായതിന്‍റെ ചിത്രമാണിത്. കപ്പലിൽ ശക്തമായ സ്ഫോടനവും അതിനെത്തുടർന്ന് തീപ്പിടിത്തവും ഉണ്ടാവുകയായിരുന്നു. ഒമാനിൽ നിന്ന് ജിബൂട്ടിയിലേക്ക് പോവുകയായിരുന്നു കപ്പൽ. കപ്പലിലുണ്ടായിരുന്ന ഉക്രൈൻ സ്വദേശിയായ ക്യാപ്റ്റനെയും 23 ഇന്ത്യൻ നാവികരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി ജിബൂട്ടിയിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ. അപകടത്തിൽ ഇന്ത്യക്കാരായ രണ്ട് നാവികരെ കാണാതായതായും കാമറൂൺ മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയിലുണ്ട്. ആദ്യഘട്ടത്തിൽ ഇതൊരു ഹൂതി ആക്രമണമാണെന്ന് സംശയിച്ചിരുന്നെങ്കിലും, കപ്പലിനകത്തുണ്ടായ സ്ഫോടനമാണ് അപകട കാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഈ പഴയ അപകടത്തിന്റെ ചിത്രമാണ് തെറ്റായ തരത്തിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
Content Highlights: Viral image of burning ship is from an October 2025 incident involving MV Falcon., No reports of Indian ships being attacked in the current 2026 Iran-US conflict., 148 Indian sailors are currently safe in the Persian Gulf under government observation., Confirmed that the image is being used out of context to spread misinformation.