ജർമൻ ടീമിന്‍റെ കളിയാസ്വദിച്ച് ഗ്യാലറിയിൽ ഹിറ്റ്‌ലറിനെപ്പോലൊരാൾ! യാഥാർഥ്യമറിയാം | Fact Check

2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഇ-യിൽ ആദ്യ മത്സരത്തിൽ അരങ്ങേറ്റക്കാരായ കുറക്കാവോയെ ജർമ്മനി 7-1 എന്ന കൂറ്റൻ സ്കോറിന് പരാജയപ്പെടുത്തിയിരുന്നു. കുറക്കാവോയ്ക്കുമേൽ ഗോൾ മഴയായി ജർമൻപട പെയ്തിറങ്ങുന്നതും നോക്കി ടെക്സസിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നിൽക്കുന്ന ഒരാളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ജർമൻ ജഴ്സിയണിഞ്ഞ ആ കളിയാസ്വാദകന്‍റെ രൂപം, ഇരുപതാം നൂറ്റാണ്ട് കണ്ട അതിക്രൂരനായ ഏകാധിപതികളിൽ ഒരാളായ അഡോൾഫ് ഹിറ്റ്‌ലറുടേതിന് സമാനം. ലോകം ചർച്ച ചെയ്ത ഈ ചിത്രം പക്ഷെ യഥാർത്ഥമല്ല എന്നതാണ് വാസ്തവം.
കുറക്കാവോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് നേരിട്ടുകൊണ്ട് ജർമനി മുന്നേറുമ്പോഴായിരുന്നു ഹിറ്റ്‌ലറുടെ രൂപസാദൃശ്യം ഉള്ളയാളെ കാണിച്ചതെന്നാണ് സ്ക്രീനിലെ മത്സര വിവരങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഗ്യാലറിയിൽ സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാൻ പലതരം വേഷങ്ങളിലെത്തുന്ന ആരാധകരുണ്ട്, അത്തരത്തിൽ ഒരാൾ ഇങ്ങനെ വേഷം കെട്ടിവരികയും അത് കളിക്കിടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നെങ്കിൽ സ്വാഭാവികമായും കൗതുകകരമായ സംഭവം എന്ന തരത്തിൽ വാർത്ത വന്നേനെ. എന്നാൽ, അങ്ങനെയുള്ള റിപ്പോർട്ടുകളൊന്നും കണ്ടില്ല. തുടർന്ന് ഈ ചിത്രം അടിസ്ഥാനമാക്കി നടത്തിയ വിശദമായ പരിശോധനയിൽ, ഒരാൾ സമാന പശ്ചാത്തലത്തിലുളള മറ്റൊരു ചിത്രം എക്സിൽ പോസ്റ്റ് ചെയ്തതായി കണ്ടു. “ഇതാണ് യഥാർത്ഥ ചിത്രം” എന്ന് രേഖപ്പെടുത്തിയുള്ള പോസ്റ്റ് ചുവടെ കാണാം.
വൈറൽ ചിത്രത്തിൽനിന്ന് വ്യത്യസ്തമായി ഇതിൽ ഹിറ്റ്‌ലറുടെ രൂപസാദൃശ്യമുള്ളയാൾക്ക് പകരം മറ്റൊരാളാണ് ഉള്ളത്. ഇതൊഴിച്ച്, ചുറ്റും നിൽക്കുന്ന മറ്റുള്ളവരെല്ലാം രണ്ട് ചിത്രങ്ങളിലുമുണ്ട്. ‘എക്സി’ലെ ഈ ചിത്രവും യഥാർത്ഥമാണോ എന്ന് ഉറപ്പിക്കുന്നതിനായി അന്നത്തെ മത്സരത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിച്ചു. മത്സരത്തിന്‍റെ ആദ്യ പകുതിയുടെ അവസാനത്തിൽ ലഭിച്ച പെനാൽറ്റിയിൽ നിന്നായിരുന്നു ജർമനിയുടെ മൂന്നാം ഗോൾ പിറന്നത്. കായ് ഹാവേർട്സ് നേടിയ ആ ഗോളിൽ ഗ്യാലറിയിൽ ഉയർന്ന ആരവങ്ങളിൽ ‘യഥാർത്ഥ’ ആരാധകരെ കണ്ടെത്തി. ഇവ താരതമ്യം ചെയ്തത് ചുവടെ ചേർക്കുന്നു.
യഥാർത്ഥ ചിത്രം എന്ന വാദത്തോടെ ‘എക്സ്’ പോസ്റ്റിൽ നൽകിയിരിക്കുന്ന ഫോട്ടോയിൽ കാണുന്നവരെ വീഡിയോയിലും കണ്ടെത്തി. പ്രചരിക്കുന്ന പോസ്റ്ററിലുള്ള ഹിറ്റ്‌ലറുടെ രൂപസാദൃശ്യമുള്ള വ്യക്തി മത്സര വീഡിയോയിലില്ല. ഇയാളുടെ സ്ഥാനത്ത് ‘എക്സി’ൽ പങ്കുവച്ച ചിത്രത്തിലുള്ള വ്യക്തിയാണുള്ളത്. ഇതിൽനിന്നു വൈറൽ ചിത്രം എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് വ്യക്തമായി. ഇത് തെളിയിക്കുന്നതിനായി ഹിറ്റ്‌ലർ ചിത്രം ടൂളുകളുടെ സഹായത്തോടെ പരിശോധിച്ചു. ഓപ്പൺ എഐയുടെ ടൂളുകൾ ഉപയോഗിച്ചാണ് ഈ ചിത്രം സൃഷ്ടിച്ചിരിക്കുന്നതെന്ന പരിശോധനാ ഫലമാണ് ലഭിച്ചത്. പ്രചാരണം വ്യാജമാണെന്ന് ഇതിലൂടെ സ്ഥിരീകരിക്കാം.
ഓപ്പൺ എഐ പരിശോധനാഫലത്തിന്‍റെ സ്ക്രീൻഷോട്ട്.
Content Highlights: Viral image of a Hitler lookalike at the 2026 Germany vs Curacao match is digitally manipulated., The image was analyzed using AI detection tools confirming it was generated or edited., Comparison with original match footage confirms the person in the viral photo was not present., The original, unaltered crowd shot shows a different spectator in that location.